
ക്രൈസ്റ്റ്ചർച്ച്: വെല്ലിങ്ടണിൽ ഇന്ത്യൻ ബാറ്റർമാർക്ക് മുന്നിൽ വിയർത്ത ന്യൂസിലൻഡ് ബൗളിങ് നിരക്ക് രണ്ടാം ടെസ്റ്റിന് മുമ്പ് കനത്ത തിരിച്ചടി. പരിക്കിനെ തുടർന്ന് പേസർ ബ്ലെയർ ടിക്നർ ടീമിൽനിന്ന് പുറത്തായി. പകരം യുവ പേസർ മാറ്റ് ഫിഷറെ 14 അംഗ ടീമിൽ ഉൾപ്പെടുത്തിയതായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) അറിയിച്ചു.
വെല്ലിങ്ടണിൽ പരിശീലനത്തിനിടെ വലതുതുടയുടെ പിൻഭാഗത്തെ പേശിക്കേറ്റ പരിക്കാണ് ടിക്നർക്ക് വിനയായത്. വെള്ളിയാഴ്ച ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ആറ് ടെസ്റ്റുകളിൽനിന്ന് 22 വിക്കറ്റ് നേടിയിട്ടുള്ള ടിക്നർ രണ്ട് തവണ നാലു വിക്കറ്റും ഒരു തവണ അഞ്ചു വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ഫിഷർ ടെസ്റ്റ് ടീമിലെത്തുന്നത്. മൂന്ന് മത്സരങ്ങളിൽ 13.66 ശരാശരിയിൽ ആറ് വിക്കറ്റാണ് താരം നേടിയത്. 31 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും വിക്കറ്റുകളും ഫിഷർ സ്വന്തമാക്കിയിരുന്നു. ബൗളിങ് നിരയിൽ മാറ്റം വരുത്താൻ ന്യൂസിലൻഡ് തീരുമാനിച്ചാൽ ഫിഷറിന് കരിയറിലെ രണ്ടാം ടെസ്റ്റ് കളിക്കാൻ അവസരമൊരുങ്ങും.
പരിക്കിനെ തുടർന്ന് ഓൾറൗണ്ടറും പരിമിത ഓവർ ടീം നായകനുമായ മിച്ചൽ സാന്റ്നറുടെ സേവനവും ന്യൂസിലൻഡിന് ലഭ്യമല്ല. വെല്ലിങ്ടണിൽ സമനിലയിൽ കലാശിച്ച ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ റെക്കോഡ് സ്കോറായ 720 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. കെ.എൽ. രാഹുലും ഋഷഭ് പന്തും സെഞ്ച്വറി നേടിയപ്പോൾ യശസ്വി ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ, ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, ധ്രുവ് ജുറേൽ എന്നിവർ അർധ സെഞ്ച്വറിയും നേടി.
ആദ്യ ടെസ്റ്റിലെ സമനിലയോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് പോയന്റ് പട്ടികയിൽ ന്യൂസിലൻഡിന് രണ്ടാം സ്ഥാനം നഷ്ടമായിരുന്നു. ക്രൈസ്റ്റ്ചർച്ചിൽ മികച്ച ഫലം നേടി ആസ്ട്രേലിയയെ മറികടക്കുകയാണ് കിവീസിന്റെ ലക്ഷ്യം. 50 ശതമാനം പോയന്റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. നിലവിലെ ചാമ്പ്യൻഷിപ് കാലയളവിൽ ഇന്ത്യക്ക് ആറു ടെസ്റ്റുകളാണ് ശേഷിക്കുന്നത്. ഇതിൽ അഞ്ചെണ്ണം അടുത്ത വർഷം ജനുവരി മുതൽ ആസ്ട്രേലിയക്കെതിരെ സ്വന്തം നാട്ടിലാണ്.
ന്യൂസിലൻഡ് ടീം: ടോം ലാതം (ക്യാപ്റ്റൻ), ടോം ബ്ലണ്ടൽ, ഡെവൺ കോൺവേ, ജേക്കബ് ഡഫി, മാറ്റ് ഫിഷർ, ഡീൻ ഫോക്സ്ക്രോഫ്റ്റ്, മാറ്റ് ഹെൻറി, കൈൽ ജാമിസൺ, ഡാരിൽ മിച്ചൽ, ഹെൻറി നിക്കോൾസ്, ഗ്ലെൻ ഫിലിപ്സ്, രചിൻ രവീന്ദ്ര, നഥാൻ സ്മിത്ത്, വിൽ യങ്.
