ഐ.പി.എല്ലിലെ ത്രില്ലർ പോരിൽ ഗുജറാത്തിന് ഒരൊറ്റ റൺ ജയം


ഡ​ൽ​ഹി: ആദ്യാവസാനം വരെ ആവേശം അലതല്ലിയ ഐ.​പി.​എ​ൽ പോരാട്ടത്തിൽ ഗുജ​റാ​ത്ത് ടൈ​റ്റ​ൻ​സി​ന് സീ​സ​ണി​ലെ ആ​ദ്യ ജ​യം. ഡ​ൽ​ഹി കാ​പി​റ്റ​ൽ​സി​നെ​തി​രെ ഒരു റണ്ണിനാണ് ഗില്ലും സംഘവും പൊരുതി ജയിച്ചത്. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഗുജറാത്ത് മി​ക​ച്ച സ്കോ​റാണ് പടുത്തുയർത്തിയത്. 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഗു​ജ​റാ​ത്ത് 210 റ​ൺ​സെ​ടു​ത്തു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹി അവസാന പന്ത് വരെ പോരാടിയെങ്കിലും വിജയം ഗുജറാത്തിനൊപ്പം നിന്നു. 20 ഓവറിൽ 209 റൺസെടുത്ത് ഡൽഹിയുടെ പോരാട്ടം അവസാനിച്ചു.

ക​ളി​ച്ച ര​ണ്ടു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച ഡ​ൽ​ഹി ടോ​സ് നേ​ടി എ​തി​രാ​ളി​ക​ളെ ബാ​റ്റി​ങ്ങി​ന​യ​ക്കു​ക​യാ​യി​രു​ന്നു. നാ​യ​ക​ൻ ശു​ഭ്മ​ൻ ഗി​ല്ലി​ന്റെ​യും (45 പ​ന്തി​ൽ അ​ഞ്ച് സി​ക്സും നാ​ല് ഫോ​റു​മ​ട​ക്കം 70) ജോ​സ് ബ​ട്‍ല​റു​ടെ​യും (27 പ​ന്തി​ൽ അ​ഞ്ച് സി​ക്സും മൂ​ന്ന് ബൗ​ണ്ട​റി​യു​മ​ട​ക്കം 52) വാ​ഷി​ങ്ട​ൺ സു​ന്ദ​റി​ന്റെ​യും (32 പ​ന്തി​ൽ ര​ണ്ട് സി​ക്സും ആ​റ് ഫോ​റു​മ​ട​ക്കം 55) അ​ർ​ധ സെ​ഞ്ച്വ​റി​ക​ളാ​ണ് ഗു​ജ​റാ​ത്തി​ന് ക​രു​ത്താ​യ​ത്. ക​ഴി​ഞ്ഞ ക​ളി​യി​ൽ തി​ള​ങ്ങി​യ ഓ​പ​ണ​ർ സാ​യ് സു​ദ​ർ​ശ​ൻ മു​കേ​ഷ് കു​മാ​റി​ന്റെ പ​ന്തി​ൽ ബൗ​ൾ​ഡാ​യി ചെ​റി​യ സ്കോ​റി​ന് (ഏ​ഴ് പ​ന്തി​ൽ ര​ണ്ട് ​ബൗ​ണ്ട​റി​യ​ട​ക്കം 12) പു​റ​ത്താ​യ​ശേ​ഷം ഒ​രു​മി​ച്ച ഗി​ല്ലും ബ​ട്‍ല​റു​മാ​ണ് ഗു​ജ​റാ​ത്ത് ഇ​ന്നി​ങ്സി​ന് അ​ടി​ത്ത​റ പാ​കി​യ​ത്. ബ​ട്‍ല​റാ​യി​രു​ന്നു ഈ ​കൂ​ട്ടു​കെ​ട്ടി​ൽ കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി. മു​ൻ മ​ത്സ​ര​ങ്ങ​ളി​ൽ മെ​ല്ലെ​പ്പോ​ക്കി​ന് പ​ഴി​കേ​ട്ട ഇം​ഗ്ല​ണ്ട് താ​രം ഇ​ത്ത​വ​ണ അ​തി​ന് അ​വ​സ​രം കൊ​ടു​ക്കാ​ത്ത ക​ളി​യാ​ണ് കെ​ട്ട​ഴി​ച്ച​ത്. ര​ണ്ടാം വി​ക്ക​റ്റി​ൽ 60 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്ത​ശേ​ഷ​മാ​ണ് സ​ഖ്യം വ​ഴി​പി​രി​ഞ്ഞ​ത്. ചൈ​നാ​മാ​ൻ ബൗ​ള​ർ കു​ൽ​ദീ​പ് യാ​ദ​വി​​ന്റെ പ​ന്തി​ൽ ബ​ട്‍ല​ർ ക്ലീ​ൻ ബൗ​ൾ​ഡാ​വു​ക​യാ​യി​രു​ന്നു.

