
ക്രിക്കറ്റ് ആരാധകരുടെ മനസ്സിൽ ചില മത്സരങ്ങൾ അങ്ങനെയാണ്. എത്ര വർഷം കഴിഞ്ഞാലും അതിലെ ഓരോ നിമിഷവും മായാതെ കിടക്കും. ഇന്ത്യയുടെ കൈപ്പിടിയിലായിരുന്നെന്ന് തോന്നിയ ഒരു കിരീടം അവസാന നിമിഷം എതിരാളികൾ കൊണ്ടുപോകുന്നത് കാണേണ്ടിവന്നാൽ ആ വേദന കുറച്ചുകൂടി വലുതായിരിക്കും. 2000 ഒക്ടോബർ 15-ന് നെയ്റോബിയിലെ ജിംഖാന ക്ലബ് ഗ്രൗണ്ടിൽ നടന്ന ഐ.സി.സി നോക്കൗട്ട് ട്രോഫി ഫൈനൽ അത്തരമൊരു മത്സരമായിരുന്നു. ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ തകർപ്പൻ സെഞ്ചുറിയും സച്ചിൻ തെൻഡുൽക്കറുടെ ബാറ്റിങ് മികവും ഉണ്ടായിട്ടും ഇന്ത്യക്ക് കിരീടം നേടാനായില്ല. കാരണം, മറുവശത്ത് ക്രിസ് കെയ്ൻസ് എന്നൊരു മനുഷ്യൻ ബാക്കിയുണ്ടായിരുന്നു!
സച്ചിന്റെ റെക്കോഡ്, ദാദയുടെ സെഞ്ചുറി
ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ആദ്യം ബാറ്റിങ്ങിന് അയച്ചു. അന്ന് ക്രീസിലെത്തിയ ഇന്ത്യൻ ഓപ്പണിങ് സഖ്യം ആദ്യം ഫീൽഡ് ചെയ്യാനുള്ള കിവീസിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് തെളിയിക്കുന്ന പ്രകടനമായിരുന്നു നടത്തിയത്. സൗരവ് ഗാംഗുലിയും സച്ചിനും ചേർന്ന് ഒന്നാം വിക്കറ്റിൽ 141 റൺസാണ് കൂട്ടിച്ചേർത്തത്.സച്ചിൻ 83 പന്തിൽ 69 റൺസ് നേടി. പത്ത് ബൗണ്ടറികളും ഒരു സിക്സറും ഉൾപ്പെട്ട ഇന്നിങ്സ്. ഈ മത്സരത്തിനൊരു ചരിത്രപ്രാധാന്യം കൂടിയുണ്ടായിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന്റെ 9,378 റൺസെന്ന ഏകദിന റെക്കോഡ് മറികടന്ന് ഏറ്റവും കൂടുതൽ ഏകദിന റൺസ് നേടിയ താരമായി സച്ചിൻ മാറിയത് ഈ ഇന്നിങ്സിനിടെയാണ്. അസ്ഹറിന്റെ റെക്കോഡ് മറികടക്കാൻ സച്ചിന് വേണ്ടിയിരുന്നത് വെറും 15 റൺസ് മാത്രമായിരുന്നു. 3.6-ാം ഓവറിൽ ഷെയ്ൻ ഒകോണറിനെതിരെ നേടിയ ബൗണ്ടറിയിലൂടെയാണ് ആ നേട്ടം സ്വന്തമാക്കിയത്. ക്രിക്കറ്റ് ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല് കൂടി സച്ചിന്റെ പേരിലായ മത്സരം.മറുവശത്ത് ഗാംഗുലി പതിവുപോലെ തന്റെ ബാറ്റിങ് വിരുന്ന് തുടർന്നു. 130 പന്തിൽ 117 റൺസ്. ഒമ്പത് ഫോറും നാല് സിക്സറും. എന്നാൽ ഓപ്പണിങ് കൂട്ടുകെട്ട് നൽകിയ മികച്ച തുടക്കം മുതലെടുക്കാൻ മധ്യനിരക്ക് കഴിഞ്ഞില്ല. ഫലം ഇന്ത്യയുടെ ഇന്നിങ്സ് 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 264 റൺസിൽ അവസാനിച്ചു.
