Cricket

'ചാറ്റ് പിടിച്ചാൽ പാനിക് അറ്റാക്ക് നാടകം'; മുൻ കാമുകന്റെ അഭിനയത്തെ ട്രോളി മഹ്‌വാഷ്, ചെഹലിനെ ചേർത്ത് ചർച്ച



മുംബൈ: റേഡിയോ ജോക്കിയും കണ്ടന്റ് ക്രിയേറ്ററുമായ ആർ.ജെ. മഹ്‌വാഷ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച. മുൻ കാമുകന്റെ വിചിത്രമായ പെരുമാറ്റങ്ങളെ പരിഹസിച്ചുകൊണ്ടുള്ള വിഡിയോ വന്നതോടെ, കമന്റ് ബോക്സിലും മറ്റും ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലിന്റെ പേരാണ് ഉയരുന്നത്. വിഡിയോയിൽ മഹ്‌വാഷ് ആരുടെയും പേര് എടുത്തുപറയുന്നില്ലെങ്കിലും, ഇരുവരുമായി ബന്ധപ്പെട്ട് മുൻപ് പ്രചരിച്ച ഗോസിപ്പുകളാണ് ചർച്ചകൾക്ക് തിരികൊളുത്തിയത്.

അപരിചിതരായ യുവതികൾക്ക് മെസേജ് അയച്ച ശേഷം പിടിക്കപ്പെടുമ്പോൾ അവർ കാണിക്കുന്ന ‘രക്ഷപ്പെടൽ നാടകങ്ങളാണ്’ മഹ്‌വാഷ് വിഡിയോയിൽ തുറന്നുകാട്ടുന്നത്. സംശയാസ്പദമായ ചാറ്റുകളെക്കുറിച്ച് ചോദിക്കുമ്പോൾ ഒന്നുമറിയാത്ത ഭാവം നടിക്കുമെന്നും, ആ സ്ത്രീകളാണ് തനിക്ക് ആദ്യം സന്ദേശമയച്ചതെന്ന് വാദിക്കുമെന്നും അവർ പറയുന്നു. അതിലും രസകരമായ കാര്യം, ചോദ്യം ചെയ്യൽ കടുക്കുമ്പോൾ പെട്ടെന്ന് ശ്വാസംമുട്ടൽ വന്നതുപോലെ അഭിനയിക്കുമെന്നതാണ്. നെഞ്ചിൽ കൈവെച്ച് നിലവിളിക്കുകയും വെള്ളം ചോദിക്കുകയും ചെയ്യുന്ന രീതിയും അവർ വിഡിയോയിൽ അനുകരിക്കുന്നുണ്ട്.

ആദ്യകാലങ്ങളിൽ ഇതൊക്കെ സത്യമാണെന്ന് കരുതി താൻ വളരെയധികം വിഷമിക്കുകയും കൂടെനിൽക്കുകയും ചെയ്തിരുന്നെന്ന് മഹ്‌വാഷ് വ്യക്തമാക്കുന്നു. എന്നാൽ ആവർത്തിച്ചുള്ള ഇത്തരം ‘പാനിക് അറ്റാക്ക്’ നാടകങ്ങൾ തട്ടിപ്പാണെന്ന് മനസ്സിലാക്കാൻ ഒരു സംഭവം കാരണമായി. വെള്ളമെടുക്കാൻ താൻ മുറിക്ക് പുറത്തുപോയപ്പോൾ കണ്ണാടിയിലൂടെ കണ്ട കാഴ്ചയാണ് കണ്ണ് തുറപ്പിച്ചതെന്ന് മഹ്‌വാഷ് പറയുന്നു. താൻ പുറത്തുപോയതിന് പിന്നാലെ കരച്ചിലും ശ്വാസംമുട്ടലും നിർത്തി യാതൊരു കുഴപ്പവുമില്ലാത്തതുപോലെ ഫോണിൽ സ്ക്രോൾ ചെയ്യുകയായിരുന്നു മുൻ കാമുകൻ. എന്നാൽ താൻ തിരികെ മുറിയിലേക്ക് കയറുമ്പോൾ വീണ്ടും പഴയ നാടകം തുടങ്ങും.

ബന്ധം പിരിയുന്ന സമയത്ത് മുൻ കാമുകൻ പറഞ്ഞ ഒരു ഡയലോഗും മഹ്‌വാഷ് പരിഹാസത്തോടെ ഓർമ്മിപ്പിക്കുന്നുണ്ട്. “നിന്നെപ്പോലെ ഒരാൾക്ക് എന്നെപ്പോലൊരു ആളെ ഇനി ഒരിക്കലും കിട്ടില്ല” എന്നായിരുന്നു അയാളുടെ വാക്കുകൾ.

ധനശ്രീ വർമയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ ചെഹലും മഹ്‌വാഷും ഒരുമിച്ച് പൊതുവേദികളിലും മറ്റും പ്രത്യക്ഷപ്പെട്ടത് വലിയ വാർത്തയായിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമായെങ്കിലും പിന്നീട് സോഷ്യൽ മീഡിയയിൽ പരസ്പരം അൺഫോളോ ചെയ്തതോടെ ആ വാർത്തകൾക്കും വിരാമമായി. തങ്ങൾക്കിടയിൽ പ്രണയമില്ലെന്നും പ്രയാസഘട്ടത്തിൽ അടുത്ത സുഹൃത്തെന്ന നിലയിൽ പിന്തുണ നൽകുക മാത്രമാണ് ചെയ്തതെന്നുമാണ് മഹ്‌വാഷ് മുൻപ് വ്യക്തമാക്കിയിട്ടുള്ളത്.

എന്നാൽ, ഇപ്പോഴത്തെ വിഡിയോയിലെ കഥാപാത്രം ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല. മുൻപ് സ്വന്തം നാടായ അലിഗഡിലുണ്ടായിരുന്ന കൗമാരകാല പ്രണയത്തെക്കുറിച്ചും മഹ്‌വാഷ് സംസാരിച്ചിട്ടുണ്ട്. ആരുടെയും പേര് പറയാതെ മഹ്‌വാഷ് പങ്കുവച്ച വിഡിയോ, ചെഹലുമായി ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കും ട്രോളുകൾക്കും വഴിവച്ചിരിക്കുകയാണ്.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.