
ഐ.എസ്.എൽ ലീഗ് ഷീൽഡ് നേടിയ മോഹൻ ബഗാൻ ടീം (ഫയൽ ചിത്രം)
മലപ്പുറം: ഇന്ത്യൻ സൂപ്പർ ലീഗ് 11ാം സീസണിന്റെ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു. ലീഗ് റൗണ്ട് പോരാട്ടങ്ങളിൽ പോയന്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്സും പതിനൊന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്.സിയും തമ്മിലെ മത്സരം മാത്രമാണ് ഇനി നടക്കാനുള്ളത്. 24 കളിയിൽ 17 ജയവും 5 സമനിലയും 2 തോൽവികളുമായി 56 പോയന്റ് നേടി ലീഗ് വിന്നേഴ്സ് ഷീൽഡ് നേടിയ മോഹൻബഗാനാണ് സെമി ഫൈനൽ ഉറപ്പാക്കിയ ആദ്യ ടീം.
14 ജയവും 6 സമനിലയും 4 തോൽവിയുമായി 48 പോയന്റ് നേടിയ എഫ്.സി ഗോവയും പോയന്റ് നിലയിൽ രണ്ടാം സ്ഥാനത്തെത്തിയതോടെ സെമിഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടി. മൂന്ന് മുതൽ ആറ് വരെ സ്ഥാനത്തുള്ള ബാക്കി നാല് ടീമുകൾ സെമിഫൈനലിനായി പ്ലേ ഓഫ് കളിക്കും. 38 പോയന്റുകൾ തുല്യമായി പങ്കിട്ട നോർത്ത് ഈസ്റ്റ് യുനൈറ്റഡ്, ബംഗളൂരു എഫ്.സി, ജാംഷഡ്പുർ എഫ്.സി, 36 പോയന്റുള്ള മുംബൈ സിറ്റി എഫ്.സി എന്നീ ടീമുകളാണ് പ്ലേ ഓഫിൽ കൊമ്പുകോർക്കുക. മാർച്ച് 29 മുതലാണ് പ്ലേ ഓഫ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഏപ്രിൽ 13നാണ് കലാശപ്പോരാട്ടം.
കലിപ്പടക്കാതെ കൊമ്പൻമാർ
കഴിഞ്ഞ മൂന്ന് സീസണുകളിൽ തുടർച്ചയായി പ്ലേ ഓഫ് കളിച്ച ബ്ലാസ്റ്റേഴ്സ് ഇത്തവണ ഒമ്പതാം സ്ഥാനത്താണ്. ഹൈദരാബാദ് എഫ്.സിയുമായുള്ള ഒരു കളി ബാക്കിനിൽക്കെ 28 പോയന്റുകളാണ് ടീമിന്റെ സമ്പാദ്യം. മികച്ച ടീമുണ്ടായിട്ടും മൈതാനത്ത് കാര്യങ്ങൾ അനുകൂലമായില്ല. സീസണിന്റെ പകുതിയിൽ പരിശീലകൻ മിക്കേൽ സ്റ്റാറെയെ പുറത്താക്കേണ്ടിയുംവന്നു.
അസിസ്റ്റന്റ് കോച്ചായിരുന്ന ടി.ജി. പുരുഷോത്തമനാണ് പിന്നീട് കൊമ്പൻമാരെ പരിശീലിപ്പിച്ചത്. ടീം മാനേജ്മെന്റുമായി തെറ്റിയ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയുടെ എതിർപ്പും ടീമിന് തിരിച്ചടിയായി. കലൂരിലെ ഗാലറിയിൽ മാനേജ്മെന്റിനെതിരെയുള്ള മുദ്രാവാക്യം വിളികളും പോസ്റ്ററുകളും നിറഞ്ഞു. സാധാരണ ആരാധകരുടെ തള്ളിക്കയറ്റമുണ്ടാകാറുള്ള ഹോം ഗ്രൗണ്ടിൽ പല കളികൾക്കും ഗാലറി ഒഴിഞ്ഞുകിടന്നു. മുംബൈയുമായി അവസാന ഹോം മത്സരത്തിന് 3567 കാണികൾ മാത്രമാണ് കൊച്ചിയിലെത്തിയത്.
വടക്കുകിഴക്കൻ കുതിപ്പ്
സീസണിൽ അപ്രതീക്ഷിത പ്രകടനം നടത്തിയ ഒരു ടീം ജാംഷഡ്പുർ എഫ്.സിയായിരുന്നു. കഴിഞ്ഞ സീസണിൽ 11ാം സ്ഥാനത്തായിരുന്ന ടീം ഇത്തവണ അഞ്ചാം സ്ഥാനത്തേക്കുയർന്ന് പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. മലയാളി താരങ്ങളായ സനാന്റെയും ഉവൈസിന്റെയും കരുത്തിൽ 10 ജയവും എട്ട് സമനിലയുമാണ് ടീമിന്റെ സമ്പാദ്യം. കഴിഞ്ഞ തവണ ഏഴാമതായിരുന്ന നോർത്ത് ഈസ്റ്റ് യുനൈറ്റഡ് ഇത്തവണ മൂന്നാമതെത്തി മികവ് തെളിയിച്ചു. ഗോൾഡൻ ബൂട്ട് പട്ടികയിൽ ഒന്നാമതുള്ള ഗോളടി മാന്ത്രികൻ അലാഡിൻ അജാറൈയുടെ മികവിൽ ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
10 ജയവും എട്ട് സമനിലയും ടീമിനുണ്ട്. ആറ് കളിയിൽ മാത്രമാണ് നോർത്ത് ഈസ്റ്റ് പരാജയമറിഞ്ഞത്. സീസണിൽ ആദ്യ ലീഗ് മത്സരത്തിനിറങ്ങിയ മുഹമ്മദൻസ് എഫ്.സി തീർത്തും നിരാശപ്പെടുത്തി. ആകെ കളിച്ച 24 മത്സരങ്ങളിൽ ആകെ രണ്ടെണ്ണത്തിൽ മാത്രമാണ് ടീമിന് ജയിക്കാനായത്. ഈസ്റ്റ് ബംഗാൾ, പഞ്ചാബ് എഫ്.സി, ചെന്നൈയിൻ എഫ്.സി. ഹൈദരാബാദ് എഫ്.സി ടീമുകളും സീസണിൽ നിരാശപ്പെടുത്തി.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/TbvpN2x