തുടക്കത്തിൽ കിവികൾക്ക് തിരിച്ചടി; ഇന്ത്യക്ക് പ്രതീക്ഷ, ഒടുവിൽ!
265 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലാൻഡിന് കാര്യങ്ങൾ ഒട്ടും എളുപ്പമായിരുന്നില്ല. തുടക്കത്തിൽ തന്നെ വിക്കറ്റുകൾ വീണു. വേഗത്തിൽ റൺസ് കണ്ടെത്താൻ ശ്രമിച്ച ബാറ്റർമാർക്ക് ഇന്ത്യൻ ബൗളർമാർ സമ്മർദം സൃഷ്ടിച്ചു. വെങ്കടേഷ് പ്രസാദിന്റെ കൃത്യതയും അനിൽ കുംബ്ലെയുടെ നിയന്ത്രിത ബൗളിങ്ങും കിവികളെ പിടിച്ചുകെട്ടി.132 റൺസിനിടെ ന്യൂസിലാൻഡിന് അഞ്ചു വിക്കറ്റുകൾ നഷ്ടമായി. ഇന്ത്യയുടെ കൈകളിലേക്ക് മത്സരം പതുക്കെ എത്തും പോലെ തോന്നി. ഗാംഗുലിയുടെ സെഞ്ചുറിയും സച്ചിന്റെ റെക്കോഡും കണ്ടശേഷം കിരീടം കൂടി ഇന്ത്യ സ്വന്തമാക്കുമെന്ന് ആരാധകർ കണക്കുകൂട്ടിയിട്ടുണ്ടാകാം. എല്ലാം കൊണ്ടും ഇന്ത്യൻ കാണികൾക്ക് സംതൃപ്തമായ ഒരു റിസൾട്ടാകുമെന്ന് മിക്കവരും സ്വപ്നം കണ്ടുതുടങ്ങി.പക്ഷേ ക്രിക്കറ്റിൽ കണക്കുകൂട്ടലുകൾക്ക് അധികം ആയുസ്സില്ലെന്ന് തെളിയിക്കാൻ ഒരാൾ അപ്പോഴും ക്രീസിലുണ്ടായിരുന്നു.
കെയ്ൻസ് എന്ന രക്ഷകൻ; ഹാരിസ് നൽകിയ കൂട്ട്
ക്രിസ് കെയ്ൻസ് എന്ന പേര് ന്യൂസിലാൻഡ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഒരിക്കലും മറക്കാനാകാത്തതാണ്. പ്രതിസന്ധിയിൽ ടീമിനെ രക്ഷിക്കാൻ കഴിയുന്ന ബാറ്റർ, പന്തുകൊണ്ട് എതിരാളികളെ വിറപ്പിക്കാൻ കഴിയുന്ന ബൗളർ. കരുത്തുറ്റ സ്ട്രോക്കുകളും ക്ലീൻ ഹിറ്റിങ്ങും കൊണ്ട് ആരാധകരെ ആവേശത്തിലാക്കുന്ന ആ ഓൾറൗണ്ടർ ക്രീസിലെത്തിയാൽ മത്സരം തീർന്നുവെന്ന് കരുതാൻ പറ്റില്ലായിരുന്നു.അന്ന് കെയ്ൻസിനൊപ്പം നിർണായകമായി നിന്നത് ക്രിസ് ഹാരിസായിരുന്നു. വിക്കറ്റുകൾ വീഴുമ്പോഴും അനാവശ്യമായ സാഹസങ്ങൾക്ക് മുതിരാതെ ഇന്നിങ്സ് കെട്ടിപ്പടുത്തു. ഇടയ്ക്ക് അവസരം കിട്ടുമ്പോൾ ബൗണ്ടറികളും കണ്ടെത്തി. ഇന്ത്യയുടെ ബൗളർമാർക്ക് മുന്നിൽ എളുപ്പത്തിൽ കീഴടങ്ങാൻ ഇരുവരും തയ്യാറായിരുന്നില്ല.ആറാം വിക്കറ്റിൽ കെയ്ൻസും ഹാരിസും ചേർന്ന് 122 റൺസാണ് കൂട്ടിച്ചേർത്തത്. ഹാരിസ് 72 പന്തിൽ 46 റൺസുമായി മികച്ച പിന്തുണ നൽകി. മറുവശത്ത് കെയ്ൻസ് തന്റെ സ്വാഭാവിക ശൈലിയിൽ ബാറ്റിങ് തുടർന്നു. തുടക്കത്തിൽ ഇന്ത്യക്ക് അനുകൂലമായിരുന്ന മത്സരത്തിന്റെ ദിശ പതുക്കെ മാറി. ഇന്ത്യൻ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടാൻ അത്രയും മതിയായിരുന്നു.
