ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബ് ഫുട്ബോളിൽ 700 വിജയങ്ങൾ എന്ന നാഴികക്കല്ല് പിന്നിട്ടു
ഫുട്ബോൾ ലോകത്തിന് അഭിമാനിക്കാവുന്ന ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബ്ബ് ഫുട്ബോളിൽ 700 വിജയങ്ങൾ എന്ന അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഈ പോർച്ചുഗീസ് ഇതിഹാസം. തിങ്കളാഴ്ച നടന്ന എഎഫ്സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ബിയിലെ ഏഴാം റൗണ്ട് മത്സരത്തിൽ അൽ നാസർ അൽ വാസലിനെ 4-0 ന് തകർത്തപ്പോഴാണ് റൊണാൾഡോ ഈ നാഴികക്കല്ല് പിന്നിട്ടത്.
അൽ നാസറിനായി രണ്ട് ഗോളുകൾ നേടിയ റൊണാൾഡോ, ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. 39 വയസ്സ് പിന്നിട്ടിട്ടും ഗോളടിയിൽ റൊണാൾഡോയുടെ മികവ് ഒട്ടും കുറഞ്ഞിട്ടില്ല എന്നതിന് തെളിവാണ് ഈ നേട്ടം. 2025 ൽ ആറ് ഔദ്യോഗിക മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളാണ് റൊണാൾഡോ ഇതിനകം നേടിയിരിക്കുന്നത്.
ഈ മത്സരത്തിൽ അൽ നാസറിന്റെ യുവതാരം ജോൺ ഡുറാൻ അരങ്ങേറ്റം കുറിച്ചു. സെനഗൽ താരം സാദിയോ മാനെയും റൊണാൾഡോയ്‌ക്കൊപ്പം ആക്രമണ നിരയിൽ ഇറങ്ങി.
Full-time!!! pic.twitter.com/C7ZgHTDoZU
— AlNassr FC (@AlNassrFC_EN) February 3, 2025
മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ റൊണാൾഡോയുടെ ഒരു ശക്തമായ ഷോട്ട് ക്രോസ്ബാറിൽ തട്ടി തെറിച്ചു. 25-ാം മിനിറ്റിൽ അലി അൽ-ഹസൻ നേടിയ ഗോളിലൂടെ അൽ നാസർ ലീഡെടുത്തു. 42-ാം മിനിറ്റിൽ സലിം ജുമയുടെ കൈയിൽ പന്ത് തട്ടിയതിനെ തുടർന്ന് അൽ നാസറിന് പെനാൽറ്റി ലഭിച്ചു. റൊണാൾഡോ പെനാൽറ്റി ഗോളാക്കി മാറ്റി. 78-ാം മിനിറ്റിൽ മനോഹരമായൊരു ക്രോസിൽ നിന്ന് ഹെഡ്ഡറിലൂടെ റൊണാൾഡോ വീണ്ടും വല കുലുക്കി. ഈ ഗോളോടെ റൊണാൾഡോയുടെ കരിയറിലെ ഗോളുകളുടെ എണ്ണം 923 ആയി.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മുഹമ്മദ് അൽ-ഫാത്തിൽ നാലാം ഗോൾ നേടി അൽ നാസറിന്റെ വിജയം ഉറപ്പിച്ചു.
സൗദി ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ റൊണാൾഡോ തന്റെ 15-ാം ഗോൾ നേടിയിരുന്നു. നിലവിൽ 13 ഗോളുകളുമായി ഫ്രാൻസിന്റെ കരീം ബെൻസേമയും 12 ഗോളുകളുമായി സെർബിയയുടെ അലക്‌സാണ്ടർ മിട്രോവിച്ചുമാണ് ഗോൾവേട്ടയിൽ റൊണാൾഡോയെ പിന്തുടരുന്നത്.