2026 ഫിഫ ലോകകപ്പ് ഫൈനൽ ഹാഫ് ടൈമിൽ മഡോണ, ഷാക്കിറ, ബിടിഎസ് എന്നിവർ ഒന്നിക്കുന്നു


2026 ജൂലൈ 19-ന് ന്യൂയോർക്ക് ന്യൂ ജേഴ്സി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 48 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ വേദിയിലാണ് ഈ വിനോദ പരിപാടി അരങ്ങേറുക. കോൾഡ്‌പ്ലേയുടെ പ്രധാന ഗായകൻ ക്രിസ് മാർട്ടിനാണ് പരിപാടിയുടെ ക്യൂറേറ്റർ.

ഫുട്ബോളിന്റെ ഏറ്റവും വലിയ മത്സരത്തെ സൂപ്പർ ബൗളിന് സമാനമായ രീതിയിൽ മാറ്റാനാണ് ഈ നീക്കം. ഗ്ലോബൽ സിറ്റിസൺ, ലൈവ് നേഷൻ, ഡൺ + ഡസ്റ്റഡ് എന്നിവരുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഫുട്ബോളിന്റെ വലിയ വേദിയിൽ മഡോണയും ഷാക്കിരയും ബിടിഎസും

ഫുട്ബോളിന്റെ ആഗോള സ്വാധീനത്തെ ഈ പരിപാടി പ്രതിഫലിപ്പിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ പറഞ്ഞു.

“മഡോണ, ഷാക്കിര, ബിടിഎസ് എന്നിവർ അതിർത്തികൾക്കും തലമുറകൾക്കും അതീതമായി ആരാധകരുള്ളവരാണ്. ഫിഫ ലോകകപ്പ് ഫൈനലിന്റെ ചരിത്രത്തിലെ ആദ്യ ഹാഫ് ടൈം ഷോയിൽ ഇവരെ സ്വാഗതം ചെയ്യുന്നതിൽ അഭിമാനമുണ്ട്,” ഇൻഫാന്റിനോ വ്യക്തമാക്കി.

“2026 ജൂലൈ 19-ന് ലോകം ഫുട്ബോളിനായി ഒത്തുചേരുമ്പോൾ, ഈ പരിപാടി ഫിഫ ഗ്ലോബൽ സിറ്റിസൺ എഡ്യൂക്കേഷൻ ഫണ്ടിനെ പിന്തുണയ്ക്കും. ലോകമെമ്പാടുമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസവും ഫുട്ബോൾ അവസരങ്ങളും നൽകുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഫുട്ബോളിനെയും ഐക്യത്തെയും ആഘോഷിക്കുന്ന ഈ നിമിഷം ഫൈനൽ വിസിൽ മുഴങ്ങിയതിന് ശേഷവും ഓർമ്മിക്കപ്പെടും,” അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഈ പരിപാടിയിൽ പങ്കുചേരാൻ സാധിക്കുന്നത് വലിയ കാര്യമാണെന്ന് മഡോണ പറഞ്ഞു.

“വിദ്യാഭ്യാസത്തിലൂടെയല്ലാതെ കുട്ടികൾക്ക് അവസരങ്ങൾ ലഭിക്കില്ല. മികച്ച വിദ്യാഭ്യാസം ലഭിക്കാൻ എല്ലാ കുട്ടികൾക്കും അവകാശമുണ്ട്. അതാണ് മാറ്റങ്ങൾ കൊണ്ടുവരുന്നത്,” മഡോണ പറഞ്ഞു.

ഫീഫ ഗ്ലോബൽ സിറ്റിസൺ എഡ്യൂക്കേഷൻ ഫണ്ട് ബോർഡ് അംഗം കൂടിയായ ഷാക്കിര, തന്റെ പ്രവർത്തനങ്ങൾ സംഗീതവുമായി ചേർത്തുവെക്കുകയാണെന്ന് വ്യക്തമാക്കി.

