
ദോഹ: ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഇരട്ട സെഞ്ച്വറിക്ക് പിന്നാലെ കൗമാര താരം വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് ട്വന്റി20 ലോകകപ്പ് ജേതാവായ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പിൽ യു.എ.ഇക്കെതിരെ ഇന്ത്യ എക്കായി 53 പന്തിൽ 204 റൺസ് നേടിയ വൈഭവിനെ ക്രിക്കറ്റ് ലോകത്തെ പ്രമുഖർ വാനോളം പുകഴ്ത്തുകയാണ്. ‘വൈഭവ് സൂര്യവംശി, ഇനിയെന്റെ പ്രചോദനം നീയാണ്, എന്തൊരു താരം!’ -സൂര്യകുമാർ യാദവ് എക്‌സിൽ കുറിച്ചു.
ചൊവ്വാഴ്ച ദോഹയിൽ നടന്ന മത്സരത്തിൽ ലിസ്റ്റ് എ ക്രിക്കറ്റിലെ നിരവധി റെക്കോഡുകളാണ് വൈഭവിന് മുന്നിൽ കടപുഴകിയത്. 28 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കിയ താരം 2023ൽ 29 പന്തിൽ സെഞ്ച്വറി നേടിയ ആസ്ട്രേലിയയുടെ ജേക്ക് ഫ്രേസർ മക്ഗർക്കിന്റെ റെക്കോഡ് മറികടന്നു.
40 പന്തിൽ 150 റൺസ് പിന്നിട്ട വൈഭവ് സ്വന്തം പേരിലുള്ള റെക്കോഡാണ് തിരുത്തിയത്. കഴിഞ്ഞ വർഷം അരുണാചൽ പ്രദേശിനെതിരെ ബിഹാറിനായി കളിക്കുമ്പോൾ 59 പന്തിലായിരുന്നു താരം 150 റൺസ് നേടിയത്.
52 പന്തിൽ ഇരട്ട സെഞ്ച്വറി പൂർത്തിയാക്കിയതോടെ ന്യൂസിലാൻഡ് താരം ചാഡ് ബോവ്സിന്റെ പേരിലുണ്ടായിരുന്ന 103 പന്തിലെ ഇരട്ട സെഞ്ച്വറി റെക്കോഡും പഴങ്കഥയായി. ഏഴ് ഫോറും 28 സിക്സുമാണ് വൈഭവിന്റെ ബാറ്റിൽനിന്ന് പിറന്നത്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരിന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന റെക്കോഡും ഇതോടെ വൈഭവിന് സ്വന്തമായി. 2018ൽ 23 സിക്സുകൾ നേടിയ ഡാർസി ഷോർട്ടിന്റെ റെക്കോഡാണ് മറികടന്നത്.
മുൻ ഇന്ത്യൻ താരങ്ങളായ സുരേഷ് റെയ്ന, മുഹമ്മദ് കൈഫ്, എസ്. ബദ്രിനാഥ് എന്നിവരും വൈഭവിനെ അഭിനന്ദിച്ച് രംഗത്തെത്തി. ‘അസാധാരണ പ്രതിഭ! ഇത്ര ചെറിയ പ്രായത്തിൽ ഇരട്ട സെഞ്ച്വറി നേടിയത് വൈഭവിന്റെ നിർഭയമായ മനോഭാവത്തിന്റെയും അസാമാന്യ കഴിവിന്റെയും തെളിവാണ്. വലിയ സ്വപ്നങ്ങൾ കാണുക, ഇനിയും തിളങ്ങുക’ -റെയ്ന എക്‌സിൽ കുറിച്ചു.
റെക്കോഡുകൾ തകർക്കാൻ കാത്തിരിക്കുകയല്ല വൈഭവ് ചെയ്യുന്നതെന്നും ക്രിക്കറ്റ് ചരിത്രംതന്നെ തിരുത്തിയെഴുതുകയാണെന്നും മുഹമ്മദ് കൈഫ് പ്രതികരിച്ചു. ഒരു സൂപ്പർ താരം വളർന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈഭവിന്റെ പ്രകടനത്തെ വിശേഷിപ്പിക്കാൻ വാക്കുകൾ കിട്ടാതായിരിക്കുന്നുവെന്നും ഇനിയും മുന്നേറി രാജ്യത്തിന്റെ അഭിമാനമായി മാറണമെന്നും ബദ്രിനാഥ് കുറിച്ചു.
