
ബംഗളൂരു: ഐ.എസ്.എല്ലിൽ തങ്ങളുടെ അവസാന മത്സരത്തിൽ ബംഗളൂരുവിനെ വീഴ്ത്തി മുംബൈ സിറ്റി എഫ്.സി പ്ലേഓഫിൽ കടന്നു. പ്ലേ ഓഫിലേക്ക് സമനില മാത്രം മതിയായിരുന്ന മുംബൈ എതിരില്ലാത്ത രണ്ടു ഗോളോടെ ആറാം സ്ഥാനം പിടിച്ചു. ലാലിയൻ സുവാല ചാങ്തെ, നിക്കോളാസ് കരേലിസ് (പെനാൽറ്റി) എന്നിവർ ഗോൾ നേടി.മുംബൈയുടെ ജയത്തോടെ ഒഡിഷ എഫ്.സി പ്ലേഓഫിൽനിന്ന് പുറത്തായി. 38 പോയന്റ് വീതമുള്ള ബംഗളൂരു, നോർത്ത് ഈസ്റ്റ്, ജംഷഡ്പൂർ എന്നീ ടീമുകളിൽ ലീഗ് റൗണ്ടിലെ ഗോൾ ശരാശരിയിൽ നോർത്ത് ഈസ്റ്റാണ് മൂന്നാമത്.
എന്നാൽ, ഐ.എസ്.എൽ നിയമ പ്രകാരം, പ്ലേഓഫ് യോഗ്യത നേടുന്ന ടീമുകളുടെ പോയന്റ് തുല്യനിലയിലായാൽ, ലീഗ് റൗണ്ടിൽ ഈ ടീമുകൾ പരസ്പരം ഏറ്റുമുട്ടിയതിലെ പോയന്റ് ആദ്യവും ഗോൾ ശരാശരി രണ്ടാമതും പരിഗണിക്കും. ഇതുപ്രകാരം, നോർത്ത് ഈസ്റ്റിനെതിരെ രണ്ടുജയവും ജംഷഡ്പൂരിനെതിരെ ഒരു ജയവും തോൽവിയുമായി 4-2ന്റെ ശരാശരി സ്കോറും നേടിയ ബംഗളൂരു മൂന്നാം സ്ഥാനത്തേക്ക് കയറി. ജംഷഡ്പൂരിനെതിരെ രണ്ടു ജയം കുറിച്ച നോർത്ത് ഈസ്റ്റ് നാലാമതെത്തി. ബംഗളൂരു, നോർത്ത് ഈസ്റ്റ് ടീമുകൾ ഹോം മൈതാനത്ത് പ്ലേ ഓഫ് കളിക്കും.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/9Ar0tCm