
ന്യൂഡൽഹി: ഐ.പി.എൽ 2027 സീസണിലേക്കുള്ള ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ നായകനും ബി.സി.സി.ഐ മുൻ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ നിയമിച്ചു. കഴിഞ്ഞ രണ്ട് സീസണുകളിൽ ടീമിനെ പരിശീലിപ്പിച്ച ഹേമങ് ബദാനിക്ക് പകരക്കാരനായാണ് ഗാംഗുലി പുതിയ ദൗത്യമേറ്റെടുക്കുന്നത്. ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ ഫ്രാഞ്ചൈസി തന്നെയാണ് പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ രണ്ട് വർഷമായി ഡൽഹിയുടെ പ്രകടനം നിരാശാജനകമായിരുന്നു. 2025-ൽ അഞ്ചാം സ്ഥാനത്തും 2026-ൽ ആറാം സ്ഥാനത്തുമാണ് ടീം ഫിനിഷ് ചെയ്തത്. ഇതോടെയാണ് അഴിച്ചുപണിക്ക് മാനേജ്‌മെന്റ് തീരുമാനിച്ചത്. മുഖ്യ പരിശീലകനായിരുന്ന ബദാനിക്ക് പുറമെ ബോളിങ് കോച്ച് മുനാഫ് പട്ടേൽ, ടീം ഡയറക്ടർ വേണുഗോപാൽ റാവു, അസിസ്റ്റന്റ് കോച്ച് ഇയാൻ ബെൽ എന്നിവരെയും ഡൽഹി ഒഴിവാക്കിയിട്ടുണ്ട്.
ഡൽഹി ഫ്രാഞ്ചൈസിയുമായി ദീർഘനാളത്തെ ആത്മബന്ധമുള്ള വ്യക്തിയാണ് സൗരവ് ഗാംഗുലി. 2019-ൽ ഉപദേശകനായാണ് അദ്ദേഹം ആദ്യമായി ടീമിനൊപ്പം ചേരുന്നത്. തുടർന്ന് 2023, 2024 വർഷങ്ങളിൽ ഡൽഹിയുടെ പുരുഷ-വനിതാ ടീമുകളുടെ ‘ഡയറക്ടർ ഓഫ് ക്രിക്കറ്റായും’ പ്രവർത്തിച്ചു. ദക്ഷിണാഫ്രിക്കൻ ടി-20 ലീഗിൽ (SA20) ഡൽഹിയുടെ സഹോദര ഫ്രാഞ്ചൈസിയായ പ്രിട്ടോറിയ ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഡൽഹി ക്യാപിറ്റൽസ് തന്റെ ഹൃദയത്തോട് ചേർന്നുനിൽക്കുന്ന ഫ്രാഞ്ചൈസിയാണെന്നും പുതിയ ഉത്തരവാദിത്തം ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കുന്നതെന്നും സൗരവ് ഗാംഗുലി പ്രതികരിച്ചു. “കഴിഞ്ഞ കുറച്ചു കാലങ്ങളായി ടീം ഉടമകൾക്കും മാനേജ്മെന്റിനും കളിക്കാർക്കുമൊപ്പം ചേർന്ന് പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. മികച്ച പ്രതിഭകളുള്ള നമ്മുടെ ടീമിനെ ഭയരഹിതമായി കളിക്കുന്ന കരുത്തുറ്റ സംഘമാക്കി മാറ്റുകയാണ് ലക്ഷ്യം”- ഗാംഗുലി വ്യക്തമാക്കി.
ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്മാരിലൊരാളായ ഗാംഗുലി പരിശീലകന്റെ റോളിലേക്ക് വരുന്നത് ടീമിന് ഐ.പി.എൽ കിരീടം നേടിക്കൊടുക്കാൻ സഹായിക്കുമെന്ന് ഡൽഹി ക്യാപിറ്റൽസ് ചെയർമാൻ പാർഥ് ജിൻഡാൽ പറഞ്ഞു. ഗാംഗുലിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൽ ടീം മികച്ച പ്രകടനം പുറത്തെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഗാംഗുലിക്ക് കീഴിൽ പുതിയ പരിശീലക സംഘത്തെ ഫ്രാഞ്ചൈസി ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. മുൻ ഇന്ത്യൻ താരം യുവരാജ് സിങ് ഡൽഹിയുടെ പരിശീലക സംഘത്തിൽ എത്തിയേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
