Cricket

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങി മുഹമ്മദ് ഷമി; ഏകദിന, ട്വന്റി 20 മത്സരങ്ങളിൽ തുടരും, വിരമിക്കൽ പ്രഖ്യാപനം ഇൻസ്റ്റഗ്രാം പേജിലൂടെ



ബറോഡ: ഇന്ത്യൻ ടെസ്റ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച മാച്ച് വിന്നർമാരിൽ ഒരാളായ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അദ്ദേഹം ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

ഏകദിന, ടി20 മത്സരങ്ങളിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ‘ഞാൻ വെള്ള ജഴ്സിയോട് വിടപറയുകയാണ്, പക്ഷേ അതിലെ ഓർമ്മകളോടുള്ള ബന്ധം ഒരിക്കലും അവസാനിക്കില്ല. ഇന്ത്യയുടെ ടെസ്റ്റ് ജഴ്സി ആദ്യമായി അണിഞ്ഞപ്പോൾ രാജ്യത്തിനായി എന്തെങ്കിലും ചെയ്യുക എന്നൊരു സ്വപ്നം മാത്രമാണ് എനിക്കുണ്ടായിരുന്നത്.

അന്നുമുതൽ ഓരോ വിക്കറ്റും ഓരോ പോരാട്ടവും പരിക്കുകളും തിരിച്ചുവരവുകളും എനിക്ക് ഓരോ പാഠങ്ങൾ പകർന്നുതന്നു. കളിക്കളത്തിൽ എന്റെ അവസാന ടെസ്റ്റ് പന്ത് എറിഞ്ഞുകഴിഞ്ഞിരിക്കാം, എന്നാൽ ഇന്ത്യക്കായി കളിച്ചുവെന്ന അഭിമാനം എന്നും എന്റെ ഹൃദയത്തിൽ ജീവിക്കും.

പിന്തുണ നൽകിയ സഹതാരങ്ങൾക്കും കോച്ചുകൾക്കും കുടുംബാംഗങ്ങൾക്കും കോടിക്കണക്കിന് ഇന്ത്യൻ ആരാധകർക്കും നന്ദി. കരിയർ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച ബി.സി.സി.ഐക്കും ബംഗാൾ ക്രിക്കറ്റ് അസോസിയേഷനും നന്ദി. നന്ദി, ടെസ്റ്റ് ക്രിക്കറ്റ്. ’- ഷമി കുറിച്ചു.

കിരീടം നേടിയ ചാമ്പ്യൻസ് ട്രോഫി ടൂർണമന്‍റിലാണ് ഷമി അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. പരിക്കിൽനിന്ന് മുക്തനായ താരം ഫിറ്റ്നസ് വീണ്ടെടുക്കുകയും ആഭ്യന്തര ക്രിക്കറ്റിലടക്കം മികവ് തെളിയിക്കുകയും ചെയ്തിട്ടും സെലക്ഷൻ സമിതി താരത്തെ ടീമിലെടുക്കാതെ അവഗണിക്കുകയായിരുന്നു.

ഏതാനും വർഷങ്ങളായി പരിക്കുകൾ അലട്ടിയിരുന്ന താരത്തിന് നിരവധി ടൂർണമെന്‍റുകളും നഷ്ടമായി. ട്വന്‍റി20 ലോകകപ്പിലും സ്ഥാനമുണ്ടായിരുന്നില്ല. 2025-26 ആഭ്യന്തര സീസണീൽ പശ്ചിമ ബംഗാളിനായി 67 വിക്കറ്റുകളാണ് ഷമി നേടിയത്.

നേരത്തെ, ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെ, വിരമിക്കലുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചിരുന്നു. മടുപ്പ് തോന്നുമ്പോൾ കളത്തിൽനിന്ന് മാറിനിൽക്കുമെന്നാണ് താരം മറുപടി നൽകിയത്.

‘എനിക്ക് ക്ഷീണം തോന്നുമ്പോൾ, കളി അവസാനിപ്പിക്കും. ഇപ്പോൾ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുന്നുപോലുമില്ല. കാരണം അത്തരം ചിന്തകൾ നിങ്ങളെ മാനസികമായി തളർത്തും. ഈ ചിന്ത മനസ്സിലേക്ക് കടന്നു വന്നാൽ, നിങ്ങൾ ക്ഷീണിതനാണെന്നാണ് മനസ്സിലാക്കേണ്ടത്. ക്ഷീണം തോന്നുന്നുവെങ്കിൽ, നിങ്ങൾക്ക് മടുപ്പും അനുഭവപ്പെടും. ഞാൻ ഇതിനു മുമ്പും ഇക്കാര്യം പറഞ്ഞിട്ടുണ്ട് -രാവിലെ എഴുന്നേൽക്കുമ്പോൾ മടുപ്പ് തോന്നുന്ന ദിവസം ക്രിക്കറ്റ് വിട്ടുപോകും’ -ഷമി വ്യക്തമാക്കിയിരുന്നു.



© Madhyamam

Madhyamam

Madhyamam

Senior Editor and Contributor at Scoreium.