ഫ്രെങ്കി ഡി യോങ് ബാഴ്‌സലോണയിൽ റെക്കോർഡ് തകർക്കുമെന്ന് ഫിലിപ്പ് കോക്കു


ബാഴ്‌സലോണയിൽ താൻ സ്ഥാപിച്ച റെക്കോർഡിന് തൊട്ടടുത്തെത്തി നിൽക്കുന്ന ഫ്രെങ്കി ഡിയോങ്ങിനെ അഭിനന്ദിച്ച് മുൻ താരം ഫിലിപ്പ് കൊകു രംഗത്ത്. ബാഴ്‌സലോണയുടെ കളിശൈലിക്ക് ഏറ്റവും അനുയോജ്യനായ താരം ഡിയോങ്ങ് ആണെന്ന് കൊകു അഭിപ്രായപ്പെട്ടു.

ഡിയോങ്ങിന്റെ കളിശൈലിയെയും വ്യക്തിത്വത്തെയും കൊകു പ്രത്യേകം എടുത്തുപറഞ്ഞു. “അദ്ദേഹത്തിന്റെ കളി ശൈലി എനിക്ക് ഏറെ ഇഷ്ടമാണ്, ഒപ്പം നല്ലൊരു വ്യക്തി കൂടിയാണ് അദ്ദേഹം. ബാഴ്‌സലോണയ്ക്ക് ഏറ്റവും അനുയോജ്യമായ പ്രൊഫൈലാണ് ഡിയോങ്ങിന്റേത്. അങ്ങേയറ്റം പ്രൊഫഷണലും വിനയവുമുള്ള താരമാണദ്ദേഹം,” കൊകു പറഞ്ഞു.

തന്റെ റെക്കോർഡ് മറികടക്കാൻ അർഹതയുള്ള താരമാണ് ബാഴ്‌സലോണ ക്യാപ്റ്റൻ എന്ന് കൊകു കൂട്ടിച്ചേർത്തു. “റെക്കോർഡുകൾ ഒരു കാലത്ത് തകർക്കപ്പെടേണ്ടതാണ്. അത് ഫ്രെങ്കി ഡിയോങ്ങ് ആണെങ്കിൽ അദ്ദേഹം അത് അർഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.

ഡിയോങ്ങിന്റെ സമീപകാല പ്രകടനങ്ങളെയും കൊകു വിലയിരുത്തി. “കഴിഞ്ഞ കുറച്ചു മാസങ്ങളായി അദ്ദേഹം തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു. ഗ്രൗണ്ടിലെ അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് വലിയ മുതൽക്കൂട്ടാണ്, ടീമിന്റെ കളിയിൽ അദ്ദേഹം ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്,” കൊകു വ്യക്തമാക്കി.

ഹാൻസി ഫ്ലിക്കിന് കീഴിലുള്ള ബാഴ്‌സലോണയുടെ നിലവിലെ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. “ഇതൊരു മികച്ച സീസണാണ്. ഹാൻസി ഫ്ലിക്കിന്റെ ശൈലി—പ്രത്യേകിച്ച് കളിയിലെ സമ്മർദ്ദവും തീവ്രതയും നേരിട്ടുള്ള ആക്രമണങ്ങളും—കാണാൻ വളരെ ആകർഷകമാണ്,” അദ്ദേഹം അഭിപ്രായപ്പെട്ടു.

ബാഴ്‌സലോണയിൽ താൻ സൂക്ഷിച്ചിരുന്ന റെക്കോർഡിന്റെ പ്രാധാന്യത്തെക്കുറിച്ചും കൊകു ഓർത്തെടുത്തു. “ബാഴ്‌സലോണ പോലുള്ളൊരു ക്ലബ്ബിനെ പ്രതിനിധീകരിക്കുന്നത് ഒരിക്കലും സാധാരണമായ ഒന്നല്ല; അതൊരു വലിയ അംഗീകാരമാണ്,” അദ്ദേഹം പറഞ്ഞു.

© Madhyamam