Cricket

സെമി സ്വപ്നങ്ങളുമായി തിലകും സംഘവും; ഇന്ത്യക്ക് മുന്നിൽ 250 റൺസിന്റെ കടമ്പ



ദോഹ: തിലക് വർമ്മ നയിക്കുന്ന ഇന്ത്യ എയ്ക്ക് സെമിഫൈനൽ പ്രവേശനം ഉറപ്പാക്കാൻ ഇനി ബാറ്റിങ് പരീക്ഷണം. വിജയം നിർണായകമായ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ യുഎഇ ഉയർത്തിയ 250 റൺസ് വിജയലക്ഷ്യം മറികടന്നാൽ ഇന്ത്യക്ക് സെമി ബെർത്ത് ഉറപ്പിക്കാം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത യുഎഇ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തു. നിലവിൽ യുഎഇക്കായി കളിക്കുന്ന മുൻ ഇന്ത്യൻ അണ്ടർ 19 താരം ഹർപ്രീത് സിങ് ഭാട്ടിയയുടെ സെഞ്ച്വറിയാണ് ആതിഥേയർക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 144 പന്തിൽ 130 റൺസെടുത്ത ഹർപ്രീത് അവസാന ഓവറുകളിൽ അർഷദ് ഖാന്റെ പന്തിൽ ബൗൾഡായി മടങ്ങി. ക്ഷമയോടെയും ആക്രമാസക്തമായും ബാറ്റ് ചെയ്ത താരം ഇന്ത്യൻ ബൗളർമാർക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തിയത്. തുടക്കത്തിൽ തന്നെ ഹർഷിത് റാണ ഇന്ത്യക്ക് പ്രതീക്ഷ നൽകിയിരുന്നു. ഇന്നിങ്സിലെ ആദ്യ ഓവറിൽ തന്നെ ആര്യാൻഷ് ശർമയെ പുറത്താക്കിയ താരം യുഎഇയെ സമ്മർദത്തിലാക്കി. പിന്നാലെ അൻഷ് ടണ്ടനെ പുറത്താക്കി അർഷദ് ഖാനും ഇന്ത്യക്ക് മേൽക്കൈ നൽകി. അഞ്ചാം ഓവറിൽ 20 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലായിരുന്നു യുഎഇ. എന്നാൽ ഹർപ്രീത് സിങ് ഭാട്ടിയയും മുഹമ്മദ് ഷഹദാദും ചേർന്ന കൂട്ടുകെട്ട് ഇന്ത്യയുടെ മുന്നേറ്റത്തിന് തടയിട്ടു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് താളം കണ്ടെത്തിയതോടെ ഇന്ത്യയ്ക്ക് വീണ്ടും തലവേദനയായി. തുടർന്ന് 46 പന്തിൽ 28 റൺസെടുത്ത ഷഹദാദിനെ ഹർഷ് ദുബെ പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. പിന്നീട് എഥൻ ഡിസൂസയും ഹർപ്രീതിനൊപ്പം ചേർന്ന് സ്കോർ ഉയർത്തി. 37 പന്തിൽ 25 റൺസെടുത്ത ഡിസൂസയെ ഷഹബാസ് അഹമ്മദ് മടക്കി. ഇന്ത്യൻ നിരയിൽ തിളങ്ങിയ അർഷദ് ഖാൻ നാല് വിക്കറ്റുകൾ വീഴ്ത്തി. ഹർപ്രീത് സിങ് ഭാട്ടിയയുടെ നിർണായക വിക്കറ്റ് ഉൾപ്പെടെ 43 റൺസ് വഴങ്ങിയാണ് അർഷദ് നാല് വിക്കറ്റ് സ്വന്തമാക്കിയത്. ഹർഷിത് റാണ, ഹർഷ് ദുബെ, ഷഹബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. അവസാന ഘട്ടത്തിൽ ക്യാപ്റ്റൻ ബേസിൽ ഹമീദിന്റെ ചെറുത്തുനിൽപ്പും യുഎഇക്ക് തുണയായി. ആദ്യ മത്സരത്തിൽ നേപ്പാളിനെ 306 റൺസിന് തകർത്ത ഇന്ത്യ രണ്ടാം മത്സരത്തിൽ പാകിസ്ഥാൻ എയോട് 48 റൺസിന് പരാജയപ്പെട്ടിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റുമായി ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. +2.580 എന്ന മികച്ച നെറ്റ് റൺറേറ്റും ടീമിന് അനുകൂലമാണ്. രണ്ട് മത്സരങ്ങളും ജയിച്ച പാകിസ്ഥാൻ എ നേരത്തേ സെമിഫൈനൽ ഉറപ്പിച്ചിട്ടുണ്ട്. യുഎഇക്കെതിരായ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യക്ക് നാല് പോയിന്റോടെ സെമിയിലെത്താം. പാകിസ്ഥാൻ എ-നേപ്പാൾ മത്സരഫലം എന്തുതന്നെയായാലും ഇന്ത്യക്ക് മുന്നേറാനാകും. എന്നാൽ ഇന്ത്യ തോൽക്കുകയും പാകിസ്ഥാൻ എ നേപ്പാളിനെ തോൽപ്പിക്കുകയും ചെയ്താൽ ഇന്ത്യ, നേപ്പാൾ, യുഎഇ ടീമുകൾക്ക് രണ്ട് പോയിന്റ് വീതമാകും. അപ്പോൾ നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും സെമി പ്രവേശനം തീരുമാനിക്കുക. യുഎഇയോടുള്ള തോൽവിയുടെ മാർജിനും ഇന്ത്യയുടെ യോഗ്യതാ സാധ്യതകളിൽ നിർണായകമാകും. അതേസമയം, ഇന്ത്യ ജയിച്ചാലും നേപ്പാൾ പാകിസ്ഥാനെ തോൽപ്പിച്ചാൽ മൂന്ന് ടീമുകൾക്കും നാല് പോയിന്റാകുന്ന സാഹചര്യമുണ്ടാകും. അപ്പോൾ നെറ്റ് റൺറേറ്റാകും രണ്ടാം സെമിഫൈനലിസ്റ്റിനെ തീരുമാനിക്കുക. അതിനാൽ യുഎഇക്കെതിരായ വിജയം മാത്രമല്ല, മികച്ച മാർജിനിലുള്ള ജയവും ഇന്ത്യക്ക് പ്രധാനമാണ്.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.