
ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ് ജഴ്സിയിൽ സെഞ്ച്വറി നേടി ചരിത്രം കുറിച്ച് സഞ്ജു സാംസൺ. ആദ്യ മൂന്നു മത്സരങ്ങളിൽ തിളങ്ങാനാകാത്തതിന്‍റെ സങ്കടം, ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിൽ തകർപ്പൻ സെഞ്ച്വറി നേടിയാണ് താരം മറികടന്നത്.
ചെന്നൈക്കായി താരത്തിന്‍റെ ആദ്യ സെഞ്ച്വറിയും ഐ.പി.എല്ലിൽ നാലാമത്തേതും. 56 പന്തിൽ 115 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. 15 ഫോറും നാലു സിക്സും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. മത്സരത്തിൽ ഡൽഹിയെ 23 റൺസിനാണ് ചെന്നൈ തോൽപിച്ചത്. ഐ.പി.എല്ലിൽ ചെന്നൈക്കായി സെഞ്ച്വറി നേടുന്ന ആദ്യ വിക്കറ്റ് കീപ്പർ കൂടിയാണ് സഞ്ജു. 2008 മുതൽ ചെന്നൈയുടെ സ്ഥിരം വിക്കറ്റ് കീപ്പറായ എം.എസ്. ധോണിയുടെ ഏറ്റവും ഉയർന്ന സ്കോർ 84 റൺസാണ്. 2017 സീസണിൽ ഡൽഹി കാപിറ്റൽസിനെതിരെയാണ് താരം ആദ്യ ഐ.പി.എൽ സെഞ്ച്വറി കുറിക്കുന്നത്.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഡൽഹി 20 ഓവറിൽ 189ന് ഓൾ ഔട്ടായി. ആയുഷ് മാത്രെ അർധ സെഞ്ച്വറിയുമായി തിളങ്ങി. 36 പന്തിൽ 59 റൺസ്. ഇരുവരുടെയും ബാറ്റിങ് മികവിൽ സീസണിലെ ആദ്യ ജയവും ചെന്നൈ സ്വന്തമാക്കി. ഡൽഹിയെ 23 റൺസിനാണ് ചെന്നൈ തോൽപിച്ചത്. രണ്ടാം വിക്കറ്റിൽ സഞ്ജുവും മാത്രെയും നേടിയ 113 റൺസ് കൂട്ടുകെട്ടാണ് ചെന്നൈ വിജയത്തിൽ നിർണായകമായത്. തകർത്തടിച്ച ട്രിസ്റ്റൺ സ്റ്റബ്സ് (38 പന്തിൽ 60) വിജയം റാഞ്ചിയെടുക്കുമോ എന്ന് തോന്നിയെങ്കിലും 19ാം ഓവറിൽ ജാമി ഓവർട്ടന്റെ പന്തിൽ നൂർ അഹ്മദ് പിടിച്ച് പുറത്തായതോടെ ഡൽഹിയുടെ പ്രതീക്ഷ മങ്ങി.
പിന്നീട് വാലറ്റത്തിന് കാര്യമായൊന്നും ചെയ്യാനായില്ല. അവസാന പന്തിൽ അവസാന വിക്കറ്റും വീണു. പതും നിസങ്ക 24 പന്തിൽ 41റൺസെടുത്തു. കെ.എൽ. രാഹുൽ 18 (10), ഡേവിഡ് മില്ലർ 17 (14), അശുതോഷ് ശർമ 19 (10) എന്നിവർക്ക് കൂടി മാത്രമാണ് ഡൽഹി നിരയിൽ രണ്ടക്കം തികക്കാനായത്. ചെന്നൈക്കായി ജാമി ഓവർട്ടൺ നാലോവറിൽ 18 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്തു. അൻഷുൽ കംബോജ് രണ്ട് വിക്കറ്റെടുത്തപ്പോൾ ഖലീൽ അഹ്മദ്, ഗുർജപ്നീത് സിങ് എന്നിവർ ഓരോ വിക്കറ്റ് നേടി. ചെന്നൈക്ക് വേണ്ടി ഓപ്പണർ സഞ്ജു തുടക്കം മുതൽ തകർത്തടിച്ചു.
ഒന്നാം വിക്കറ്റിൽ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദുമായി (15) ചേർന്ന് 62 റൺസ് കൂട്ടിച്ചേർത്തു. ഗെയ്‌ക്‌വാദ് മടങ്ങിയ ശേഷം വന്ന ആയുഷ് മഹാത്രെയെ കൂട്ടുപിടിച്ച് സഞ്ജു ചെന്നൈ സ്കോർ മുന്നോട്ട് നീക്കി. മഹാത്രെ റിട്ടയേർഡ് ഔട്ടായി. പിന്നീടെത്തിയ ശിവം ദുബെയും പത്ത് പന്തിൽ 20 റൺസെടുത്തതോടെ ചെന്നൈയുടെ സ്കോർ 200 കടന്നു.
