
സിഡ്നി: 2018ലെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനിടെ ക്രിക്കറ്റ് ലോകത്തെ പിടിച്ചുകുലുക്കിയ പന്ത് ചുരണ്ടൽ വിവാദത്തിൽ പുതിയ പോർമുഖം തുറന്ന് ആസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ്. മുൻ സഹതാരം ഉസ്മാൻ ഖവാജയുടെ ആത്മകഥയിൽ നടത്തിയ വെളിപ്പെടുത്തലുകളെ പൂർണമായും തള്ളിയ കമ്മിൻസ്, ടീമിലെ എല്ലാവർക്കും സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി. ഗ്രൗണ്ടിലേക്ക് സാൻഡ്പേപ്പർ എത്തിക്കുന്നതിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഖവാജയുടെ ആത്മകഥ പുറത്തിറങ്ങിയതിന് പിന്നാലെ വിവാദം വീണ്ടും ചർച്ചയായ സാഹചര്യത്തിലാണ് കമ്മിൻസ് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. സാൻഡ്പേപ്പർ ഉപയോഗിച്ച് പന്തിന്റെ സ്വഭാവത്തിൽ മാറ്റം വരുത്താനുള്ള നീക്കത്തെക്കുറിച്ച് ടീമിലെ ഭൂരിഭാഗം താരങ്ങൾക്കും അറിയാമായിരുന്നുവെന്നായിരുന്നു ഖവാജയുടെ വെളിപ്പെടുത്തൽ. കമ്മിൻസ് ഉൾപ്പെടെയുള്ള താരങ്ങൾക്കും പദ്ധതിയെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നും പുസ്തകത്തിൽ പരാമർശമുണ്ട്.
എന്നാൽ ഈ ആരോപണങ്ങൾ തള്ളിയ കമ്മിൻസ്, എട്ട് വർഷമായി താൻ ആവർത്തിക്കുന്ന നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി. സാൻഡ്പേപ്പർ ഗ്രൗണ്ടിലേക്ക് കൊണ്ടുപോകുന്ന കാര്യം അറിഞ്ഞിരുന്നുവെന്നാണ് ഖവാജ ഉദ്ദേശിക്കുന്നതെങ്കിൽ അത് നൂറുശതമാനം തെറ്റാണെന്ന് കമ്മിൻസ് പറഞ്ഞു. പന്ത് ചുരണ്ടാനുള്ള പദ്ധതിയുടെ ആസൂത്രകരിൽ ഒരാളായിരുന്നു താനെന്ന തരത്തിലുള്ള പരാമർശങ്ങളും അദ്ദേഹം നിഷേധിച്ചു. ഇത്തരം ആരോപണങ്ങളെ ‘തികഞ്ഞ അസംബന്ധം’ എന്നാണ് കമ്മിൻസ് വിശേഷിപ്പിച്ചത്.
