വിശ്വരൂപം പൂണ്ട് വൈഭവ്! സചിന്‍റെ റെക്കോഡ് മറികടന്ന് ‘വണ്ടർ കിഡ്’


വൈഭവ് സൂര്യവംശി സചിൻ തെണ്ടുൽക്കർ

ഹരാരെ: ഒടുവിൽ ഇന്ത്യൻ കുപ്പായത്തിലും വിശ്വരൂപം കാണിച്ച് ‘വണ്ടർ കിഡ്’ വൈഭവ് സൂര്യവംശി. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 മത്സരങ്ങളിൽ നിരാശപ്പെടുത്തിയെങ്കിലും വെടിക്കെട്ട് അർധ സെഞ്ച്വറിയുമായി സിംബാബ്‌വെക്കെതിരെ താരം തനിനിറം കാട്ടി.

ഇംഗ്ലണ്ടിനെതിരെ 14, 13, 15 എന്നിങ്ങനെയായിരുന്നു താരത്തിന്‍റെ ബാറ്റിങ്. സിംബാബ്‌വെക്കെതിരെ നാലു വീതും ഫോറും സിക്സറുമടക്കം 18 പന്തിലാണ് സൂര്യവംശി അർധ സെഞ്ച്വറിയിലെത്തിയത്. തൊട്ടടുത്ത പന്തിൽ പുറത്തായെങ്കിലും ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കറുടെ റെക്കോഡ് പഴങ്കഥയാക്കി.

1989ൽ സചിൻ കുറിച്ച റെക്കോഡ് ഉൾപ്പെടെ മൂന്ന് ലോക റെക്കോഡുകളാണ് സൂര്യവംശി ഇന്ന് തകർത്തത്. ജൂലൈ 23ലെ കണക്കുപ്രകാരം സൂര്യവംശിക്ക് 15 വയസ്സും 118 ദിവസവുമാണ് പ്രായം.

ഐ.സി.സിയുടെ പൂർണ അംഗത്വ രാജ്യങ്ങളിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അർധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ്. 1989ൽ പാകിസ്താനെതിരെ ഫൈസലാബാദിൽ സചിൻ കുറിച്ച റെക്കോഡാണ് മറികടന്നത്. അന്ന് സചിന് പ്രായം 16 വയസ്സും 213 ദിവസവും. കൂടാതെ, ട്വന്‍റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ അർധ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും വൈഭവ് സ്വന്തമാക്കി. പുരുഷ അന്താരാഷ്ട്ര ക്രിക്കറ്റിൽ (ഫുൾ മെമ്പറും അസോസിയേറ്റ് ടീമുകളും ഉൾപ്പെടെ) 50ലധികം റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും സൂര്യവംശിയാണ്. അദ്ദേഹത്തിന് മുമ്പ് 16 വയസ്സിന് തികയുന്നതിന് മുമ്പ് അർധ സെഞ്ച്വറി നേടിയ ഏക താരം നേപ്പാളിന്റെ കുശാൽ മല്ല മാത്രമായിരുന്നു. 2020ൽ കീർത്തിപൂരിൽ യു.എസ്.എക്കെതിരായ ഏകദിനത്തിൽ 15 വയസ്സും 340 ദിവസവും പ്രായമുള്ളപ്പോഴാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

ഹരാരെയിൽ നടന്ന ആദ്യ ട്വന്‍റി20യിൽ സിംബാബ്വെയെ ഏഴു വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ശ്രേയസ് അയ്യർ നായക പദവി ഏറ്റെടുത്തശേഷമുള്ള ഇന്ത്യയുടെ ആദ്യ ജയമാണിത്. ആദ്യം ബാറ്റു ചെയ്ത ആതിഥേയർ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 40 പന്തുകൽ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി, 13.2 ഓവറിൽ 126 റൺസ്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ അർധ സെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ താരങ്ങൾ

15 വയസ്സ് 118 ദിവസം -വൈഭവ് സൂര്യവംശി vs സിംബാബ്‌വെ, ഹരാരെ, 2026 (ട്വന്‍റി20)

16 വയസ്സ് 213 ദിവസം – സചിൻ തെണ്ടുൽക്കർ vs പാകിസ്താൻ, ഫൈസലാബാദ്, 1989 (ടെസ്റ്റ്)

16 വയസ്സ് 214 ദിവസം – ഷാഹിദ് അഫ്രീദി vs ശ്രീലങ്ക, നെയ്‌റോബി, 1996 (ഏകദിനം)

17 വയസ്സ് 39 ദിവസം – മുഷ്താഖ് മുഹമ്മദ് (പാകിസ്താൻ) vs ഇന്ത്യ, കൊൽക്കത്ത, 1960 (ടെസ്റ്റ്)

17 വയസ്സ് 63 ദിവസം – മുഹമ്മദ് അഷ്‌റഫുൾ (ബംഗ്ലാദേശ്) vs ശ്രീലങ്ക, കൊളംബോ, 2001 (ടെസ്റ്റ്)

© Madhyamam