ന്യൂഡൽഹി: തോൽവികൾ തുടർക്കഥയായതോടെ ഇന്ത്യൻ ഫുട്ബാൾ ടീം മുഖ്യപരിശീലകൻ മനോലോ മാർക്വസ് സ്ഥാനമൊഴിഞ്ഞു. പരസ്പര സമ്മതത്തോടെ പിരിയാൻ തീരുമാനിക്കുകയായിരുന്നെന്ന് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്) ഡെപ്യൂട്ടി സെക്രട്ടറി ജനറൽ കെ. സത്യനാരായണ പറഞ്ഞു. ഒരു വർഷം കരാർ ബാക്കിയുണ്ടെങ്കിലും സ്ഥാനമൊഴിയാൻ അനുവദിക്കണമെന്ന മാർക്വേസിന്റെ അപേക്ഷ എ.ഐ.എഫ്.എഫ് എക്സിക്യുട്ടിവ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
ഇരു കക്ഷികൾക്കും സാമ്പത്തിക ബാധ്യതയില്ലാതെയാണ് തീരുമാനം. മുഖ്യപരിശീലക സ്ഥാനത്തേക്ക് ആളെ തേടി ഉടൻ പരസ്യം ചെയ്യുമെന്നും സത്യനാരായണ പറഞ്ഞു. കഴിഞ്ഞ വർഷം ജൂണിൽ രണ്ടു വർഷത്തെ കാലാവധിക്കാണ് സ്പാനിഷ് പരിശീലകനെ നിയമിച്ചത്. 2024-25 സീസണിൽ ഐ.എസ്.എൽ ടീമായ എഫ്.സി ഗോവയുടെ മുഖ്യപരിശീലകനെന്നനിലയിൽ കഴിഞ്ഞ വർഷം ഇരട്ട റോളിലായിരുന്നു മാർക്വേസ് പ്രവർത്തിച്ചത്.
ജൂൺ 10ന് നടന്ന എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ ദുർബലരായ ഹോങ്കോങ്ങിനോട് 1-0ന് തോറ്റതാണ് മാർക്വേസിന്റെ പുറത്തേക്കുള്ള വഴിക്ക് പെട്ടെന്നുണ്ടായ കാരണമെന്നാണ് സൂചന. 2027ലെ ഏഷ്യാകപ്പിലേക്ക് യോഗ്യത നേടാനുള്ള സാധ്യതയാണ് ഈ തോൽവിയോടെ നഷ്ടമായത്.
മാർക്വേസിന്റെ ശിക്ഷണത്തിൽ ഇന്ത്യ എട്ടു മത്സരങ്ങളിൽനിന്ന് ഒരു വിജയം മാത്രമാണ് നേടിയത്. മാർച്ചിൽ മാലദ്വീപിനെതിരെയായിരുന്നു ഒരേയൊരു നേട്ടം. ഈ വർഷം ഇന്ത്യ കളിച്ച നാലു മത്സരങ്ങളിൽ ഒന്നു വീതവും ജയവും സമനിലയും രണ്ടു തോൽവിയുമാണ് ഫലം. മോശം പ്രകടനം ആവർത്തിച്ചതോടെ മുൻ നായകനും സൂപ്പർ സ്ട്രൈക്കറുമായ സുനിൽ ഛേത്രി ടീമിലേക്ക് മടങ്ങിയെത്തിയതും ഗുണം ചെയ്തില്ല.
ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിന്റെ മൂന്നാം റൗണ്ടിൽ സിംഗപ്പൂരിനെതിരെയാണ് ഇന്ത്യയുടെ അടുത്ത അന്താരാഷ്ട്ര മത്സരം. ഹോങ്കോങ്ങിനെതിരായ മത്സരത്തിന് മുമ്പുതന്നെ രാജിവെക്കാനുള്ള ആഗ്രഹം എ.ഐ.എഫ്.എഫിനെ മാർേക്ക്വസ് അറിയിച്ചിരുന്നെന്നും റിപ്പോർട്ടുണ്ട്. നിരവധി ഇന്ത്യൻ ക്ലബുകളെ പരിശീലിപ്പിച്ച മാർക്വേസ് ഇന്ത്യൻ ഫുട്ബാളിൽ ഏറ്റവും കൂടുതൽ കാലം സേവനമനുഷ്ഠിച്ച വിദേശ പരിശീലകരിൽ ഒരാളാണ്.
സൂപ്പർ കപ്പ്, ഐ.എസ്.എൽ കിരീടമുൾപ്പെടെ നേടിയിട്ടുണ്ട്. ഇന്ത്യയിലേക്കു വരും മുമ്പ് സ്പെയിനിൽ ടോപ് ലീഗ് ഡിവിഷനിൽ ലാസ് പാൽമാസിനെയും തേഡ് ഡിവിഷനിൽ ലാസ് പാൽമാസ്ബി, എസ്പാന്യോൾ ബി, ബദാലോന, പ്രാറ്റ്, യൂറോപ എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്. 2026 ഫുട്ബാൾ ലോകകപ്പ് യോഗ്യതക്കുള്ള മൂന്നാം റൗണ്ടിലേക്ക് പ്രവേശിക്കാനാകാതെ പോയതിനു പിന്നാലെയായിരുന്നു സ്റ്റിമാക്കിനെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് എ.ഐ.എഫ്.എഫ് പുറത്താക്കിയത്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