മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും അർജന്റീനയുടെയും പ്രതിരോധനിരയുടെ കരുത്തനായ ലിസാൻഡ്രോ മാർട്ടിനെസിന് കനത്ത തിരിച്ചടി. പ്രീമിയർ ലീഗ് മത്സരത്തിനിടെ ഇടത് കാൽമുട്ടിന് പരിക്കേറ്റ താരത്തിന് ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ നഷ്ടമാകും.
ഞായറാഴ്ച ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ സെനഗൽ താരം ഇസ്മയില സാറിനെ ടാക്കിൾ ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് മാർട്ടിനെസിന് പരിക്കേറ്റത്. കാൽ വളഞ്ഞുപോയ താരം ഉടൻ തന്നെ കളം വിടുകയായിരുന്നു. കണ്ണീരോടെയാണ് താരത്തെ സ്ട്രെച്ചറിൽ കയറ്റി കൊണ്ടുപോയത്.
മാർട്ടിനെസിന്റെ ഇടത് കാൽമുട്ടിലെ ക്രൂസിയേറ്റ് ലിഗമെന്റിന് പരിക്കേറ്റതായി സ്ഥിരീകരിച്ചു. ശസ്ത്രക്രിയ ആവശ്യമുള്ള താരം എട്ട് മാസത്തോളം കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടിവരും. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബാക്കി സീസണിലെ മത്സരങ്ങൾ നഷ്ടമാകുന്നതിനൊപ്പം 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളും താരത്തിന് നഷ്ടമാകും. മാർച്ചിൽ ഉറുഗ്വേ, ബ്രസീൽ, ജൂണിൽ ചിലി, കൊളംബിയ, സെപ്റ്റംബറിൽ വെനിസ്വേല, ഇക്വഡോർ എന്നീ ടീമുകൾക്കെതിരെയുള്ള മത്സരങ്ങളാണ് മാർട്ടിനെസിന് നഷ്ടമാകുക.
വലത് കാൽമുട്ടിന് നിരവധി പ്രശ്നങ്ങൾ നേരിട്ടിരുന്ന മാർട്ടിനെസിന് ഇപ്പോൾ ഇടത് കാൽമുട്ടിനാണ് പരിക്ക്. മാർച്ചിൽ ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരെ നടക്കാനിരിക്കുന്ന നിർണായക മത്സരങ്ങൾക്ക് മുന്നോടിയായി അർജന്റീനയുടെ പരിശീലകൻ ലയണൽ സ്കലോണിക്ക് ക്രിസ്റ്റ്യൻ റൊമേറോയ്ക്ക് പുറമെ മാർട്ടിനെസിന്റെ അഭാവവും തിരിച്ചടിയാകും.