Cricket

‘എനിക്ക് ജയിപ്പിക്കാൻ കഴിയുമായിരുന്നു, പക്ഷേ…’; പാകിസ്താനോട് തോറ്റതിന് പിന്നാലെ തിലക് വർമ



ദോഹ: പാകിസ്താനെതിരായ മത്സരത്തിൽ സെഞ്ചറി നേടിയിട്ടും ഇന്ത്യ എ ടീമിനെ വിജയത്തിലെത്തിക്കാൻ കഴിയാതിരുന്നതിന്റെ നിരാശ പങ്കുവെച്ച് ക്യാപ്റ്റൻ തിലക് വർമ. നിർണായക ഘട്ടത്തിൽ ഷഹബാസ് അഹമ്മദിന്റെ വിക്കറ്റ് നഷ്ടമായതാണ് വിജയസാധ്യത ഇല്ലാതാക്കിയതെന്ന് തിലക് പറഞ്ഞു. ഷഹബാസ് രണ്ട് ഓവർ കൂടി ക്രീസിൽ തുടർന്നിരുന്നെങ്കിൽ മത്സരം ജയിപ്പിക്കാൻ കഴിയുമായിരുന്നുവെന്നും താരം അഭിപ്രായപ്പെട്ടു. ഏഷ്യാകപ്പ് റൈസിങ് സ്റ്റാർസ് ക്രിക്കറ്റ് ടൂർണമെന്റിൽ പാകിസ്താൻ എ ടീമിനോട് 48 റൺസിന് പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു തിലകിന്റെ പ്രതികരണം.

314 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരുഘട്ടത്തിൽ ആറിന് 129 എന്ന നിലയിൽ തകർച്ച നേരിട്ടിരുന്നു. ഇവിടെനിന്ന് തിലകും ഷഹബാസും ചേർന്ന് ഏഴാം വിക്കറ്റിൽ 112 റൺസ് കൂട്ടിച്ചേർത്താണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. എന്നാൽ, സ്കോർ 241ൽ എത്തിയപ്പോൾ ഷഹ്ബാസും പുറത്തായതോടെ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടിയേറ്റു.

‘അഭിഷേക് ശർമ നൽകിയ മികച്ച തുടക്കവും പിന്നീട് ഷഹബാസ് എനിക്കൊപ്പം പടുത്തുയർത്തിയ കൂട്ടുകെട്ടും ഏറെ നിർണായകമായിരുന്നു. എന്നാൽ, റൺനിരക്ക് ഉയർത്താൻ തീരുമാനിച്ച സമയത്താണ് ഷഹ്ബാസ് പുറത്തായത്. അദ്ദേഹം രണ്ട് ഓവർ കൂടി ക്രീസിൽ തുടർന്നിരുന്നെങ്കിൽ എനിക്ക് മത്സരം വിജയകരമായി പൂർത്തിയാക്കാൻ കഴിയുമായിരുന്നു’ -തിലക് മത്സരശേഷം പറഞ്ഞു. ഇന്ത്യയുടെ മധ്യനിരയിൽ തുടർച്ചയായി വിക്കറ്റുകൾ വീണതും പരാജയത്തിന് കാരണമായെന്ന് തിലക് ചൂണ്ടിക്കാട്ടി. പാകിസ്താൻ പേസർമാരുടെ പ്രകടനത്തെയും താരം പ്രശംസിച്ചു.

