
ടൂർണമെന്റായ ഫോർഡ് ട്രോഫിയിൽ തകർപ്പൻ ഇരട്ട സെഞ്ച്വറി നേട്ടവുമായി ന്യൂസിലൻഡ് താരം ബെവൺ ജേക്കബ്സ്. വ്യാഴാഴ്ച ഒട്ടാഗോയ്ക്കെതിരെ നടന്ന മത്സരത്തിൽ ഓക്‌ലൻഡ് ഏസസിനായി കളത്തിലിറങ്ങിയ ജേക്കബ്സ് 137 പന്തിൽ നിന്ന് 202 റൺസാണ് നേടിയത്.
ഇതോടെ ഒരിന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും ജേക്കബ്സ് സ്വന്തമാക്കി. ഏഴ് ഫോറുകളും 21 സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ് (സ്ട്രൈക്ക് റേറ്റ് 147.44). എന്നാൽ, ജേക്കബ്സിന്റെ ഇരട്ട സെഞ്ച്വറിക്കരുത്തിൽ ഓക്‌ലൻഡ് ഉയർത്തിയ കൂറ്റൻ സ്കോർ ഒട്ടാഗോ മറികടന്നു.
2018-ൽ ക്വീൻസ്‌ലൻഡിനെതിരെ വെസ്റ്റേൺ ഓസ്‌ട്രേലിയക്കായി 148 പന്തിൽ 257 റൺസ് നേടിയപ്പോൾ 23 സിക്സറുകൾ പറത്തിയ ഓസ്‌ട്രേലിയൻ താരം ഡാർസി ഷോർട്ടാണ് ഈ പട്ടികയിൽ ഒന്നാമത്.
ലിസ്റ്റ്-എ ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന നാലാമത്തെ മാത്രം ന്യൂസിലൻഡ് താരമാണ് ജേക്കബ്സ്. മാർട്ടിൻ ഗപ്ടിൽ (237), ജാമി ഹൗ (222), ചാഡ് ബോവ്സ് (205) എന്നിവരാണ് ഇതിനുമുമ്പ് ഈ നേട്ടം കൈവരിച്ച കിവീസ് താരങ്ങൾ. 2025 ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനായും ജേക്കബ്സ് കളിച്ചിരുന്നു. അടുത്തിടെ ഇന്ത്യക്കെതിരെ നടന്ന അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിലും (136 റൺസ്) താരം മികച്ച പ്രകടനം നടത്തിയിരുന്നു.
ഓക്‌ലൻഡ് നിരയിൽ ജേക്കബ്സിന് പുറമെ മറ്റാർക്കും അർധസെഞ്ച്വറി നേടാനായില്ല. 45 പന്തിൽ 46 റൺസെടുത്ത ലാക്ലൻ സ്റ്റാക്ക്പോളാണ് രണ്ടാമത്തെ ഉയർന്ന സ്കോറർ. നിശ്ചിത 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 334 റൺസാണ് ഓക്‌ലൻഡ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒട്ടാഗോ അഞ്ച് പന്തുകളും അഞ്ച് വിക്കറ്റുകളും ബാക്കിനിൽക്കെ ലക്ഷ്യം കണ്ടു. മാക്സ് ചു (55 പന്തിൽ 75), ജാക്ക് ബോയിൽ (61 പന്തിൽ 62), തോൺ പാർക്സ് (63 പന്തിൽ 55) എന്നിവരുടെ അർധസെഞ്ച്വറികളും അവസാന ഓവറുകളിൽ ടോം ജോൺസ് (19 പന്തിൽ 31), ജമാൽ ടോഡ് (എട്ട് പന്തിൽ 21) എന്നിവർ നടത്തിയ റൺസുമാണ് ഒട്ടാഗോയ്ക്ക് ആവേശജയം സമ്മാനിച്ചത്.
