Cricket

'ഇന്ത്യൻ ടീമിൽ ഹിന്ദു-മുസ്‍ലിം വേർതിരിവില്ല'; കോൺഗ്രസ് എം.പിയുടെ ആരോപണത്തിന് മറുപടിയുമായി ഗംഭീറിന്റെ പരിശീലകൻ



ന്യൂഡൽഹി: ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതിന് പിന്നിൽ മതപരമായ വിവേചനമുണ്ടെന്ന കോൺഗ്രസ് എം.പി ഇംറാൻ മസൂദിന്റെ ആരോപണം തള്ളി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിന്റെ ബാല്യകാല പരിശീലകൻ സഞ്ജയ് ഭരദ്വാജ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഹിന്ദു-മുസ്‍ലിം വേർതിരിവില്ലെന്നും ടീമിന്റെ ആവശ്യങ്ങളും കളിക്കാരുടെ പ്രകടനവും പരിഗണിച്ചാണ് അന്തിമ ഇലവനെ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനോടായിരുന്നു പ്രതികരണം.

‘ഇത്തരം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഹിന്ദു-മുസ്‍ലിം വേർതിരിവില്ല. എല്ലാവരും ഇന്ത്യക്കാരാണ്. രാജ്യത്തെ പ്രതിനിധീകരിച്ചാണ് കളിക്കുന്നത്. മുഹമ്മദ് സിറാജിനെ ഗൗതം ഗംഭീർ എല്ലായ്പോഴും പിന്തുണച്ചിട്ടുണ്ട്. സിറാജ് ടീമിലില്ലെങ്കിൽ അത് ടീമിന്റെ ആവശ്യങ്ങൾ പരിഗണിച്ചുള്ള തീരുമാനമാണ്’ -ഭരദ്വാജ് പറഞ്ഞു.

കളിക്കാരുടെ പ്രകടനം, ടീമിലെ സ്ഥാനങ്ങൾ, അനുയോജ്യമായ ടീം കോമ്പിനേഷൻ എന്നിവയെല്ലാം പരിഗണിച്ചാണ് അന്തിമ ഇലവനെ തിരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഗംഭീറിന് ഒരു താരത്തോടും വ്യക്തിപരമായ വിരോധമില്ല. മികച്ച ടീമിനെ വാർത്തെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ബി.സി.സി.ഐയും മതപരമായ വേർതിരിവിനെ പിന്തുണക്കുന്നില്ലെന്നും ഭരദ്വാജ് കൂട്ടിച്ചേർത്തു.

വെല്ലിങ്ടണിൽ നടക്കുന്ന ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ സിറാജിനെ ഉൾപ്പെടുത്താത്തതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് എം.പി ഇംറാൻ മസൂദ് രംഗത്തെത്തിയിരുന്നു. മികച്ച പ്രകടനം പുറത്തെടുത്തിട്ടും സിറാജിനെ ഒഴിവാക്കിയതിന് പിന്നിൽ അദ്ദേഹത്തിന്റെ മതപരമായ വ്യക്തിത്വമാകാമെന്നായിരുന്നു മസൂദിന്റെ ആരോപണം.

‘അദ്ദേഹത്തിന്റെ പേര് സിറാജ് എന്നല്ലേ? അതുതന്നെ മതിയായ കാരണമല്ലേ? മികച്ച പ്രകടനം നടത്തിയിട്ടും ടീമിൽ ഇടം ലഭിക്കുന്നില്ലെങ്കിൽ പിന്നെ എന്തായിരിക്കും കാരണം? ഇതല്ലാതെ മറ്റൊരു കാരണവും ഉണ്ടാകാനിടയില്ല’ -മസൂദ് പറഞ്ഞു.

നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറാണ് സിറാജ്. 43 വിക്കറ്റുകൾ നേടിയ താരത്തെ പുറത്തിരുത്തിയതാണ് ടീം സെലക്ഷനെച്ചൊല്ലിയുള്ള ചർച്ചകൾക്ക് വഴിവെച്ചത്.

വ്യാഴാഴ്ച ആരംഭിച്ച ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ നാല് പേസർമാരുമായാണ് ഇന്ത്യ ഇറങ്ങിയത്. ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ് എന്നിവർക്കൊപ്പം യുവതാരം അൻഷുൽ കാംബോജിനെയും അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയപ്പോൾ പരിചയസമ്പന്നനായ സിറാജിന് അവസരം ലഭിച്ചില്ല.

അതേസമയം, സിറാജിനെ ഒഴിവാക്കിയതിനെ ഇന്ത്യൻ ബാറ്റിങ് പരിശീലകൻ സിതാൻഷു കോട്ടക് ന്യായീകരിച്ചിരുന്നു. മത്സരത്തിനായി ഏറ്റവും അനുയോജ്യമെന്ന് ക്യാപ്റ്റനും ടീം മാനേജ്മെന്റും വിലയിരുത്തിയ ഇലവനെയാണ് തിരഞ്ഞെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി. ന്യൂസിലൻഡ് ബാറ്റിങ് നിരയിലെ ഇടംകൈയൻ താരങ്ങളുടെ സാന്നിധ്യം പരിഗണിച്ചാണ് വാഷിങ്ടൺ സുന്ദറിനെ ഉൾപ്പെടുത്തിയതെന്നും കോട്ടക് വിശദീകരിച്ചു.

സിറാജിനെ ഒഴിവാക്കിയ തീരുമാനത്തെ മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്കർ ഉൾപ്പെടെയുള്ളവർ ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് ടീം സെലക്ഷനുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയ ആരോപണങ്ങളിലേക്കും നീണ്ടത്.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.