102 റൺസ്; പുറത്താകാതെ കെയ്ൻസ്!
113 പന്തിൽ 102 റൺസുമായി ആ മനുഷ്യൻ പുറത്താകാതെ നിന്നു. എട്ട് ഫോറും രണ്ട് സിക്സറും ഉൾപ്പെട്ട ആ ഇന്നിങ്സാണ് കിവികൾക്ക് ചരിത്രവിജയം സമ്മാനിച്ചത്. 49.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 265 റൺസെടുത്ത കിവീസ് ടീം ൈക്ലമാക്സിൽ നാലു വിക്കറ്റിന് വിജയിച്ചു. വെറും രണ്ടു പന്തുകൾ ബാക്കിനിൽക്കെയായിരുന്നു വിജയം.ഇന്ത്യക്കായി വെങ്കടേഷ് പ്രസാദ് മൂന്നു വിക്കറ്റും അനിൽ കുംബ്ലെ രണ്ടും സച്ചിൻ ഒരു വിക്കറ്റും നേടി. പക്ഷേ അതൊന്നും കെയ്ൻസിനെ തടയാൻ മതിയായില്ല. മത്സരത്തിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും കെയ്ൻസ് തന്നെ.
ഓൾറൗണ്ടറുടെ യഥാർഥ കരുത്ത്
കെയ്ൻസിന്റെ ആ ഫൈനൽ ഇന്നിങ്സ് ഒറ്റപ്പെട്ടൊരു മിന്നലാട്ടമായിരുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിൽ 3,320 റൺസും 218 വിക്കറ്റുകളും നേടിയ താരം. ഏകദിന ക്രിക്കറ്റിലാകട്ടെ 4,950 റൺസും 201 വിക്കറ്റുകളും. ബാറ്റുകൊണ്ടും പന്തുകൊണ്ടും ഒരുപോലെ സംഭാവന ചെയ്യാൻ കഴിയുന്ന ഒരു ഓൾറൗണ്ടറുടെ കരുത്ത് എന്താണെന്ന് കെയ്ൻസ് തന്റെ കരിയറിലുടനീളം തെളിയിച്ചു.അന്ന് ന്യൂസിലാൻഡിന് ലഭിച്ചത് ഒരു ട്രോഫി മാത്രമായിരുന്നില്ല. ഐ.സി.സിയുടെ പ്രധാന ടൂർണമെന്റിലെ ആദ്യ കിരീടം കൂടിയായിരുന്നു അത്. ഇന്ത്യക്കാവട്ടെ വരുതിയിലായിട്ടും കൈവിട്ടുപോയ ഒരു ഫൈനൽ.
‘മിനി’ ലോകകപ്പ്: ആരാധകർ നൽകിയ പേര്!
