
ഐ.പി.എൽ 2026ലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന പേരാണ് രാജസ്ഥാൻ റോയൽസിന്റെ 15കാരനായ വൈഭവ് സൂര്യവംശി. കളിക്കളത്തിലെ തകർപ്പൻ പ്രകടനം കൊണ്ട് മാത്രമല്ല, തന്റെ വിനയവും തമാശ നിറഞ്ഞ പെരുമാറ്റവും കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കുകയാണ് ഈ യുവതാരം. അടുത്തിടെ വിമാനത്താവളത്തിൽ വെച്ച് സെൽഫി ചോദിച്ചെത്തിയ രണ്ട് കൊച്ചു ആരാധകരെ വൈഭവ് പറ്റിച്ച വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സെൽഫി ചോദിച്ചെത്തിയ രണ്ട് കുട്ടികളോട് വൈഭവ് വളരെ ഗൗരവത്തിൽ പറഞ്ഞു. ‘ഭായ്, ഫോട്ടോ എടുക്കണമെങ്കിൽ ഞാൻ കാശ് വാങ്ങും. കൃത്യം 100 രൂപ വേണം. തരാമെങ്കിൽ ഫോട്ടോ എടുക്കാം’ തങ്ങളുടെ പ്രിയതാരം പണം ചോദിച്ചത് കേട്ട് പാവം കുട്ടികൾ ഒന്ന് അമ്പരന്നു. അവർ പോകാനൊരുങ്ങിയപ്പോഴാണ് വൈഭവ് പൊട്ടിച്ചിരിച്ചു കൊണ്ട് ഇത് ഒരു പ്രാങ്ക് ആണെന്ന് വെളിപ്പെടുത്തിയത്. പിന്നീട് കുട്ടികളെ ചേർത്തുപിടിച്ച് കാമറയിലേക്ക് നോക്കാൻ പറഞ്ഞ് മനോഹരമായ കുറച്ച് സെൽഫികളും നൽകി. ഈ കൊച്ചു താരത്തിന്റെ എളിമയും തമാശയും ആരാധകരുടെ മനം കവരുകയാണ്. കേവലം ഒരു തമാശ എന്നതിലുപരി, വലിയ താര ജാഡകളില്ലാത്ത ഒരു കൗമാരക്കാരന്റെ നിഷ്കളങ്കതയാണ് അവിടെ കണ്ടതെന്ന് ആരാധകർ പറയുന്നു.
ഐ.പി.എല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളിലൊരാളായ വൈഭവ് കളത്തിനകത്തും പുറത്തും ഒരേപോലെ തരംഗം സൃഷ്ടിക്കുകയാണ്. വിമാനത്താവളത്തിലെ ഈ വിഡിയോ പുറത്തുവന്നതോടെ വൈഭവിന്റെ ആരാധകരുടെ എണ്ണം കുത്തനെ ഉയർന്നിരിക്കുകയാണ്. ജയ്പുരിലെ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഈ പതിനഞ്ചുകാരൻ 36 പന്തിലാണ് കരിയറിലെ രണ്ടാമത്തെ ഐ.പി.എൽ സെഞ്ച്വറി കുറിക്കുന്നത്. 37 പന്തുകൾ നേരിട്ട വൈഭവ് അഞ്ചു ഫോറും 12 സിക്സുമടക്കം 103 റൺസെടുത്തു.
ഇന്ത്യൻ പ്രീമിയർ ലീഗിലും ഇന്ത്യ അണ്ടർ 19 ടീമിലുമൊക്കെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച വൈഭവ് ഭാവിതാരമെന്ന വിശേഷണം ചെറുപ്രായത്തിലേ സ്വന്തമാക്കിയിട്ടുണ്ട്. ഐ.പി.എല്ലിലെ പുതുസീസണിൽ രാജസ്ഥാൻ റോയൽസിനായി മിന്നുന്ന പ്രകടനം കാഴ്ചവെച്ച വൈഭവ്, തന്റെ പ്രതിഭ അരക്കിട്ടുറപ്പിക്കുകയായിരുന്നു.
