
വെല്ലിങ്ടൺ: ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ പിരിഞ്ഞതിന് പിന്നാലെ, പന്തിൽ ഉമിനീർ പുരട്ടുന്നതിന് ഏർപ്പെടുത്തിയ വിലക്ക് ഐ.സി.സി പിൻവലിക്കണമെന്ന ആവശ്യവുമായി ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ രംഗത്ത്.
കോവിഡ് മഹാമാരിയുടെ കാലത്ത് ഏർപ്പെടുത്തിയ ഈ നിയന്ത്രണം ഇപ്പോഴും തുടരുന്നത് ബൗളർമാരോടുള്ള അനീതിയാണെന്നും, പന്തിന്റെ സ്വാഭാവിക തിളക്കം നിലനിർത്താൻ ഉമിനീർ ഉപയോഗിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബേസിൻ റിസർവിൽ നടന്ന ഒന്നാം ടെസ്റ്റിന് ശേഷമുള്ള വാർത്ത സമ്മേളനത്തിലാണ് ഗിൽ നിലപാട് വ്യക്തമാക്കിയത്. ‘‘കോവിഡ് കാലമൊക്കെ എന്നേ കഴിഞ്ഞു. എന്നിട്ടും എന്തിനാണ് പന്ത് മിനുക്കാൻ ഉമിനീർ ഉപയോഗിക്കുന്നതിന് വിലക്ക് തുടരുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല’’-ഗിൽ പറഞ്ഞു. മത്സരത്തിൽ ഉപയോഗിച്ച കൂക്കബുറ പന്തുകളുടെ ഗുണനിലവാരത്തെയും അദ്ദേഹം വിമർശിച്ചു.
ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റിന്റെ പ്ലേയിങ് ഇലവനിൽ നിന്ന് മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിനെയും ഇന്ത്യൻ ക്യാപ്റ്റൻ ന്യായീകരിച്ചു. വെല്ലിംഗ്ടൺ ബേസിൻ റിസർവിലെ മത്സരത്തിന് മുൻപ് തന്നെ സിറാജുമായി നേരിട്ട് സംസാരിച്ച് തീരുമാനത്തിന്റെ കാരണം വ്യക്തമാക്കിയിരുന്നുവെന്നും, ടീമിൽ നിന്ന് മാറ്റുക എളുപ്പമായിരുന്നില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ ഗിൽ കൂട്ടിച്ചേർത്തു.
സിറാജ് തന്റെ അടുത്ത സുഹൃത്താണെന്നും കരിയറിന്റെ തുടക്കകാലം മുതൽ തന്നെ ഒരുമിച്ച് കളിക്കുന്നവരാണെന്നും സിറാജ് ശക്തമായി തന്നെ തിരിച്ചുവരുമെന്നും ഗിൽ വ്യക്തമാക്കി. എല്ലാ താരങ്ങളും മോശം ഫോമിലൂടെ കടന്നുപോകുന്ന ഘട്ടങ്ങളുണ്ടാകും. നിലവിലെ ഫോമാണ് ടീമിൽ പരിഗണിക്കുന്നതിൽ പ്രധാന മാനദണ്ഡമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻകാല പ്രകടനങ്ങൾ പരിഗണിക്കാതെ പേരിന്റെ പേരിൽ സിറാജിനെ അവഗണിച്ചെന്ന കോൺഗ്രസ് എംപി ഇമ്രാൻ മസൂദിന്റെ രാഷ്ട്രീയ വിവാദം ശക്തമായ സാഹചര്യത്തിലാണ് ഗില്ലിന്റെ വിശദീകരണം.
