ലോകകപ്പ് അരങ്ങേറ്റത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ കുറാക്കാവോ പരിശീലകൻ ഫ്രെഡ് റൂട്ടൻ രാജിവെച്ചു


കുറക്കാവോ ഫുട്ബോൾ ടീം പരിശീലകൻ ഫ്രെഡ് റൂട്ടൻ രാജിവെച്ചു

ചരിത്രത്തിലാദ്യമായി ലോകകപ്പിന് യോഗ്യത നേടിയ കുറക്കാവോ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകൻ ഫ്രെഡ് റൂട്ടൻ സ്ഥാനമൊഴിഞ്ഞു. ടീം ലോകകപ്പിനായുള്ള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെയാണ് ഫുട്ബോൾ ഫെഡറേഷനെ അദ്ദേഹം തന്റെ രാജി വിവരം അറിയിച്ചത്.

ഫെഡറേഷൻ അധികൃതരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് 63 വയസ്സുകാരനായ ഡച്ച് പരിശീലകൻ ഈ തീരുമാനമെടുത്തത്. ടീമിലും സ്റ്റാഫുകൾക്കിടയിലും സ്ഥിരതയും ആരോഗ്യകരമായ പ്രൊഫഷണൽ ബന്ധങ്ങളും നിലനിർത്തേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

“ആരോഗ്യകരമായ പ്രൊഫഷണൽ ബന്ധങ്ങളെ ബാധിക്കുന്ന തരത്തിലുള്ള അന്തരീക്ഷം ഉണ്ടാകാൻ പാടില്ല. അതുകൊണ്ടാണ് രാജി വെക്കുന്നത് ശരിയായ തീരുമാനമായി കാണുന്നത്. സമയം വളരെ കുറവായതിനാൽ കുറക്കാവോ ഫുട്ബോൾ ടീമിന് മുന്നോട്ട് പോകേണ്ടതുണ്ട്,” റൂട്ടൻ പ്രതികരിച്ചു.

ഫെബ്രുവരിയിൽ ഡിക്ക് അഡ്‌വോക്കാറ്റിന് പകരക്കാരനായാണ് റൂട്ടൻ പരിശീലക സ്ഥാനത്തെത്തിയത്. എന്നാൽ ചുരുങ്ങിയ കാലയളവിനുള്ളിൽ അദ്ദേഹം ടീമിനെ രണ്ട് മത്സരങ്ങളിൽ മാത്രമാണ് പരിശീലിപ്പിച്ചത്. ഈ രണ്ട് മത്സരങ്ങളിലും ടീം പരാജയപ്പെട്ടു. 2026-ലെ ലോകകപ്പിൽ ജർമ്മനി, ഇക്വഡോർ, ഐവറികോസ്റ്റ് എന്നിവരടങ്ങുന്ന കടുപ്പമേറിയ ഗ്രൂപ്പ് ഇയിലാണ് കുറക്കാവോ മത്സരിക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ പരിശീലകനെ കണ്ടെത്തേണ്ട വലിയ ഉത്തരവാദിത്തമാണ് ഫെഡറേഷന് മുന്നിലുള്ളത്.

© Madhyamam