
അഹമ്മദാബാദ്: ഐ.പി.എല്ലിൽ തുടർച്ചയായ മൂന്നാം ജയവുമായി ഗുജറാത്ത് ടൈറ്റൻസ് പ്ലേഓഫ് സാധ്യതകൾ സജീവമാക്കി. ആവേശപ്പോരാട്ടത്തിൽ പഞ്ചാബ് കിങ്‌സിനെ നാല് വിക്കറ്റിനാണ് ഗുജറാത്ത് തകർത്തത്. ജേസൺ ഹോൾഡറുടെ ബൗളിങ് മികവും സായ് സുദർശന്റെ (57) അർധസെഞ്ചുറിയുമാണ് ടൈറ്റൻസിന് തുണയായത്. ഈ ജയത്തോടെ 10 കളികളിൽ നിന്ന് 12 പോയിന്റുമായി ഗുജറാത്ത് അഞ്ചാം സ്ഥാനത്താണ്.
പഞ്ചാബ് ഉയർത്തിയ 164 റൺസ് വിജയലക്ഷ്യം 41 പന്തിൽ 57 റൺസെടുത്ത സായ് സുദർശന്റെയും 40 റൺസെടുത്ത വാഷിങ്ടൺ സുന്ദറിന്റെയും മികവിൽ ഗുജറാത്ത് മറികടന്നു. ഓപ്പണർ ശുഭ്മാൻ ഗിൽ (5) നിരാശപ്പെടുത്തിയെങ്കിലും ജോസ് ബട്ലർ (25) ഭേദപ്പെട്ട തുടക്കം നൽകി. അർഷാദ് ഖാൻ (8*) ടീമിനെ വിജയരേഖ കടത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 163 റൺസാണ് നേടിയത്. സൂര്യൻഷ് ഷെഡ്‌ഗെ (29 പന്തിൽ 57), മാർക്കസ് സ്റ്റോയിനിസ് (40) എന്നിവർ മാത്രമാണ് പഞ്ചാബ് നിരയിൽ പൊരുതിയത്. ഗുജറാത്തിനായി ജേസൺ ഹോൾഡർ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ സിറാജ്, റബാഡ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
