Cricket

പൊരുതി വീണ് ഇന്ത്യ; ബ്ലൈൻഡ് ഏഷ്യാ കപ്പിൽ പാക്കിസ്ഥാന് അവസാന പന്തിൽ ജയം



ധാക്ക: ബ്ലൈൻഡ് ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് ഒരു വിക്കറ്റ് ജയം. ധാക്കയിലെ ബഷുന്ധര സ്പോർട്സ് സിറ്റിയിൽ നടന്ന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം പാക്കിസ്ഥാൻ അവസാന പന്തിൽ മറികടന്നു. 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാൻ 180 റൺസെടുത്തത്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. ക്യാപ്റ്റൻ ടി. ദുർഗ റാവു 44 പന്തിൽ പുറത്താകാതെ 61 റൺസ് നേടി. സഞ്ജയ് കുമാർ ഷാ 22 പന്തിൽ 30 റൺസും ദുന്ന വെങ്കിടേശ്വര റാവു 18 പന്തിൽ 26 റൺസും നേടി.മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാന് വേണ്ടി ക്യാപ്റ്റൻ നിസാർ അലി 51 പന്തിൽ 64 റൺസെടുത്തു. മുഹമ്മദ് സഫ്ദർ 26 പന്തിൽ 31 റൺസും നേടി. എന്നാൽ ഇന്ത്യൻ ബൗളർമാർ നിർണായക ഘട്ടത്തിൽ വിക്കറ്റുകൾ വീഴ്ത്തിയതോടെ പാക്കിസ്ഥാൻ സമ്മർദത്തിലായി.

19 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 158 റൺസെന്ന നിലയിലായിരുന്നു പാക്കിസ്ഥാൻ. അവസാന ഓവറിൽ ജയിക്കാൻ 22 റൺസ് വേണമെന്നിരിക്കെ നിസാർ അലി റൺഔട്ടായതോടെ ഇന്ത്യക്ക് വിജയപ്രതീക്ഷയേറി. എന്നാൽ അവസാന രണ്ട് പന്തുകളിൽ ഏഴ് റൺസ് വേണ്ടിയിരുന്ന പാക്കിസ്ഥാനെ നിയാമത്തുള്ള സിക്സും ഫോറും നേടി വിജയത്തിലെത്തിച്ചു. എട്ട് പന്തിൽ 17 റൺസുമായി താരം പുറത്താകാതെ നിന്നു.ഇന്ത്യക്കായി ദുന്ന വെങ്കിടേശ്വര റാവു രണ്ട് വിക്കറ്റ് വീഴ്ത്തി. പ്രവീൺ കുമാർ ശർമ, ദീപക് മാലിക്, രൺബീർ സിങ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.ക്യാപ്റ്റൻ ദുർഗ റാവുവിന്റെ അർധസെഞ്ചറിയും ബൗളർമാരുടെ തിരിച്ചുവരവും ഉണ്ടായിട്ടും അവസാന പന്തിലെ പാക്ക് മുന്നേറ്റം ഇന്ത്യയുടെ ജയം തടയുകയായിരുന്നു. അടുത്ത മത്സരത്തിൽ ആതിഥേയരായ ബംഗ്ലാദേശാണ്​ ഇന്ത്യയുടെ എതിരാളികൾ. പാക്കിസ്ഥാൻ ഇതിനോടകം ഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. നവംബർ 20-നാണ് ഫൈനൽ.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.