
ലണ്ടൻ: കരുത്തരായ മാഞ്ചസ്റ്റർ സിറ്റിയെയും വീഴ്ത്തി പ്രീമിയർ ലീഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിന്‍റെ കുതിപ്പ് തുടരുന്നു. മറുപടിയില്ലാത്ത ഒരുഗോളിനായിരുന്ന സിറ്റിയുടെ തോൽവി.
ഹഡ്സൺ ഒഡോയ് ആണ് നോട്ടിങ്ഹാമിന്‍റെ വിജയഗോൾ നേടിയത്. തുടർ തോൽവികളുമായി പോയന്റ് പട്ടികയിൽ ഒത്തിരി പിന്നാക്കം പോയ ശേഷം വിജയ വഴി തിരഞ്ഞുകണ്ടുപിടിച്ച് ആദ്യ നാലിൽ വീണ്ടും കയറിപ്പറ്റിയ ഇത്തിഹാദുകാർക്ക് നോട്ടിങ്ഹാമിന്‍റെ തട്ടകത്തിലേറ്റത് ഞെട്ടിക്കുന്ന തോൽവി. കളിയും കളവും നിറഞ്ഞിട്ടും ഗോളടിക്കാൻ മറന്നും നിർഭാഗ്യം വഴിമുടക്കിയുമായിരുന്നു സിറ്റി വീഴ്ച. അവസാന മിനിറ്റുകൾ വരെയും ഇരു ടീമും ഗോളില്ലാതെ ഒപ്പം നിന്ന കളിയിൽ 83ാം മിനിറ്റിലാണ് ഹഡ്സൺ ഒഡോയ് ആതിഥേയർക്കായി ഗോൾ നേടുന്നത്. ഗിബ്സ് വൈറ്റ് ആയിരുന്നു അസിസ്റ്റ്.
സിറ്റിയുടെ കേളീശൈലിയെ പ്രതിരോധം കോട്ടകെട്ടി തടഞ്ഞുനിർത്തിയും പ്രത്യാക്രമണത്തിൽ ഗോളിനരികെയെത്തിയുമായിരുന്നു നോട്ടിങ്ഹാമിന്റെ പ്രകടനം. കെവിൻ ഡി ബ്രുയിനും ഉമർ മർമൂഷും ഇറങ്ങാൻ വൈകിയത് സിറ്റിയുടെ മുന്നേറ്റത്തെ ബാധിച്ചു. സീസണിൽ ടീമിന്റെ ഒമ്പതാം തോൽവിയാണിത്. സിറ്റി നാലാം സ്ഥാനത്ത് തുടരുന്നുവെങ്കിലും ഇന്ന് ചെൽസി ലെസ്റ്ററിനെതിരെ ജയിച്ചാൽ താഴോട്ടിറങ്ങും. അതേ സമയം, നോട്ടിങ്ഹാം മൂന്നാം സ്ഥാനത്ത് സിറ്റിയെക്കാൾ നാലു പോയിന്റ് അകലമാക്കി.
കഴിഞ്ഞ വർഷാവസാനം തോൽവിക്കഥകളിലേക്ക് കൂപ്പുകുത്തിയ സിറ്റിക്ക് വരും മത്സരങ്ങളിൽ വൻതിരിച്ചുവരവ് നടത്താനായില്ലെങ്കിൽ ദുരന്തം ഇരട്ടിയാകും. അവസാന ഒമ്പതു കളികളിൽ അഞ്ചും തോറ്റ ടീമിന് പെപ്പിനു കീഴിൽ ഏതറ്റം വരെ പോകാനാകുമെന്നതാണ് വലിയ ആധി. ചാമ്പ്യൻസ് ലീഗ് അടുത്ത സീസണിൽ പ്രിമിയർ ലീഗിൽനിന്ന് നാലിനു പകരം അഞ്ചു ടീമുകൾക്ക് ഇടം ലഭിക്കും.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/v72WMVN