സി.എസ്.കെയിൽ 25 ശതമാനം ഓഹരി വേണമെന്ന് ധോണി ആവശ്യപ്പെട്ടോ? ഒടുവിൽ മൗനം വെടിഞ്ഞ് ചെന്നൈ സൂപ്പർ കിങ്‌സ്



ന്യൂ ഡൽഹി: ചെന്നൈ സൂപ്പർ കിങ്‌സിന്റെ മുൻ ക്യാപ്റ്റൻ എം.എസ് ധോണി ടീമിൽ 25 ശതമാനം ഓഹരി ആവശ്യപ്പെട്ടുവെന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിൽ വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് ഈ ആവശ്യം 20 ശതമാനമായി കുറച്ചെന്നും, എന്നാൽ ഫ്രാഞ്ചൈസി 5.5 ശതമാനം ഓഹരി മാത്രമാണ് വാഗ്ദാനം ചെയ്തതെന്നുമായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ഈ വിഷയത്തിൽ ഏറെ നാളത്തെ അഭ്യൂഹങ്ങൾക്ക് ശേഷം ഒടുവിൽ മൗനം വെടിഞ്ഞിരിക്കുകയാണ് സി.എസ്.കെ മാനേജ്‌മെന്റ്.

ടീമിന് അഞ്ച് ഐ.പി.എൽ കിരീടങ്ങൾ നേടിക്കൊടുത്ത ധോണി ഇപ്പോഴും സി.എസ്.കെയുടെ ഭാഗമായി തുടരുകയാണ്. “ഓഹരിയെക്കുറിച്ച് എം.എസ് ധോണി ഒരിക്കലും ഞങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല. ഞങ്ങൾ ആ വിഷയം ഇതുവരെ ചർച്ച ചെയ്തിട്ടുമില്ല. ഇനി അദ്ദേഹം എൻ. ശ്രീനിവാസനുമായി ഇക്കാര്യം സംസാരിച്ചതിനെക്കുറിച്ചും ഞങ്ങൾക്ക് യാതൊരു അറിവുമില്ല,” ഒരു മുതിർന്ന സി.എസ്.കെ ഉദ്യോഗസ്ഥൻ ‘ക്രിക്ക്ബസിനോട്’ വ്യക്തമാക്കി.

അതേസമയം ഫ്രാഞ്ചൈസിയിൽ ധോണിക്ക് നിലവിൽ ചില ഓഹരികളുണ്ടെന്നും പ്രസ്തുത റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സി.എസ്.കെ അൺലിസ്റ്റഡ് കമ്പനിയായതിനാൽ ഇതിന്റെ ഓഹരികൾ ഓപ്പൺ മാർക്കറ്റിൽ ട്രേഡ് ചെയ്യപ്പെടുന്നില്ല. അതുകൊണ്ടുതന്നെ ഓഫ്-മാർക്കറ്റ് ഇടപാടുകളിലൂടെ സ്വകാര്യമായാണ് ഇവ സ്വന്തമാക്കാനാകുക. ധോണിക്ക് നിലവിൽ ഒരു ലക്ഷത്തിലധികം സി.എസ്.കെ ഓഹരികളുണ്ടെന്നാണ് വിവരം. എന്നാൽ ഇത് വളരെ ചെറിയൊരു ശതമാനം മാത്രമാണ്. കമ്പനിയുടെ മൊത്തം ഓഹരി മൂലധനത്തിന്റെ 40 ശതമാനത്തോളം വരുന്ന 30 കോടിയിലധികം ഷെയറുകൾ പൊതുജനങ്ങളുടെ പക്കലാണുള്ളത്. മുൻ ബി.സി.സി.ഐ അധ്യക്ഷൻ എൻ. ശ്രീനിവാസന്റെ കുടുംബത്തിനാണ് 55 ശതമാനത്തിലധികം വരുന്ന നിയന്ത്രണ ഓഹരിയുള്ളത്.

ഒരു ഐ.പി.എൽ ഫ്രാഞ്ചൈസിയുടെ നിലവിലെ വിപണി മൂല്യം അടിസ്ഥാനമാക്കുമ്പോൾ ധോണിയുടെ ഓഹരികൾക്ക് 2.6 മുതൽ 3 കോടി രൂപ വരെ മൂല്യമുണ്ടാകാം. (ഏറ്റവും അവസാനമായി വിറ്റുപോയ ഐ.പി.എൽ ടീമിന് 16,600 കോടിയിലധികം രൂപയായിരുന്നു ലഭിച്ചത്). ധോണിയുടെ നിലവിലെ ആകെ ആസ്തി ഏകദേശം 1,200 കോടി രൂപയാണ്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റർ ആകാശ് ചോപ്രയും ധോണിക്കെതിരായ ഈ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞു. ധോണി ഓഹരി ചോദിച്ചെന്ന വാദം യാഥാർഥ്യത്തിന് നിരക്കാത്തതാണെന്നും, കരുതിക്കൂട്ടി കെട്ടിച്ചമച്ച വാർത്തയാണിതെന്നുമാണ് (planted story) അദ്ദേഹം തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കിയത്.

“കഴിഞ്ഞ ദിവസം ആർ.സി.ബിയെക്കുറിച്ച് സംസാരിക്കുമ്പോൾ അവർക്ക് 1.7 മുതൽ 1.8 ബില്യൺ വരെ മൂല്യമുണ്ടെന്ന് കേട്ടിരുന്നു. സി.എസ്.കെയും ഇതേ നിലവാരത്തിലുള്ള ഫ്രാഞ്ചൈസിയാണ്. നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും മൂല്യം കണക്കാക്കാം, എന്നാൽ അഞ്ച് കിരീടങ്ങളുള്ള, ഇന്ത്യക്ക് പുറത്തും ഒന്നിലധികം ടീമുകളുള്ള ഗംഭീര ബ്രാൻഡാണ് ചെന്നൈ സൂപ്പർ കിങ്‌സ്. അതിന് 1.8 ബില്യൺ മൂല്യമുണ്ടെങ്കിൽ, അതിൽ 25 ശതമാനം ഓഹരി ധോണി ചോദിച്ചു എന്നത് തീർത്തും അവിശ്വസനീയമാണ്. ഇത് അസാധ്യമാണ്. ആരും ആർക്കും 400 മില്യൺ വെറുതെ കൊടുക്കില്ല. 25 ശതമാനം ഓഹരി വേണമെങ്കിൽ 400 മില്യൺ നിക്ഷേപിക്കേണ്ടതുണ്ട്. ആ കണക്കുകൾ തന്നെ വിചിത്രമാണ്. ഒരു ഐ.പി.എൽ ടീമിലും ആരും ആർക്കും 25 ശതമാനം ഓഹരി വെറുതെ നൽകാൻ പോകുന്നില്ല,” ആകാശ് ചോപ്ര പറഞ്ഞു.



© Madhyamam