“പാട്ടുകൾ നിർമ്മിക്കുക, സ്കൂളുകൾ പണിയുക എന്നീ രണ്ട് കാര്യങ്ങളാണ് ഞാൻ ഇതുവരെ ചെയ്തത്. ഈ ലോകകപ്പ് വേദിയിൽ അവ രണ്ടും ഒന്നിക്കുന്നു. മഡോണയ്ക്കും ബിടിഎസിനും ഒപ്പം ഞാൻ ‘ഡായ് ഡായ്’ എന്ന ഗാനം അവതരിപ്പിക്കും. ഈ ഫണ്ടിലൂടെ ലോകമെമ്പാടുമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസ സഹായം എത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം,” ഷാക്കിര പറഞ്ഞു.

ഇതു കൂടി വായിക്കൂ: 1.185 ബില്യൺ പൗണ്ട് ആസ്തിയുമായി യുകെയിലെ ആദ്യ ശതകോടീശ്വരനായ കായികതാരമായി ഡേവിഡ് ബെക്കാം

സാംസ്കാരികമായ ഒത്തുചേരലിന് സംഗീതം പാലമായി വർത്തിക്കുമെന്ന് ബിടിഎസ് അഭിപ്രായപ്പെട്ടു.

“പ്രതീക്ഷയുടെയും ഐക്യത്തിന്റെയും സാർവത്രിക ഭാഷയാണ് സംഗീതം. കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കുന്നതിനായി ഈ ലോകകപ്പ് വേദിയിൽ സംഗീതത്തിന്റെ ശക്തി ആഘോഷിക്കാൻ സാധിക്കുന്നത് വലിയ ബഹുമതിയാണ്,” ബിടിഎസ് പറഞ്ഞു.

പരിപാടിയിലൂടെ ദീർഘകാലാടിസ്ഥാനത്തിലുള്ള മാറ്റമാണ് ലക്ഷ്യമിടുന്നതെന്ന് ഗ്ലോബൽ സിറ്റിസൺ സിഇഒ ഹഗ് ഇവാൻസ് പറഞ്ഞു.

“ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ ഒന്നിപ്പിക്കുന്ന പരിപാടിയാണ് ഫിഫ ലോകകപ്പ്. കുട്ടികൾക്കായി ഒരു മാറ്റം സൃഷ്ടിക്കുകയാണ് ഇതിലൂടെ ഞങ്ങൾ ഉദ്ദേശിക്കുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷം ദശലക്ഷക്കണക്കിന് കുട്ടികളുടെ ജീവിതത്തിൽ ഈ പരിപാടി മാറ്റം കൊണ്ടുവരുമെന്ന് ഞാൻ വിശ്വസിക്കുന്നു,” ഇവാൻസ് പറഞ്ഞു.

പരിപാടിയെക്കുറിച്ച് സംസാരിക്കവേ, എല്ലാവരെയും സ്വാഗതം ചെയ്യുന്ന ഒന്നായിരിക്കും ഇതെന്നും ക്രിസ് മാർട്ടിൻ വ്യക്തമാക്കി.

ഈ പരിപാടിയിൽ സെസമി സ്ട്രീറ്റ്, ദ മപ്പറ്റ്സ് എന്നീ പരിപാടികളിലെ കഥാപാത്രങ്ങളും പങ്കെടുക്കും.

ഫിഫ ഗ്ലോബൽ സിറ്റിസൺ എഡ്യൂക്കേഷൻ ഫണ്ടിന്റെ ഉപദേശക സമിതിയിൽ ജിയാനി ഇൻഫാന്റിനോ, ഹഗ് ഇവാൻസ്, ഷാക്കിര, ഹഗ് ജാക്ക്മാൻ, ഇവാങ്ക ട്രംപ്, ദ വീക്കെൻഡ്, സെറീന വില്യംസ്, കക്ക, ജിം ഡിമേർ എന്നിവരുണ്ട്. 10 രാജ്യങ്ങളിലെ കുട്ടികൾക്ക് ഇതിനകം സഹായം നൽകിത്തുടങ്ങിയെന്ന് ഫിഫ അറിയിച്ചു.

അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് 2026 ലോകകപ്പ് നടക്കുന്നത്. ന്യൂയോർക്ക് ന്യൂ ജേഴ്സി സ്റ്റേഡിയത്തിലെ ഫൈനൽ ഫുട്ബോളിന്റെയും വിനോദത്തിന്റെയും വലിയൊരു സംഗമമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.

© Madhyamam