
കപ്പില്ലാ കാപിറ്റൽ
മുഴുവൻ സീസണുകളിലും കളിച്ചിട്ടും ഒരിക്കൽപോലും കിരീടം നേടാൻ കഴിയാത്ത ഡൽഹി കാപിറ്റൽസ് ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിലേക്ക് കരുത്തുറ്റ ടീമുമായാണ് എത്തുന്നത്. 2025ൽ നേരിയ വ്യത്യാസത്തിൽ പ്ലേ ഓഫ് നഷ്ടമായ ടീം അക്ഷർ പട്ടേലിന്റെ നേതൃത്വത്തിൽ ഇത്തവണ കൂടുതൽ സന്തുലിതമായ നിരയെ അണിനിരത്തുന്നുണ്ട്. മുമ്പ് ഡൽഹി ഡെയർ ഡെവിൾസായിരുന്ന ഇവർ ചരിത്രത്തിൽ ഒരേയൊരു തവണയാണ് ഫൈനലിലെത്തിയത്, 2020ൽ. പക്ഷേ, മുംബൈ ഇന്ത്യൻസിനോട് തോറ്റു.
ബാറ്റിങ് സമ്പന്നം
ഇന്ത്യൻ കളിക്കാരായ കെ.എൽ. രാഹുൽ, അഭിഷേക് പോറൽ, പൃഥ്വി ഷാ, വിദേശ താരങ്ങളായ ബെൻ ഡക്കറ്റ്, ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് മില്ലർ തുടങ്ങിയവരടങ്ങിയ ബാറ്റിങ് നിര കാപിറ്റൽസിന് വലിയ സ്കോർ ഉയർത്തുന്നതിലും പിന്തുടരുന്നതിലും കരുത്ത് നൽകും. അവസാന ഓവറുകളിൽ സ്കോർ ഉയർത്താൻ പ്രാപ്തിയുള്ള അശുതോഷ് ശർമയെയും സമീർ റിസ്വിയെയും പോലുള്ളവരും ടീമിലുണ്ട്. ടോപ്പ് ഓർഡറിൽ കൂടുതൽ താരങ്ങൾ ഉള്ളത് ബാറ്റിങ് പൊസിഷനുകളിൽ ആശയക്കുഴപ്പമുണ്ടാക്കുമെന്നതാണ് പ്രധാന വെല്ലുവിളി.
സ്പിൻ ദ്വയം കരുത്ത്
അക്ഷറും കുൽദീപ് യാദവും ചേരുന്ന സ്പിൻ കൂട്ടുകെട്ട് ഇത്തവണ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഒന്നാണ്. ഇവർക്ക് മധ്യ ഓവറുകളിൽ റൺസ് നിയന്ത്രിക്കാൻ കഴിയും. മിച്ചൽ സ്റ്റാർക്ക് നയിക്കുന്ന പേസ് നിരയിൽ മുകേഷ് കുമാറും ലുൻഗി എൻഗിഡിയും മികച്ച പിന്തുണ നൽകാനുണ്ട്. അതേസമയം, ജോലിഭാരം കുറക്കുന്നതിന്റെ ഭാഗമായി ക്രിക്കറ്റ് ആസ്ട്രേലിയ സ്റ്റാർക്കിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര മത്സരങ്ങൾക്കായി താരത്തെ പൂർണ ശാരീരികക്ഷമതയോടെ നിലനിർത്താനാണ് ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡിന്റെ ശ്രമം. പരിക്കിനെക്കുറിച്ചും ശാരീരികക്ഷമതയെക്കുറിച്ചും ക്രിക്കറ്റ് ആസ്ട്രേലിയയിൽ നിന്നുള്ള ഔദ്യോഗിക എൻ.ഒ.സി ലഭിക്കുന്നതിന് അനുസരിച്ചായിരിക്കും സ്റ്റാർക്കിന്റെ ലഭ്യത.
സാധ്യത ഇലവൻ
കെ.എൽ. രാഹുൽ, അഭിഷേക് പോറൽ/പൃഥ്വി ഷാ, ബെൻ ഡക്കറ്റ്, ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് മില്ലർ, അക്ഷർ പട്ടേൽ, അശുതോഷ് ശർമ/സമീർ റിസ്വി, കുൽദീപ് യാദവ്, മിച്ചൽ സ്റ്റാർക്ക്/ലുൻഗി എൻഗിഡി, മുകേഷ് കുമാർ, ടി. നടരാജൻ.
