
ജയ്പുർ: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 77 റൺസ് ജയം. ഗുജറാത്ത് വെച്ചുനീട്ടിയ 230 റൺസ് വിജയലക്ഷ്യത്തിന് അടുത്തെത്താനാകാതെ രാജസ്ഥാൻ 16.3 ഓവറിൽ 152 റൺസിന് എല്ലാവരും പുറത്തായി. ഓപണർമാരായ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (44 പന്തിൽ 84 റൺസ്) സായി സുദർശനും (36 പന്തിൽ 55) അടിച്ചുതകർത്തപ്പോൾ ഗുജറാത്ത് റൺമല കയറി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനായി ഗില്ലും സായിയും ഉജ്ജ്വല തുടക്കം നൽകി. 11ാം ഓവറിൽ സായിയെ പുറത്താക്കി യാഷ് രാജ് പുഞ്ച ഈ കൂട്ടുകെട്ട് ഭേദിക്കുമ്പോൾ സ്കോർ ബോർഡിൽ 118. ജോസ് ബട്ട്ലറുടെ സംഭാവന 13ൽ ഒതുങ്ങി. ഏഴ് റൺസെടുത്ത ജേസൺ ഹോൾഡറെ ബ്രിജേഷ് പുറത്താക്കി. 20 പന്തിൽ 37 റൺസുമായി അപരാജിതനായി നിന്ന വാഷിങ്ടൺ സുന്ദറിന്റെ വെടിക്കെട്ടാണ് സ്കോർ 200ന് മുകളിലെത്തിച്ചത്.
മറുപടി ബാറ്റിങ്ങിൽ രാജസ്ഥാൻ വൈഭവ് സൂര്യവൻശിയുടെ (16 പന്തിൽ 36) വെടിക്കെട്ട് ബാറ്റിങ് കരുത്തിൽ ഉജ്ജ്വലമായാണ് തുടങ്ങിയത്. മൂന്നാം ഓവറിൽ സൂര്യവൻശി വീണതോടെ ഇന്നിങ്സ് താളം തെറ്റി. പത്ത് പന്തിൽ 24 റൺസെടുത്ത ധ്രുവ് ജുറേലും 25 പന്തിൽ 38 റൺസെടുത്ത രവീന്ദ്ര ജഡേജയും മികച്ച പ്രകടനം നടത്തി. ഗുജറാത്തിനായി റാഷിദ് ഖാൻ നാലും ജേസൻ ഹോൾഡർ മൂന്നും കഗിസോ റബാദ രണ്ടും മുഹമ്മദ് സിറാജ് ഒന്നും വിക്കറ്റ് വീഴ്ത്തി. പരിക്കേറ്റ റിയാൻ പരാഗിനുപകരം യശസ്വി ജയ്സ്വാളാണ് രാജസ്ഥാനെ നയിച്ചത്.
