കൊച്ചി: ഒന്നും രണ്ടുമല്ല, സീസണിൽ ആകെ കളിച്ച നാലു കളികളിലും വൻ തിരിച്ചടികൾ. നാലെണ്ണത്തിൽ മൂന്നു തോൽവിയും സ്വന്തം തട്ടകത്തിൽ വെച്ചു തന്നെ. ആശ്വാസകരമെന്ന് പറയാൻ ഒരു സമനില പോലുമില്ല. പറഞ്ഞു വരുന്നത് കേരളത്തിന്റെ സ്വന്തം ഫുട്ബാൾ ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിനെ കുറിച്ചാണ്. 14 ടീമുകളുള്ള ലീഗിൽ പൂജ്യം പോയിന്റുകളോടെ 12-ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സിന്റെ സ്ഥാനം. തൊട്ടുപിന്നിലുള്ളത് മൂന്നു തോൽവി നേടിയ ഡൽഹി സ്പോർട്ടിങ് ക്ലബും നാലു കളിയും തോറ്റ മുഹമ്മദൻസ് എസ്.സിയുമാണ്.
അടുത്ത ശനിയാഴ്ച ഈസ്റ്റ് ബംഗാളുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. മാർച്ച് 21, ഏപ്രിൽ അഞ്ച്, ഏപ്രിൽ 11, ഏപ്രിൽ 15, ഏപ്രിൽ 18, ഏപ്രിൽ 23, മെയ് 10, മെയ് 17 എന്നീ ദിനങ്ങളിലായി ഒമ്പതു കളികൾ കൂടിയാണ് അവശേഷിക്കുന്നത്. ഇതുവരെ നടന്ന കളികളിലെ ദയനീയ പ്രകടനങ്ങളും പരാജയങ്ങളും മറന്ന്, പുതിയൊരു ശൈലിയിൽ പോരാടുകയാണെങ്കിൽ റാങ്ക് പട്ടികയിൽ മുന്നോട്ടുവരാൻ ടീമിനാവുമെന്നുറപ്പാണ്.
നിലവിൽ പല നിലക്കും കടുത്ത പ്രതിസന്ധിയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. തുടർച്ചയായ നാലു തോൽവികൾ ടീമിന്റെ കെട്ടുറപ്പിനെ തന്നെ ബാധിക്കുന്ന സ്ഥിതിയാണുള്ളത്. സ്വന്തം വല എതിരാളികൾ ആറു തവണ കുലുക്കിയപ്പോൾ ആകെ ഒരെണ്ണമാണ് തിരിച്ചുനൽകാനായത്. ദിവസങ്ങൾക്കു മുമ്പ് നടന്ന ഇന്റർകാശിക്കെതിരായ മത്സരത്തിലായിരുന്നു ഇത്. പല മത്സരങ്ങളിലും പന്ത് കൈവശം വച്ച് നല്ല അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അവയെ ഗോൾ ആക്കുന്നതിൽ പരാജയപ്പെട്ടതാണ് ബ്ലാസ്റ്റേഴ്സിന്റെ തകർച്ചക്കു പ്രധാന കാരണം.
കൂടാതെ, പ്രതിരോധത്തിലെ ചെറിയ പിഴവുകൾ പോലും എതിര്ടീമുകൾക്ക് എളുപ്പത്തിൽ ഗോൾ നേടാൻ വഴിയൊരുക്കി. ഏറ്റവുമൊടുവിൽ ശനിയാഴ്ചത്തെ കളിയിലും ഗാലറി ഇത്തരം പിഴവിനു സാക്ഷ്യം വഹിച്ചു. ഇതിനെല്ലാമുപരിയായി കഴിവും പരിചയ സമ്പത്തും വേണ്ടുവോളമുള്ള താരങ്ങളുടെ കുറവ് വലിയ തോതിൽ തന്നെയാണ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ബാധിച്ചിട്ടുള്ളത്. ഒപ്പം, തുടർച്ചയായ തോൽവികൾ കളിക്കാരുടെ ആത്മവിശ്വാസത്തെ ബാധിച്ചതും വില്ലനായി.
നിലവിലെ സാഹചര്യത്തിൽ ടീമിന് നല്ല നേരമല്ലെങ്കിലും ചങ്ക് ആരാധകർ ഇപ്പോഴും ബ്ലാസ്റ്റേഴ്സിനെ പിന്തുണച്ചും പ്രോത്സാഹിപ്പിച്ചും ഗാലറിക്കു ചുറ്റും നിറയുന്നുണ്ട്. പ്രവചനാതീതമായ കളിയായതിനാൽ തന്നെ അടുത്ത മത്സരങ്ങളിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച വെച്ച് കൂടുതൽ വിജയങ്ങൾ സ്വന്തമാക്കി മുൻനിരയിലേക്കെത്തുമെന്നാണ് ആരാധക പ്രതീക്ഷ.