ബ​ട്‍ല​ർ മ​ട​ങ്ങി​യ​ശേ​ഷം ഗി​യ​ർ മാ​റ്റി​യ ഗി​ൽ വാ​ഷി​ങ്ട​ണി​നെ കൂ​ട്ടു​പി​ടി​ച്ച് അ​തി​വേ​ഗം സ്കോ​റു​യ​ർ​ത്തി. മു​ൻ മ​ത്സ​ര​ങ്ങ​ളി​ൽ തി​ള​ങ്ങി​യി​ല്ലെ​ങ്കി​ലും നാ​ലാം ന​മ്പ​റി​ൽ തു​ട​ർ അ​വ​സ​രം ല​ഭി​ച്ച വാ​ഷി​ങ്ട​ണും ഫോ​മി​ലേ​ക്കു​യ​ർ​ന്ന​തോ​ടെ ഗു​ജ​റാ​ത്ത് സ്കോ​ർ വെ​ച്ച​ടി​ക​യ​റി. ഇ​രു​വ​രും ചേ​ർ​ന്ന് മൂ​ന്നാം വി​ക്ക​റ്റി​ൽ 60 പ​ന്തി​ൽ 104 റ​ൺ​സി​ന്റെ കൂ​ട്ടു​കെ​ട്ടു​യ​ർ​ത്തി. ഒ​ടു​വി​ൽ ഗി​ല്ലി​നെ ലു​ൻ​ഗി എ​ൻ​ഗി​ഡി​യു​ടെ​യും വാ​ഷി​ങ്ട​ണി​നെ മു​കേ​ഷ് കു​മാ​റി​ന്റെ​യും പ​ന്തു​ക​ളി​ൽ നി​​തീ​ഷ് റാ​ണ പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് സ്കോ​റി​ങ് ഒ​ട്ടൊ​ന്ന് വേ​ഗം കു​റ​ഞ്ഞ​ത്. ഒ​മ്പ​ത് പ​ന്തി​ൽ ഓ​രോ സി​ക്സും ഫോ​റു​മാ​യി ഗ്ലെ​ൻ ഫി​ലി​പ്സും ഒ​രു റ​​ണ്ണോ​ടെ രാ​ഹു​ൽ തെ​വാ​തി​യ​യും പു​റ​ത്താ​വാ​തെ നി​ന്നു.

മു​കേ​ഷ് കു​മാ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യെ​ങ്കി​ലും നാ​ല് ഓ​വ​റി​ൽ 55 റ​ൺ​സ് വ​ഴ​ങ്ങി. നാ​ല് ഓ​വ​റി​ൽ 24 റ​ൺ​സി​ന് ഒ​രു വി​ക്ക​റ്റെ​ടു​ത്ത എ​ൻ​ഗി​ഡി​യാ​ണ് ഡ​ൽ​ഹി ബൗ​ള​ർ​മാ​രി​ൽ തി​ള​ങ്ങി​യ​ത്. കു​ൽ​ദീ​പ് 42 റ​ൺ​സി​ന് ഒ​രു വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ൾ മൂ​ന്ന് ഓ​വ​റി​ൽ 32 റ​ൺ​സ് വി​ട്ടു​കൊ​ടു​ത്ത നാ​യ​ക​ൻ അ​ക്സ​ർ പ​ട്ടേ​ലി​നും നാ​ല് ഓ​വ​റി​ൽ 34 റ​ൺ​സ് വ​ഴ​ങ്ങി​യ ടി. ​ന​ട​രാ​ജ​നും ഒ​രു ഓ​വ​റി​ൽ 23 റ​ൺ​സ് ന​ൽ​കി​യ വി​പ് രാ​ജ് നി​ഗ​മി​നും വി​ക്ക​റ്റൊ​ന്നും കി​ട്ടി​യി​ല്ല.

എന്നാൽ മറുപടി ബാറ്റിങിനിറങ്ങിയ ഡൽഹിക്ക് വേണ്ടി 20 പന്തിൽ മൂന്ന് സിക്‌സറും മൂന്ന് ഫോറുകളും അടക്കം ഡേവിഡ് മില്ലർ 41 റൺസ് നേടി അവസാനം വരെ പൊരുതി. 52 പന്തിൽ നാല് സിക്‌സറും 11 ഫോറുകളും അടക്കം 92 റൺസ് നേടിയ കെ.എൽ രാഹുലാണ് ഡൽഹിയുടെ ടോപ് സ്‌കോറർ. 24 പന്തിൽ ഒരു സിക്‌സറും നാല് ഫോറുകളും അടക്കം പാതും നിസ്സംഗ 41 റൺസ് നേടി. നാലോവറിൽ 17 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ റാഷിദ് ഖാൻ ഗുജറാത്തിനായി മിന്നും പ്രകടനം കാഴ്ച്ചവെച്ചു. പ്രസിദ്ദ്‌ കൃഷ്ണയും രണ്ട് വിക്കറ്റ് നേടി.

© Madhyamam