ലൈംഗികാതിക്രമ കേസിൽ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ പോറെൽ ബംഗാൾ രഞ്ജി ടീമിൽ; വ്യാപക വിമർശനം



കൊൽക്കത്ത: രഞ്ജി ട്രോഫി സീസണിന് മുന്നോടിയായുള്ള പരിശീലന മത്സരത്തിനുള്ള ബംഗാൾ സ്‌ക്വാഡിൽ ഡൽഹി ക്യാപിറ്റൽസ് താരം അഭിഷേക് പോറെലിനെ ഉൾപ്പെടുത്തി. ലൈംഗികാതിക്രമ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയതിനു പിന്നാലെയാണ് താരം ടീമിലെത്തിയത്.

പോറെലിനെ ടീമിൽ ഉൾപ്പെടുത്തിയതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ വലിയ വിമർശനമാണ് ഉയർത്തുന്നത്. കേസ് അവസാനിക്കുന്നത് വരെ താരത്തിനെ മാറ്റിനിർത്തണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കർണാടകയിലെ ഒരു മെഡിക്കൽ വിദ്യാർത്ഥിനി നൽകിയ പരാതിയിൽ ഓഗസ്റ്റ് 11 – നാണ് പോറെലിനെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് ആരോപിച്ച് ജുണ്‍ 23നാണ് പോറെലിനെതിരെ മെഡിക്കൽ വിദ്യാർഥിനി മൊഗ്ര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 2023 ജനുവരി മുതൽ പോറെലിനെ അറിയാമെന്നും വിവാഹം കഴിക്കാൻ പദ്ധതിയിട്ടിരുന്നെന്നും യുവതി പരാതിയിൽ പറയുന്നു. കുടുംബങ്ങൾ തമ്മിലും ഇതു സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു.

ഇരുവരും ഒരുമിച്ച് വിദേശയാത്ര നടത്തുകയും ചെയ്തു. പിന്നാലെയാണ് പോറെൽ ബന്ധത്തിൽനിന്ന് പിന്മാറിയത്. ഒന്നര വർഷം മുമ്പ് തമ്മിൽ തർക്കമുണ്ടാകുകയും യുവതി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ കേസെടുത്തില്ല. പോറെൽ തന്നെ ക്രൂരമായി പീഡിപ്പിക്കുകയും മുറിയിൽ പൂട്ടിയിടുകയും ഭക്ഷണം നൽകാതെ പട്ടിണിക്കിടുകയും ചെയ്തതായും യുവതിയുടെ പരാതിയിലുണ്ട്. തങ്ങളുടെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ പരസ്യമാക്കുമെന്ന് പറഞ്ഞ് പോറെൽ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു.

മൊഗ്ര പൊലീസിൽ പരാതി നൽകിയതിന് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചന്ദനനഗറിലെ പോറെലിന്റെ വീട്ടിൽ പലതവണ എത്തുകയും ചെയ്തെങ്കിലും താരത്തെ പിടികൂടാനായില്ല. തുടർന്ന് യുവതി കൊൽക്കത്ത ഹൈകോടതിയെ സമീപിച്ചു. കോടതി കർശന നിർദേശം നൽകിയതോടെയാണ് ആഗസ്റ്റ് 11ന് ഹൂഗ്ലിയിൽ വെച്ച് പോറെലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് പിന്നാലെ കോടതിൽ ഹാജരാക്കിയ പോറെലിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിടുകയും പിന്നാലെ ജാമ്യത്തിനായുള്ള താരത്തിന്റെ ആദ്യ അപ്പീൽ പശ്ചിമ ബംഗളിലെ ഹൂഗ്ലി ജില്ല കോടതി തള്ളി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. 38 ദിവസം ജയിലിൽ കഴിഞ്ഞ ശേഷമാണ് താരം പുറത്തിറങ്ങിയത്. ഈ മാസം ആദ്യമാണ് താരത്തിന് ജാമ്യം ലഭിച്ചത്.



© Madhyamam