വില്യംസിന്റെ ഗോളിൽ ജെഎഫ്‌സിക്കെതിരെ ബിഎഫ്‌സിക്ക് ജയം


ജംഷഡ്പുർ എഫ്‌സിക്കെതിരെ നടന്ന ഐഎസ്എൽ മത്സരത്തിൽ ബെംഗളൂരു എഫ്‌സിക്ക് തകർപ്പൻ വിജയം. ജംഷഡ്പുരിലെ ജെആർഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളൂരു വിജയം സ്വന്തമാക്കിയത്. ഈ വിജയത്തോടെ 20 പോയിന്റുകളുമായി ബെംഗളൂരു എഫ്‌സി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു.

മത്സരത്തിന്റെ 38-ാം മിനിറ്റിൽ റയാൻ വില്യംസാണ് ബെംഗളൂരുവിന്റെ വിജയഗോൾ നേടിയത്. സഹതാരം ലാൽറെംത്ലുവംഗ ഫാനായി നൽകിയ പന്ത് കൃത്യമായി മുതലെടുത്ത വില്യംസ്, ജംഷഡ്പുർ ഗോൾകീപ്പർ അൽബിനോ ഗോമസിനെ മറികടന്ന് പന്ത് വലയിലാക്കുകയായിരുന്നു. ബെംഗളൂരുവിന്റെ പുതിയ പരിശീലകനായ പെപ് മുനോസിന്റെ കീഴിലുള്ള ആദ്യ വിജയമാണിത്.

മറുഭാഗത്ത് ജംഷഡ്പുരിന് ഇത് വലിയൊരു തിരിച്ചടിയായി. ഈ വിജയം നേടിയിരുന്നെങ്കിൽ അവർക്ക് പോയിന്റ് പട്ടികയിൽ ഒന്നാമതെത്താനുള്ള അവസരമായിരുന്നു നഷ്ടമായത്. പ്രതിരോധ താരം പ്രതീക് ചൗധരി മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ജംഷഡ്പുരിന് ലക്ഷ്യം കാണാനായില്ല. ലീഗിലെ മറ്റൊരു മത്സരത്തിൽ മോഹൻ ബഗാൻ എഫ്‌സി ഗോവയുമായി സമനിലയിൽ പിരിഞ്ഞു.

© Madhyamam