‘രണ്ടാം ഇന്നിങ്സിന്റെ തുടക്കത്തിലെ പത്ത് ഓവറിൽ പന്തിന് ചെറിയ സ്വിങ് ലഭിച്ചിരുന്നു. മികച്ച ലൈനിലും ലെങ്തിലും പന്തെറിഞ്ഞ പാകിസ്താന്റെ രണ്ട് പേസർമാർ പ്രശംസ അർഹിക്കുന്നു. അതേസമയം, ഞങ്ങൾക്ക് തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായതും തിരിച്ചടിയായി. അതുണ്ടായില്ലായിരുന്നെങ്കിൽ 47-ാം ഓവറിലോ 48-ാം ഓവറിലോ മത്സരം ജയിക്കാമായിരുന്നു’ -തിലക് പറഞ്ഞു. 149 പന്തിൽ 100 റൺസെടുത്തെങ്കിലും തന്റെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായി ഇതിനെ കാണുന്നില്ലെന്നും ഇന്ത്യൻ നായകൻ വ്യക്തമാക്കി. വ്യക്തിഗത നേട്ടത്തേക്കാൾ ടീമിന്റെ വിജയത്തിനാണ് പ്രാധാന്യമെന്ന് താരം പറഞ്ഞു.

‘എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച പ്രകടനം ടീമിനെ വിജയിപ്പിക്കുന്നതാണ്. മത്സരം ജയിക്കാനായില്ലെങ്കിൽ എന്റെ പ്രകടനത്തെ ഏറ്റവും മികച്ചതെന്ന് വിളിക്കാനാവില്ല. കളി കഴിയുന്നത്ര അവസാന ഘട്ടത്തിലേക്ക് കൊണ്ടുപോകാനാണ് എപ്പോഴും ശ്രമിക്കുന്നത്. ഇന്നും അതായിരുന്നു ലക്ഷ്യം. മറ്റൊരു ബാറ്റർ കൂടി പിന്തുണ നൽകിയിരുന്നെങ്കിൽ വിജയത്തിലെത്താൻ കഴിയുമായിരുന്നു’ -തിലക് പറഞ്ഞു.

നായകനെന്ന നിലയിൽ സമ്മർദഘട്ടങ്ങളിൽ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തനിക്ക് മടിയില്ലെന്നും താരം കൂട്ടിച്ചേർത്തു. ‘ടീമിന്റെ ക്യാപ്റ്റനാകുമ്പോൾ അതിന്റെ സമ്മർദവും ഉത്തരവാദിത്വവും ഏറ്റെടുക്കണം. അങ്ങനെ ചെയ്യുന്നത് എനിക്ക് ഇഷ്ടമാണ്. ദൈവാനുഗ്രഹത്താൽ ഇന്നും റൺസ് നേടാൻ കഴിഞ്ഞു’ -തിലക് വ്യക്തമാക്കി. ഞായറാഴ്ച ദോഹയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ എ ടീം 49.2 ഓവറിൽ 313 റൺസെടുത്തിരുന്നു. ഹസൻ നവാസ് 79 റൺസും മാസ് സദാഖത്ത് 59 റൺസും ഫർഹാൻ യൂസഫ് 56 റൺസും നേടി.

മറുപടി ബാറ്റിങ്ങിൽ 42 പന്തിൽ 70 റൺസെടുത്ത അഭിഷേക് ശർമ ഇന്ത്യക്ക് പ്രതീക്ഷ നൽകിയെങ്കിലും പിന്നാലെ വിക്കറ്റുകൾ തുടർച്ചയായി വീണു. 49 പന്തിൽ 56 റൺസെടുത്ത ഷഹബാസാണ് പിന്നീട് തിലകിന് മികച്ച പിന്തുണ നൽകിയത്. എന്നാൽ, ഷഹബാസിന്റെ പുറത്താകലിന് പിന്നാലെ ഇന്ത്യൻ ബാറ്റിങ് വീണ്ടും തകർന്നു. അവസാന ഓവറിൽ തിലകും പുറത്തായതോടെ ഇന്ത്യ 265 റൺസിന് ഓൾഔട്ടായി. ബാറ്റിങ്ങിൽ 79 റൺസും ബൗളിങ്ങിൽ മൂന്ന് വിക്കറ്റും നേടിയ ഹസൻ നവാസാണ് പ്ലെയർ ഓഫ് ദ മാച്ച്. വിജയത്തോടെ പാകിസ്താൻ എ ടീം സെമി ഫൈനൽ പ്രവേശനവും ഉറപ്പിച്ചു.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.