മാനവ് സുത്താറിന് പത്ത് വിക്കറ്റ്; ശ്രീലങ്കക്കെതിരെ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസ് ജയം



ഗാലെ: ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്‍റെ വമ്പൻ ജയം. രണ്ടാം ഇന്നിങ്സിൽ 382 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ആതിഥേയർ 206 റൺസിൽ ഓൾ ഔട്ടായി. മാനവ് സുത്താറിന്‍റെ തകർപ്പൻ ബൗളിങ്ങാണ് ലങ്കയെ തകർത്തത്. രണ്ടു ഇന്നിങ്സുകളിലായി 10 വിക്കറ്റാണ് താരം വീഴ്ത്തിയത്. സ്കോർ: ഇന്ത്യ 462 & 193, ശ്രീലങ്ക 284 & 206.

രണ്ടാം ഇന്നിങ്സിൽ മാനവ് 23.4 ഓവറിൽ 55 റൺസ് വിട്ടുകൊടുത്ത് ആറു വിക്കറ്റെടുത്തു. താരത്തിന്‍റെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് പ്രകടനം. ഒന്നാം ഇന്നിങ്സിൽ നാലു വിക്കറ്റ് നേടിയിരുന്നു. 84 റൺസെടുത്ത സോനൽ ദിനുഷയാണ് ലങ്കയുടെ ടോപ് സ്കോറർ. ക്യാപ്റ്റൻ ധനഞ്ജയ ഡിസിൽവ 59 റൺസെടുത്തു. മറ്റുള്ളവർക്കൊന്നും പിടിച്ചുനിൽക്കാനായില്ല. നാലു വിക്കറ്റിന് 88 റൺസെന്ന നിലയിലാണ് അവസാന ദിനം ലങ്ക ബാറ്റിങ്ങിനിറങ്ങിയത്. ആറു വിക്കറ്റ് കൈയിലിരിക്കെ ജയിക്കാൻ 288 റൺസ് വേണം. ഡിസിൽവ (151 പന്തിൽ 59), സൊനാൽ ദിനുഷ (128 പന്തിൽ 84), നിരോഷാൻ ഡിക്ക്വല്ല (69 പന്തിൽ 20), പ്രഭാത് ജയസൂര്യ (പൂജ്യം), ലഹിരു കുമാര (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് അഞ്ചാംദിനം നഷ്ടമായത്. റണ്ണൊന്നും എടുക്കാതെ അഷിക ഫെർണണ്ടോ പുറത്താകാതെ നിന്നു.

ഇന്ത്യക്കായി പ്രസിദ്ധ് കൃഷ്ണ രണ്ടും മുഹമ്മദ് സിറാജ്, രവീന്ദ്ര ജദേജ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ജയത്തോടെ രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി (1-0). ജയിച്ചെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തു തന്നെയാണ്. 48.15ൽനിന്ന് പി.സി.ടി 53.33 ആയി ഉയർന്നു.

രണ്ടാം ഇന്നിങ്സിൽ 69 പന്തിൽ 66 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്കോറർ. രണ്ട് സിക്സറും എട്ട് ഫോറുമടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്സ്. ടെസ്റ്റിൽ 100 സിക്സർ ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോഡും പന്ത് നേടി.

ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലും (44), കെ.എൽ. രാഹുലും (35) മാത്രമാണ് പന്തിന് പുറമെ ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. ബാക്കി എട്ട് താരങ്ങളും ഒറ്റക്കത്തിലൊതുങ്ങി.

മറുപടി ബാറ്റിങ്ങിന്റെ ഏഴാം ഓവറിൽ ലങ്കയുടെ ആദ്യ വിക്കറ്റ് വീണു. ഓപണർ നിഷാൻ മദുഷ്ക ഫെർണാണ്ടോയെ (6) പ്രസിദ്ധ് കൃഷ്ണയുടെ കൈകളിലേക്കയച്ചു സിറാജ്. സ്കോർ ബോർഡിൽ അപ്പോൾ 13. തുടർന്നെത്തിയ പസിന്ദു സൂര്യബന്ദാര (0) നേരിട്ട ആദ്യ പന്തിൽത്തന്നെ പുറത്ത്. സുത്താർ വിക്കറ്റിന് മുന്നിൽ കുടുക്കി പസിന്ദുവിനെ. 14ൽ രണ്ടാം വിക്കറ്റ് ലഭിച്ച ഇന്ത്യ നിർത്തിയില്ല. കമിന്ദു മെൻഡിസിനെ (2) രാഹുലിനെ ഏൽപിച്ച് പ്രസിദ്ധിന്റെ പ്രഹരം. മൂന്നിന് 21. മറ്റൊരു ഓപണർ ലാഹിറു ലഹിരു ഉദാര ഇഗലഗമഗെ (16) സുത്താറിന് രണ്ടാം വിക്കറ്റ് നൽകിയതോടെ ആതിഥേയർ തീർത്തും പരുങ്ങലിലായി.



© Madhyamam