അന്ന് നടന്നിരുന്ന ഐ.സി.സി നോക്കൗട്ട് ട്രോഫിക്ക് ആരാധകർ നൽകിയ പേരായിരുന്നു ‘മിനി ലോകകപ്പ്’. പ്രമുഖ രാജ്യങ്ങളുടെ ടീമുകൾ മാറ്റുരച്ചിരുന്നെങ്കിലും, മത്സരങ്ങൾ കുറവുള്ള ഹ്രസ്വമായ നോക്കൗട്ട് ടൂർണമെന്റായിരുന്നതിനാലാണ് ആ പേര് പ്രചാരത്തിലായത്.1998-ൽ ബംഗ്ലാദേശിലെ ധാക്കയിൽ തുടക്കമിട്ട ടൂർണമെന്റിന്റെ പ്രത്യേകത അതിന്റെ മത്സരരീതിയായിരുന്നു. സാധാരണ ലോകകപ്പ് പോലെ നീണ്ട ഗ്രൂപ്പ് ഘട്ടങ്ങളില്ല. നേരിട്ടുള്ള നോക്കൗട്ട് മത്സരങ്ങൾ. തോറ്റാൽ പുറത്തേക്ക്. ലോകത്തിലെ മികച്ച ടീമുകൾ ഏറ്റുമുട്ടുന്ന ഈ ചുരുങ്ങിയ ടൂർണമെന്റ് ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്. 2002-ലാണ് ഇത് ഐ.സി.സി ചാമ്പ്യൻസ് ട്രോഫി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.2000ത്തിലെ ടൂർണമെന്റിൽ ഇന്ത്യയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. പ്രീ ക്വാർട്ടറിൽ കെനിയയെയും ക്വാർട്ടർ ഫൈനലിൽ ആസ്ട്രേലിയയെയും സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെയും തോൽപ്പിച്ചാണ് ഗാംഗുലിപ്പട ഫൈനലിലെത്തിയത്. പ്രത്യേകിച്ച് ആസ്ട്രേലിയക്കെതിരായ മത്സരത്തിൽ യുവരാജ് സിങ്ങിന്റെ 84 റൺസ് നിർണായകമായി. സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഗാംഗുലി പുറത്താകാതെ നേടിയ 141 റൺസും ഇന്ത്യൻ വിജയത്തിൽ നിർണായകമായി.ഫൈനലിൽ എതിരാളികൾ ‘കറുത്ത കുതിര’കളായ സ്റ്റീഫൻ ഫ്ലെമിങ് നയിച്ച ന്യൂസിലൻഡ്. 1983-ലെ ലോകകപ്പിന് ശേഷം മറ്റൊരു ഐ.സി.സി കിരീടം ഇന്ത്യയുടെ കൈകളിലെത്തുമെന്ന പ്രതീക്ഷയാണ് അന്ന് കെയിൻസ് തകർത്തുകളഞ്ഞത്.
ഇന്ത്യയുടെ വഴിമുടക്കികളായി കിവീസ്; പിന്നെയും ആവർത്തിച്ച കഥ
2000ത്തിലെ ആ ഫൈനൽ ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ലോകകപ്പുകളിലും ഐ.സി.സി ടൂർണമെന്റുകളിലും ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടുമ്പോൾ പലപ്പോഴും ആരാധകർക്ക് ആവേശകരമായ പോരാട്ടങ്ങളാണ് കാണാനായത്.1975, 1979, 1992 ഏകദിന ലോകകപ്പുകളിലും ഇന്ത്യക്ക് ന്യൂസിലൻഡിനോട് തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. പിന്നീട് ആ ഓർമകൾ വീണ്ടും പുതുക്കിയത് 2019-ലെ ഏകദിന ലോകകപ്പ് സെമിഫൈനലാണ്.മഴമൂലം രണ്ട് ദിവസങ്ങളിലായി നീണ്ടുനിന്ന ആ മത്സരത്തിൽ ഇന്ത്യയുടെ ബാറ്റിങ് നിരയെ തകർത്താണ് ന്യൂസിലൻഡ് ഫൈനലിലേക്ക് കടന്നത്. വിരാട് കോലിയും രോഹിത് ശർമയും ഉൾപ്പെട്ട ഇന്ത്യൻ നിരയ്ക്ക് 240 റൺസ് വിജയലക്ഷ്യം പോലും മറികടക്കാനായില്ല. 18 റൺസിന്റെ തോൽവി ആരാധകർക്ക് വലിയ നിരാശയുണ്ടാക്കിയ നിമിഷമായിരുന്നു.2021-ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ഇന്ത്യയെ തോൽപ്പിച്ച് ന്യൂസിലൻഡ് കിരീടം നേടി. അതേ വർഷത്തെ ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലും ഇന്ത്യക്ക് കിവീസിനോട് തോൽവി ഏറ്റുവാങ്ങേണ്ടിവന്നു.മറ്റ് വമ്പൻ ടീമുകൾക്കെതിരെ പലപ്പോഴും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും നിർണായക മത്സരങ്ങളിൽ കിവീസിനോട് തോൽക്കുന്ന അനുഭവം ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ പലവട്ടം ആവർത്തിച്ചിട്ടുണ്ട്.കാലം എത്ര കഴിഞ്ഞാലും ചില ക്രിക്കറ്റ് നിമിഷങ്ങൾ മായില്ല. 1983-ലെ കപിലിന്റെ ചെകുത്താന്മാരുടെ വിജയവും 2001-ലെ കൊൽക്കത്ത ടെസ്റ്റിലെ ഇന്ത്യയുടെ ഐതിഹാസിക തിരിച്ചുവരവും പോലെ, ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഓർമയിൽ ഒരിക്കലും മായാത്ത മറ്റൊരു അധ്യായമാണ് നെയ്റോബിയിലെ ആ ഫൈനൽ.
