ഫ്ലോറിഡ: യൂറോപ്യൻ ചാമ്പ്യന്മാരായ പി.എസ്.ജി ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബാൾ സെമി ഫൈനലിൽ. കരുത്തരുടെ നേരങ്കം കണ്ട ക്വാർട്ടറിൽ ഫ്രഞ്ച് ക്ലബ് ഒമ്പതുപേരിലേക്ക് ചുരുങ്ങിയിട്ടും ബയേണിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് വീഴ്ത്തിയത്.
സെമിയിൽ സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡാണ് എതിരാളികൾ. മറ്റൊരു ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വീഴ്ത്തിയാണ് റയലിന്റെ സെമി പ്രവേശനം. ജർമൻ സൂപ്പർ താരം ജമാൽ മുസിയാല ഗുരുതര പരിക്കേറ്റ് മടങ്ങിയ കളിയിൽ പി.എസ്.ജിക്കായി ഡിസയർ ഡൂവെയും ഉസ്മാനെ ഡെംബലെയും സ്കോർ ചെയ്തു. കളിയിലുടനീളം ആധിപത്യം പുലർത്തിയിട്ടും ജർമൻ അതികായർ വല കുലുക്കാനാകാതെ മടങ്ങി.
ആദ്യപകുതി ഗോൾരഹിതമായാണ് പിരിഞ്ഞത്. 78ാം മിനിറ്റിൽ ഡിസയർ ഡൂവെയലൂടെ പി.എസ്.ജി ലീഡെടുത്തു. ഹാരി കെയ്നിൽനിന്ന് പന്ത് തട്ടിയെടുത്ത ജോവോ നെവസ് നൽകിയ അസിസ്റ്റിൽനിന്നാണ് ഡൂവെയുടെ ഗോൾ. അവസാന നിമിഷങ്ങളിൽ സമനില ഗോളിനായി ബയേണിന്റെ നീക്കങ്ങളൊന്നും ഫലംകണ്ടില്ല. ഇതിനിടെ ഹാരി കെയ്ൻ വലകുലുക്കിയെങ്കിലും ഓഫ്സൈഡ് ട്രാപ്പിൽ കുടുങ്ങി.
82ാം മിനിറ്റിൽ പ്രതിരോധ താരം വില്യം പാച്ചോ ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയതോടെ പി.എസ്.ജി പത്തുപേരിലേക്ക് ചുരുങ്ങി. ലിയോൺ ഗോരെത്സകയെ ഫൗൾ ചെയ്തതിനാണ് താരത്തിന് ചുവപ്പ് കാർഡ് കിട്ടിയത്. ഇൻജുറി ടൈമിൽ (92ാം മിനിറ്റിൽ) ഫുൾ ബാക്ക് ലൂകാസ് ഹെർണാണ്ടസിനും ചുവപ്പ് കാർഡ്, പി.എസ്.ജി ഒമ്പതുപേരായി. ഈ അവസരം മുതലെടുക്കാൻ ജർമൻ ക്ലബിനായില്ല.
ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ (96ാം മിനിറ്റിൽ) ഉസ്മാൻ ഡെംബല പി.എസ്.ജിയുടെ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു. ജർമൻ സൂപ്പർതാരം തോമസ് മുള്ളറുടെ അവസാന മത്സരമായിരുന്നു ഇത്. നിശ്ചിത സമയം അവസാനിക്കാൻ 10 മിനിറ്റ് ബാക്കി നിൽക്കെ മുള്ളറെ പിൻവലിച്ച് കിങ്സ്ലി കോമാനെ ഇറക്കിയിരുന്നു. 35കാരനായ മുള്ളറുടെ ബയേണിനൊപ്പമുള്ള 17 വർഷത്തെ യാത്രക്കാണ് ഇതോടെ അവസാനമായത്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