സൗഹൃദത്തിനപ്പുറം വ്യക്തികളുടെ സൽപ്പേരും പ്രധാനമെന്ന് കമ്മിൻസ്
ഖവാജയുമായി സൗഹൃദമുണ്ടെങ്കിലും ആത്മകഥയിലെ പരാമർശങ്ങൾ തന്റെ വ്യക്തിജീവിതത്തെയും മറ്റ് താരങ്ങളുടെ സൽപ്പേരിനെയും ബാധിക്കുന്നതാണെന്ന് കമ്മിൻസ് പറഞ്ഞു. ഗൗരവമേറിയ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേപ് ടൗൺ ടെസ്റ്റിന് പിന്നാലെ ടീമിന്റെ ഡ്രസിങ് റൂമിൽ എല്ലാവരും കൂട്ടുത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ഖവാജ ആവശ്യപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലിലും കമ്മിൻസ് സംശയം പ്രകടിപ്പിച്ചു. അത്തരമൊരു സംഭാഷണമോ ടീം യോഗത്തിൽ ഖവാജ ഇക്കാര്യം ഉന്നയിച്ചതോ ഓർമയില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഖവാജയുടെ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന സൂചനയും കമ്മിൻസ് നൽകിയില്ല. വിഷയത്തിൽ മുന്നോട്ടുപോകുന്നതിനാണ് താൽപര്യമെന്നും എട്ട് വർഷം പഴക്കമുള്ള വിവാദം വീണ്ടും നീട്ടിക്കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദത്തിൽ വീണ്ടും ഭിന്നത
ഖവാജയുടെ വെളിപ്പെടുത്തലുകൾക്ക് ഡേവിഡ് വാർണർ പിന്തുണ അറിയിച്ചതോടെ പഴയ വിവാദം വീണ്ടും സജീവമായിട്ടുണ്ട്. അതേസമയം, അന്നത്തെ ഓസ്ട്രേലിയൻ പരിശീലകൻ ഡാരൻ ലേമാനും മുൻ ബാറ്റിങ് പരിശീലകൻ ഗ്രെയിം ഹിക്കും ഖവാജയുടെ ആരോപണങ്ങൾ നിഷേധിച്ചു. മിച്ചൽ സ്റ്റാർക്കും സാൻഡ്പേപ്പർ ഗ്രൗണ്ടിലേക്ക് കൊണ്ടുപോകുന്ന കാര്യം തങ്ങൾക്ക് അറിയില്ലായിരുന്നുവെന്ന മുൻ നിലപാട് ആവർത്തിച്ചിട്ടുണ്ട്. ജോഷ് ഹേസൽവുഡും നഥാൻ ലിയോണും വിഷയത്തിൽ പരസ്യമായി പ്രതികരിച്ചിട്ടില്ല.
എന്തായിരുന്നു 2018ലെ സാൻഡ്പേപ്പർ വിവാദം?
2018 മാർച്ചിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ കേപ് ടൗൺ ടെസ്റ്റിനിടെയാണ് ഓസ്ട്രേലിയൻ ക്രിക്കറ്റിനെ പ്രതിസന്ധിയിലാക്കിയ പന്ത് ചുരണ്ടൽ വിവാദം പുറത്തുവന്നത്. മത്സരത്തിനിടെ പന്തിന്റെ പ്രതലത്തിൽ മാറ്റം വരുത്താൻ സാൻഡ്പേപ്പർ ഉപയോഗിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ക്രിക്കറ്റ് ലോകത്ത് വലിയ പ്രതിഷേധമുയർന്നു.
തുടർന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ നടത്തിയ അന്വേഷണത്തിൽ അന്നത്തെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണർ, ബാറ്റർ കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സ്മിത്തിനും വാർണർക്കും ഒരു വർഷത്തെ വിലക്കും ബാൻക്രോഫ്റ്റിന് ഒമ്പത് മാസത്തെ വിലക്കുമാണ് ലഭിച്ചത്.
സംഭവത്തിന് പിന്നാലെ സ്മിത്തിന് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായി. പിന്നീട് ടിം പെയ്ൻ ആസ്ട്രേലിയൻ ടീമിന്റെ നായകനായി. തുടർന്നാണ് പാറ്റ് കമ്മിൻസ് ക്യാപ്റ്റൻ സ്ഥാനത്തെത്തിയത്.
2018ലെ സംഭവത്തിന് ശേഷം ടീമിന്റെ സമീപനത്തിലും പെരുമാറ്റത്തിലും വലിയ മാറ്റമുണ്ടായതായി കമ്മിൻസ് പറഞ്ഞു. അന്നത്തെ ടീമിൽ വിജയത്തിനായി എന്തും ചെയ്യാമെന്ന മനോഭാവവും എതിരാളികളോടും അമ്പയർമാരോടുമുള്ള പെരുമാറ്റത്തിൽ ചില വീഴ്ചകളും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു. നിലവിലെ ഓസ്ട്രേലിയൻ ടീമിൽ അത്തരം പ്രവണതകൾക്ക് ഇടം നൽകാതിരിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും കമ്മിൻസ് വ്യക്തമാക്കി.