അന്ന് ഗാംഗുലിയുടെ ബാറ്റിൽ നിന്ന് പിറന്ന 117 റൺസിനേക്കാൾ വലുതായി ചരിത്രത്തിൽ എഴുതപ്പെട്ടത് കെയ്ൻസിന്റെ 102 റൺസായിരുന്നു. ഇന്ത്യയ്ക്ക് അത് നഷ്ടപ്പെട്ട ഒരു കിരീടത്തിന്റെ കഥയും. ന്യൂസിലൻഡിന് അതൊരു പുതിയ ചരിത്രത്തിന്റെ തുടക്കവുമായിരുന്നു! ഇന്ത്യ പിന്നീട് എത്രയോ വലിയ വിജയങ്ങൾ നേടി. ലോകകപ്പുകൾ ഉയർത്തി, ചരിത്രനേട്ടങ്ങൾ സ്വന്തമാക്കി. എന്നിട്ടും നെയ്റോബി ഫൈനൽ ഓർക്കുമ്പോൾ പലരുടെയും മനസ്സിൽ ആദ്യം തെളിയുന്നത് ഗാംഗുലിയുടെ സെഞ്ചുറിയോ സച്ചിന്റെ റെക്കോർഡോ അല്ല; കിരീടം കൈവിട്ടുപോയ ആ നിമിഷമാണ്. ക്രിസ് കെയ്ൻസ് അന്ന് കളിച്ചത് ഒരു ഫൈനൽ ഇന്നിങ്സ് മാത്രമായിരുന്നില്ല, ഇന്ത്യൻ ആരാധകരുടെ ഓർമയിൽ പതിഞ്ഞുപോയ ഒരു അധ്യായം കൂടിയായിരുന്നു.
ചില വിജയങ്ങൾ നമ്മൾ ആഘോഷിക്കും. ചില തോൽവികളാകട്ടെ, എത്ര വർഷം കഴിഞ്ഞാലും മറക്കില്ല. നെയ്റോബി ഫൈനൽ അത്തരത്തിലൊന്നാണ്. അന്നാ മത്സരം ദൂരദർശനിൽ ലൈവ് കണ്ടവർക്കറിയാം, അനുഭവിച്ച പിരിമുറുക്കവും ടെൻഷനും എത്രത്തോളമായിരുന്നുവെന്ന്. മൊബൈൽ ഫോൺ നോട്ടിഫിക്കേഷനുകളുടെ ശല്യമില്ലാതെ, റിമോട്ടിൽ മാറ്റിക്കളിക്കാൻ അധികം ചാനലുകൾ പോലുമില്ലാതിരുന്ന കാലത്ത് എല്ലാവരും ഒരുമിച്ചിരുന്ന് കണ്ട കളിയോർമ ആയതുകൊണ്ടു കൂടിയാവണം ആ തോൽവി അന്നത്തെ ഏതൊരു പ്രൈമറി ക്ലാസ് കുട്ടികൾക്കും നിരാശയുടെ, തീർത്താൽ തീരാത്ത സങ്കടത്തിന്റെ നിമിഷങ്ങളായത്. ഏറ്റവും കൗതുകകരവും വിചിത്രവുമായ മറ്റൊരു കാര്യം കിവീസ് ടീമിന് അന്നും ഇന്നും ഹേറ്റേഴ്സ് ഇല്ല എന്നതാണ്. പാക്കിസ്ഥാനോടും ആസ്ട്രേലിയയോടും തോൽക്കുന്നത് ഒരിക്കലും സഹിക്കാൻ പറ്റാത്ത ഇന്ത്യൻ ആരാധകരിൽ മിക്കവരും ക്ഷമിച്ചത് ഒരു പക്ഷേ എതിരാളികൾ ന്യൂസിലൻഡായതു കൊണ്ട് കൂടിയായിരിക്കണം!