ഇംപാക്ട് പ്ലെയറിനോട് വിയോജിപ്പെന്ന് അക്ഷർ
ന്യൂഡൽഹി: ഐ.പി.എല്ലിലെ ഇംപാക്ട് പ്ലെയർ നിയമത്തോടുള്ള വിയോജിപ്പ് തുറന്നടിച്ച് ഡൽഹി കാപിറ്റൽസ് ക്യാപ്റ്റൻ അക്ഷർ പട്ടേൽ. ഈ നിയമത്തോട് തനിക്ക് വ്യക്തിപരമായി താൽപര്യമില്ലെന്നും ക്രിക്കറ്റ് 11 പേർ കളിക്കേണ്ട ഗെയിമാണെന്നും അദ്ദേഹം പ്രീ സീസൺ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കളി കൂടുതൽ വിനോദപ്രദമാക്കാൻ വേണ്ടിയാണ് ഈ നിയമമെങ്കിലും ഇത് ക്രിക്കറ്റിന്റെ യഥാർഥ സ്വഭാവത്തെ ബാധിക്കുന്നുണ്ട്. സ്പെഷലിസ്റ്റ് ബാറ്ററെയോ ബൗളറെയോ ഇറക്കാൻ സാധിക്കുന്നതുകൊണ്ട് ഓൾ റൗണ്ടർമാരുടെ അവസരങ്ങൾ കുറയുകയാണ്. എന്തിനാണ് ഇനി ഓൾ റൗണ്ടർമാർ? എന്ന ചോദ്യം ടീം മാനേജ്മെന്റുകൾ ഉയർത്താൻ ഇത് കാരണമാകുന്നുവെന്ന് അക്ഷർ കൂട്ടിച്ചേർത്തു. രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ തുടങ്ങിയവരും ഇംപാക്ട് പ്ലെയർ നിയമത്തെ എതിർത്ത് രംഗത്തെത്തിയിരുന്നു.
റൺറൈസേഴ്സ്
ഐ.പി.എല്ലിൽ ആക്രമണാത്മക ശൈലിയുടെ വക്താക്കളാണ് സൺറൈസേഴ്സ് ഹൈദരാബാദ്. 2025ൽ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീം ഒരേയൊരു തവണയാണ് കിരീടം നേടിയത്, 2016ൽ. 2018ലും 2024ലും ഫൈനലിലെത്തിയെങ്കിലും യഥാക്രമം ചെന്നൈ സൂപ്പർ കിങ്സിനോടും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടും തോറ്റു. ഐ.പി.എൽ ചരിത്രത്തിലെ ഉയർന്ന ടീം ടോട്ടലുകളിൽ ആദ്യ നാലെണ്ണവും ആറാമത്തെതും സൺറൈസേഴ്സിന്റെ പേരിലാണ്. ആസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് പരിക്കേറ്റ് വിശ്രമത്തിലായതിനാൽ ഇന്ത്യൻ താരം ഇഷാൻ കിഷന്റെ നേതൃത്വത്തിലായിരിക്കും ആദ്യ ഘട്ടത്തിൽ ടീം ഇറങ്ങുക.
അഭിഷേക്, ഹെഡ്, ഇഷാൻ..!
അഭിഷേക് ശർമ-ട്രാവിസ് ഹെഡ് ഓപണിങ് ജോടിയുടെ ചിറകിലേറിയാണ് കഴിഞ്ഞ വർഷങ്ങളിൽ സൺറൈസേഴ്സ് റൺമലകൾ താണ്ടിയത്. ട്വന്റി20 ലോകകപ്പിൽ തകർത്താടിയ ഇഷാനും വിദേശ താരങ്ങളായ ഹെൻറിച്ച് ക്ലാസനും ലിയാം ലിവിങ്സ്റ്റണും ചേരുമ്പോൾ ടോപ് ഓർഡറും മധ്യനിരയും സെറ്റാണ്.
ബൗളിങ് ആശങ്ക
കമ്മിൻസിന്റെയും ഇഷാൻ മലിംഗയുടെയും പരിക്ക് പേസ് നിരയെ തുടക്കത്തിൽ ദുർബലപ്പെടുത്തിയേക്കും. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനവുമായി എത്തുന്ന സ്പിൻ ഓൾ റൗണ്ടർ ഹർഷ് ദുബെയിൽ പ്രതീക്ഷ വെക്കുന്നുണ്ട് ടീം.
സാധ്യത ഇലവൻ
അഭിഷേക് ശർമ, ട്രാവിസ് ഹെഡ്, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസൻ, ലിയാം ലിവിങ്സ്റ്റൺ, നിതീഷ് കുമാർ റെഡ്ഡി, അനികേത് വർമ, ഹർഷ് ദുബെ, ഹർഷൽ പട്ടേൽ, ജയദേവ് ഉനദ്കട്ട്, ബ്രൈഡൻ കാഴ്സ്/ ഇഷാൻ മലിംഗ.
കറന് പകരം ഷനക
ജയ്പുർ: പരിക്കേറ്റ ഇംഗ്ലണ്ട് ഓൾ റൗണ്ടർ സാം കറന് പകരം ശ്രീലങ്കൻ ട്വന്റി20 ടീം നായകൻ ദാസുൻ ഷനകയെ ടീമിലെടുത്ത് രാജസ്ഥാൻ റോയൽസ്. രണ്ട് കോടി രൂപക്കാണ് താരത്തിന്റെ വരവ്. 2023ലായിരുന്നു ഷനകയുടെ ആദ്യത്തെയും അവസാനത്തെയും ഐ.പി.എൽ സാന്നിധ്യം. അന്ന് ഗുജറാത്ത് ടൈറ്റൻസിനായി മൂന്ന് മത്സരങ്ങൾ മാത്രം കളിച്ചു.
