
ടെസ്റ്റ് ക്രിക്കറ്റിന്റെ 149 വർഷത്തെ ചരിത്രത്തിൽ അപൂർവ നേട്ടവുമായി ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ വിയാൻ മുൽദർ. ടെസ്റ്റ് കരിയറിൽ ട്രിപ്പിൾ സെഞ്ച്വറിയും ഏഴ് വിക്കറ്റ് നേട്ടവും സ്വന്തമാക്കുന്ന ആദ്യ താരമെന്ന റെക്കോഡാണ് മുൽദർ സ്വന്തം പേരിലാക്കിയത്.
ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ താരം ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സിനും 219 റൺസിനുമുള്ള വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ദക്ഷിണാഫ്രിക്ക 2-0ന് തൂത്തുവാരി. ആദ്യ മത്സരത്തിൽ ബാറ്റിങ്ങിൽ ഡക്കായും ബൗളിങ്ങിൽ വിക്കറ്റൊന്നും നേടാതെയും നിരാശയോടെ മടങ്ങിയ താരം രണ്ടാം ടെസ്റ്റിൽ 178 പന്തിൽ 100 റൺസാണ് നേടിയത്. കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ബൗളിങ്ങിൽ 11 ഓവറിൽ 31 റൺസ് മാത്രം വഴങ്ങി ഏഴ് വിക്കറ്റും സ്വന്തമാക്കി. കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. മത്സരത്തിൽ ആകെ എട്ട് വിക്കറ്റുകൾ വീഴ്ത്തിയ മുൽദർ (8/46) പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും നേടി.
2025 ജൂലൈയിൽ ബുലവായോയിൽ നടന്ന മത്സരത്തിൽ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച താരം സിംബാബ്‌വെക്കെതിരായ ടെസ്റ്റിൽ 367 റൺസ് നേടി ചരിത്രത്തിൽ ഇടംപിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബംഗ്ലാദേശിനെതിരേ ഏഴ് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റ് കരിയറിൽ ട്രിപ്പിൾ സെഞ്ച്വറിയും ഏഴ് വിക്കറ്റ് നേട്ടവും കൈവരിക്കുന്ന ആദ്യ താരമായി മുൽദർ മാറി.
ഒരേ ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറിയും ഏഴ് വിക്കറ്റും നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടവും മുൽദറിന് സ്വന്തമായി. ജാക്ക് ഗ്രിഗറി (ഓസ്ട്രേലിയ, 1920), ഇയാൻ ബോത്തം (ഇംഗ്ലണ്ട്, 1978, 1980), ആർ. അശ്വിൻ (ഇന്ത്യ, 2016), നസീർ മറൂഫ്ഖിൽ (അഫ്ഗാനിസ്താൻ, 2026) എന്നിവരാണ് നേരത്തേ ഈ നേട്ടം കൈവരിച്ചവർ. 1980ൽ ഇയാൻ ബോത്തത്തിന് ശേഷം ഒരേ മത്സരത്തിൽ സെഞ്ച്വറിയും ഏഴ് വിക്കറ്റും നേടുന്ന ആദ്യ പേസറെന്ന നേട്ടവും മുൽദർ സ്വന്തമാക്കി. ഇതോടെ ഒരേ ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറിയും ഏഴ് വിക്കറ്റും നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരമെന്ന റെക്കോർഡും മുൽദറിന് സ്വന്തമായി.
ഇത്തരമൊരു നേട്ടം സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ടെമ്പ ബാവുമയുടെ വാക്കുകൾ മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിച്ചെന്നും മുൽദർ പറഞ്ഞു.
ബംഗ്ലാദേശിനെതിരായ പരമ്പര വിജയത്തോടെ 2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനം കൂടുതൽ മെച്ചപ്പെടുത്തി.
