എഫ്എ കപ്പ് ഫൈനലിൽ തുടർച്ചയായ തോൽവി; നാണക്കേടിന്റെ റെക്കോർഡുമായി ചെൽസി


എഫ്എ കപ്പ് ഫൈനലിൽ തുടർച്ചയായി നാലാം തോൽവി; നാണക്കേടിന്റെ റെക്കോർഡുമായി ചെൽസി

ലെസ്റ്റർ സിറ്റിക്ക് ശേഷം എഫ്എ കപ്പ് ഫൈനലിൽ തുടർച്ചയായി നാല് തവണ തോൽവി വഴങ്ങുന്ന ആദ്യ ടീമായി ചെൽസി മാറി.

വെംബ്ലിയിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് 1-0 ന് പരാജയപ്പെട്ടതോടെയാണ് ചെൽസിക്ക് ഈ മോശം റെക്കോർഡ് സ്വന്തമായത്. മത്സരത്തിൽ അന്റോയ്ൻ സെമെന്യോയാണ് നിർണായകമായ ഗോൾ നേടിയത്.

2020, 2021, 2022, 2026 വർഷങ്ങളിലെ എഫ്എ കപ്പ് ഫൈനലുകളിലാണ് ചെൽസി പരാജയപ്പെട്ടത്.

2020-ൽ ആഴ്സണലിനോട് 2-1 നും തൊട്ടടുത്ത വർഷം ലെസ്റ്ററിനോട് 1-0 നും ചെൽസി തോറ്റു. 2022-ലെ ഫൈനലിൽ ലിവർപൂളിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു ടീമിന്റെ തോൽവി.

ക്ലബ് ക്യാപ്റ്റൻ റീസ് ജെയിംസും ഈ നാണക്കേടിന്റെ റെക്കോർഡിൽ പങ്കാളിയായി. നാല് എഫ്എ കപ്പ് ഫൈനലുകളിൽ കളിക്കുകയും നാലിലും പരാജയപ്പെടുകയും ചെയ്യുന്ന രണ്ടാമത്തെ താരമായി റീസ് ജെയിംസ് മാറി. പോൾ ബ്രേസ്‌വെല്ലിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡിനൊപ്പമാണ് താരം എത്തിയത്.

ലണ്ടനിൽ നടന്ന തുടർച്ചയായ ആറ് ഡൊമസ്റ്റിക് കപ്പ് ഫൈനലുകളിലും ചെൽസി തോൽവി നേരിട്ടു.

© Madhyamam