
കൊച്ചി: ഐ.എസ്.എല്ലിൽ അവസാന ഹോം മത്സരം ജയിച്ചുകയറി കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ മുംബൈ സിറ്റി എഫ്.സിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പ വീഴ്ത്തിയത്.
മത്സരത്തിന്‍റെ 52ാം മിനിറ്റിൽ ക്വാമി പെപ്രയാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയ ഗോൾ നേടിയത്. ജയത്തോടെ പഞ്ചാബ് എഫ്.സിയെ മറികടന്ന് ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തേക്ക് കയറി. അവസാന മിനിറ്റുകളിലെ മുംബൈ ആക്രമണങ്ങളെ പ്രതിരോധിച്ചാണ് സീസണിലെ അവസാന ഹോം മത്സരം ജയിച്ച് കൊച്ചിയിൽനിന്ന് ബ്ലാസ്റ്റേഴ്സ് തലയുയർത്തി മടങ്ങുന്നത്.
മാർച്ച് 12ന് ഹൈദരാബാദ് എഫ്.സിക്കെതിരെ അവരുടെ തട്ടകത്തിലാണ് സീസണിലെ ബ്ലാസ്റ്റേഴ്സിന്‍റെ അവസാന മത്സരം. നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന് 23 കളികളിൽ 28 പോയന്‍റാണ്. ഏഴാംസ്ഥാനത്തുള്ള മുംബൈക്ക് പ്ലേ ഓഫ് ഉറപ്പിക്കണമെങ്കിൽ അവസാന മത്സരം ജയിക്കണം.
ജാംഷഡ്പൂർ എഫ്.സിക്കെതിരെ കലൂരിൽ നടന്ന മത്സരത്തിൽ സെൽഫ് ഗോളിന്‍റെ വീഴ്ചയിൽ സമനിലയായതോടെയാണ് ബ്ലാസ്റ്റേഴ്സിൽ ചെറുതായെങ്കിലും ശേഷിച്ചിരുന്ന പ്ലേ ഓഫ് സാധ്യത പൂർണമായും തകർന്നത്.
പ്ലേ ഓഫിൽ കയറിപ്പറ്റാൻ സാധിച്ചില്ലെങ്കിലും സീസണിലുടനീളം നല്ല പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ബ്ലാസ്റ്റേഴ്സ് നേതൃത്വം. 23 മത്സരങ്ങളില്‍നിന്ന് ഇതുവരെ 36 ഗോളുകള്‍ വഴങ്ങിയ ടീം 2020-21 സീസണിലെ റെക്കോഡിനൊപ്പമാണ്.
from Madhyamam: Latest Malayalam news, Breaking news | മലയാളം വാർത്തകൾ https://ift.tt/rPZ6Ist