
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) സംസ്ഥാനത്തെ യുവതാരങ്ങൾക്ക് തങ്ങളുടെ കായികമികവ് തെളിയിക്കാനുള്ള മികച്ച വേദിയാണെന്ന് വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ൽ. ലീഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. കെ.സി.എൽ ഫ്രാഞ്ചൈസിയായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ സഹഉടമ കൂടിയാണ് ഈ മുൻ കരീബിയൻ താരം.
ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും മികച്ച ക്രിക്കറ്റ് പ്രതിഭകളുണ്ടെന്നും ഐ.പി.എൽ പോലുള്ള ടൂർണമെന്റുകളിൽ അത് പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സുഹൃത്ത് വഴിയാണ് താൻ കൊച്ചി ടീമിന്റെ ഭാഗമാകുന്നത്. ഇത്തരം പ്രാദേശിക ലീഗുകളിലൂടെ കൂടുതൽ പ്രതിഭകൾ ഉയർന്നുവരേണ്ടതുണ്ട്. പ്രഫഷനൽ കളിജീവിതം അവസാനിപ്പിച്ചെങ്കിലും ക്രിക്കറ്റുമായുള്ള ബന്ധം വിടുന്നില്ല. യുവതാരങ്ങളുടെ മെന്ററായി പ്രവർത്തിക്കാനും തന്റെ ദീർഘകാലത്തെ അനുഭവസമ്പത്ത് അവരുമായി പങ്കുവെക്കാനും കഴിയുന്ന പുതിയ റോൾ താൻ ഏറെ ആസ്വദിക്കുന്നതായും ഗെയ്ൽ വ്യക്തമാക്കി. വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഭാവിയിൽ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.
മുമ്പും കേരളം സന്ദർശിച്ചിട്ടുള്ള ഗെയ്ൽ, ഇവിടേക്ക് വീണ്ടും വരാനായതിലുള്ള അതിയായ സന്തോഷം പങ്കുവെച്ചു. കേരളത്തിലെ തനതു ഭക്ഷണവിഭവങ്ങൾ, പ്രത്യേകിച്ച് ഇവിടുത്തെ മത്സ്യവിഭവങ്ങൾ തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശനിയാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ആരാധകർക്കായി ക്രിസ് ഗെയ്ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം ഒരുക്കിയിട്ടുണ്ട്.
