ഒരു സീസണിൽ 58 ഗോളുകൾ; ലൂയിസ് സുവാരസിന് ശേഷം ചരിത്രം കുറിച്ച് ഹാരി കെയ്ൻ


യൂറോപ്യൻ ഫുട്ബോളിൽ ചരിത്രം കുറിച്ച് ഹാരി കെയ്ൻ; സീസണിൽ 58 ഗോളുകൾ

യൂറോപ്പിലെ മുൻനിര അഞ്ച് ഫുട്ബോൾ ലീഗുകളിൽ നിന്ന് ഒരു സീസണിൽ 58 ഗോളുകൾ തികയ്ക്കുന്ന ആദ്യ താരമായി ബയേൺ മ്യൂണിക്കിന്റെ ഹാരി കെയ്ൻ മാറി. 2015/16 സീസണിൽ ബാഴ്‌സലോണയ്ക്ക് വേണ്ടി ലൂയിസ് സുവാരസ് ഈ നേട്ടം കൈവരിച്ചതിന് ശേഷം ഇതാദ്യമായാണ് ഒരു താരം ഈ റെക്കോർഡിലെത്തുന്നത്.

ബുണ്ടസ്‌ലിഗയിലെ അവസാന മത്സരത്തിൽ കൊളോണിനെതിരെ ബയേൺ മ്യൂണിക്ക് 5-1 ന് ജയിച്ചപ്പോൾ ഹാട്രിക്ക് നേടിയാണ് കെയ്ൻ ഈ നാഴികക്കല്ല് പിന്നിട്ടത്.

2015/16 സീസണിൽ എല്ലാ ടൂർണമെന്റുകളിലുമായി സുവാരസ് 59 ഗോളുകൾ നേടിയിരുന്നു. സുവാരസിന്റെ ഈ റെക്കോർഡിനൊപ്പമെത്താൻ ഹാരി കെയ്ന് ഇനി ഒരു ഗോൾ കൂടി മതി.

കെയ്ൻ അടിച്ചുകൂട്ടിയ 58 ഗോളുകളിൽ 36 എണ്ണം ബുണ്ടസ്‌ലിഗയിൽ നിന്നും, 14 എണ്ണം യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും, എട്ടെണ്ണം ആഭ്യന്തര കപ്പ് മത്സരങ്ങളിൽ നിന്നുമാണ്.

തന്റെ കരിയറിലെ ഏറ്റവും മികച്ച ഗോൾവേട്ടക്കാലത്തിലൂടെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റനായ കെയ്ൻ കടന്നുപോകുന്നത്. കൂടാതെ, തുടർച്ചയായ മൂന്നാം തവണയും ബുണ്ടസ്‌ലിഗ ഗോൾഡൻ ബൂട്ട് പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി.

© Madhyamam