
ന്യൂഡൽഹി: സൂപ്പർ താരം വിരാട് കോഹ്ലിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര. 2017ല്‍ തനിക്ക് മത്സരത്തിനിടെ പരിക്കേറ്റപ്പോൾ ഫിറ്റ്നസ് വീണ്ടെടുത്താൽ ടീമിലേക്ക് തിരികെ വിളിക്കുമെന്ന് അന്ന് ഇന്ത്യൻ ക്യാപ്റ്റനായ വിരാട് കോഹ്ലിയും പരിശീലകനായ അനിൽ കുംബ്ലെയും ഉറപ്പ് നൽകിയിരുന്നെങ്കിലും വാക്ക് പാലിച്ചില്ലെന്നാണ് ആരോപണം.
പരിക്ക് മാറി കായികക്ഷമത പൂര്‍ണമായും വീണ്ടെടുത്ത് താന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കോഹ്ലി ഫോണ്‍ എടുക്കുകയോ മെസജിന് മറുപടി നൽകുക പോലും ചെയ്തില്ലെന്നും മിശ്ര പറഞ്ഞു. മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്റേറ്ററുമായ ആകാശ് ചോപ്രയുടെ പോഡ്കാസ്റ്റിലാണ് സ്പിന്നറുടെ വെളിപ്പെടുത്തൽ.
‘ബംഗളൂരുവിലെ മത്സരത്തിനിടെയാണ് എനിക്ക് കാലിന് പരിക്കേല്‍ക്കുന്നത്. പരിക്കേറ്റ് പുറത്താകുമ്പോള്‍ അനില്‍ കുംബ്ലെയായിരുന്നു കോച്ച്. അനിൽ ഭായിയോട് സംസാരിച്ചപ്പോൾ, വിഷമിക്കേണ്ട ഫിറ്റ്നസ് വീണ്ടെടുത്താൽ നീ ടീമിലെത്തുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പിന്നാലെ ഞാൻ ക്യാപ്റ്റനായ കോഹ്ലിയോട് എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. ‘പേടിക്കേണ്ട പൂര്‍ണമായി സുഖം പ്രാപിച്ച് ഫിറ്റ്നസ് വീണ്ടെടുക്കൂ. താങ്കള്‍ ടീമിലുണ്ടാകും എന്നായിരുന്നു മറുപടി.’
പരിക്ക് മാറി തിരിച്ചെത്തിയ ഞാൻ കോഹ്ലിയെ വിളിച്ചപ്പോൾ പത്ത് ദിവസത്തിനുള്ളിൽ വിവരം നൽകാമെന്ന് അറിയിച്ചു. ‘പിന്നീട് ഒരാഴ്ച കഴിഞ്ഞു, രണ്ടും മൂന്നും ആഴ്ചകൾ പിന്നിട്ടിട്ടും അദ്ദേഹത്തിൽ നിന്ന് ഒരുവിവരവും ലഭിച്ചില്ല. ഞാൻ അദ്ദേഹത്തെ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തു. അതിനൊന്നും മറുപടി ലഭിച്ചില്ല,’ മിശ്ര പറഞ്ഞു.
തന്നേക്കാള്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും കൂടുതല്‍ കാലം പുറത്തിരിക്കേണ്ടി വരികയും ചെയ്ത മറ്റ് കളിക്കാര്‍ ഫിറ്റ്നസ് വീണ്ടെടുത്ത ഉടന്‍ ടീമിലേക്ക് തിരിച്ചെത്തിയെന്നും എന്നാല്‍ തന്റെ കാര്യത്തില്‍ അതുണ്ടായില്ലെന്നും മിശ്ര പറഞ്ഞു. വീണ്ടും കോഹ്ലിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. മറുപടി ലഭിക്കാതായതോടെ ഞാൻ ശ്രമങ്ങളെല്ലാം ഉപേക്ഷിച്ചു. ഒരാള്‍ക്ക് നമ്മളെ ആവശ്യമില്ലെങ്കില്‍ പിന്നെ നമ്മള്‍ക്ക് എന്തുചെയ്യാന്‍ സാധിക്കും. കൂടുതല്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് മടങ്ങിവരാന്‍ അവസരം ലഭിച്ചിട്ടും എനിക്ക് എന്തുകൊണ്ടാണ് അവസരം കിട്ടാത്തത് എന്ന ചോദ്യത്തിന് ഇന്നുവരെ ഒരു മറുപടിയും കിട്ടിയിട്ടില്ലെന്നും മിശ്ര കൂട്ടിച്ചേർത്തു.
ലെഗ് സ്പിന്നറായ മിശ്രയ്ക്ക് 2017ല്‍ ഇംഗ്ലണ്ടിനെതിരെ ബംഗളൂരുവിൽ നടന്ന മത്സരത്തിനിടെയാണ് പരിക്ക് പറ്റിയത്. അതായിരുന്നു താരത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരം. പിന്നീട് ഇന്ത്യൻ ടീമിൽ അവസരം കിട്ടാതിരുന്ന സ്പിന്നർ 2025 സെപ്റ്റംബറിലാണ് വിരമിച്ചത്.
