ആറ് മത്സരം ശേഷിക്കെ ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കി പി.എസ്.ജി

സീസണിൽ ഇതുവരെ ഒരു മത്സരത്തിലും പരാജയപ്പെടാതെ ഫ്രഞ്ച് ലീഗ് കിരീടം സ്വന്തമാക്കി പി.എസ്.ജി. 28 മത്സരങ്ങളിൽ 23 ജയവും അഞ്ച് സമനിലയുമായി 74 പോയിന്റോടെയാണ് പി.എസ്.ജിയുടെ കിരീടനേട്ടം. 28 മത്സരങ്ങളിൽ 15 ജയവും അഞ്ച് സമനിലയും എട്ട് തോൽവിയുമുള്ള മൊണോക്കോയാണ് രണ്ടാം സ്ഥാനത്ത്. 50 പോയിന്റാണ് മൊണോക്കോക്ക് ഉള്ളത്.

കഴിഞ്ഞ ദിവസം ആഗേഴ്സിനെതിരായ മത്സരം 1-0ത്തിന് ജയിച്ചതോടെയാണ് പി.എസ്.ജി കിരീടം ഉറപ്പിച്ചത്. 55 മിനിറ്റിൽ ഡിസിറെ ഡ്യുവാണ് പി.എസ്.ജിയുടെ വിജയഗോൾ നേടിയത്. വരുന്ന ആറ് മത്സരങ്ങളിലും തോൽക്കാതിരുന്നാൽ തോൽവിയറിയാതെ ലീഗിൽ കിരീടം നേടിയ ഏക ടീമായി പി.എസ്.ജി മാറും.

പി.എസ്.ജിയുടെ പതിമൂന്നാം ലീഗ് കിരീടമാണ് ഇത്. 2012 സീസണ് ശേഷമാണ് ഈ 13 കിരീടങ്ങളിൽ 11 എണ്ണവും പി.എസ്.ജി നേടിയത്. ഒരു മത്സരവും തോൽക്കാതെ സീസൺ പൂർത്തിയാക്കുയാണ് ലക്ഷ്യമെന്ന് ടീം മാനേജർ ലുയിസ് എൻറികെ പറഞ്ഞു.ആരും ഒരു മത്സരം പോലും തോൽക്കാതെ ഫ്രാൻസിൽ ഇതിന് മുമ്പ് കിരീടം നേടിയിട്ടില്ല. അത് നേടുകയാണ് തങ്ങളുടെ ലക്ഷ്യം. അത് ഞങ്ങളുടെ ചാമ്പ്യൻസ്‍ലീഗിലെ പ്രകടനത്തേയും സ്വാധീനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിരീടങ്ങൾ ചരിത്രത്തിൽ നിലനിൽക്കുമെന്നായിരുന്നു നേട്ടത്തിന് പിന്നാലെയുള്ള പി.എസ്.ജി ക്യാപ്റ്റൻ മാർക്വിഞ്ഞോസിന്റെ പ്രതികരണം. മറ്റ് കിരീടങ്ങളെല്ലാം നേടിയിട്ടും ലീഗിൽ ചാമ്പ്യൻമാരായില്ലെങ്കിൽ അത് തനിക്ക് വിഷമമുണ്ടാക്കുന്ന സംഭവമാണ്. രണ്ട് തവണ താൻ ആ വിഷമം അനുഭവിച്ചിട്ടുണ്ടെന്നും പി.എസ്.ജി ക്യാപ്റ്റൻ പറഞ്ഞു.

From: Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/EfjJIw6

Leave a Comment