കൊച്ചി: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ നാലാം മത്സരത്തിലും തോൽവി. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ചെന്നൈയിൻ എഫ്.സിയാണ് മഞ്ഞപ്പടയെ വീഴ്ത്തിയത്. ഈ സീസണിൽ നടന്ന മൂന്ന് ഹോം മാച്ചുകളിലും ഇതോടെ ബ്ലാസ്റ്റേഴ്സിന് തോൽവിയായി.
42ാം മിനിറ്റിൽ ചെന്നൈയിന്റെ ഇമ്രാൻ ഖാൻ നേടിയ ഗോളിലാണ് വിജയം സന്ദർശകരുടെ കൂടെ പോയത്. തിരിച്ചടിക്കാനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ സകല പരിശ്രമങ്ങളും വെള്ളത്തിൽ വരച്ച രേഖയായി. പോയന്റൊന്നുമില്ലാതെ 12ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. മാർച്ച് 14ന് കൊൽക്കത്തയിൽ ഈസ്റ്റ് ബംഗാളുമായാണ് അടുത്ത കളി.
ആഷിഖ് ഗോളിൽ ബംഗളൂരു ജയം
കൊൽക്കത്ത: മലയാളി താരം ആഷിഖ് കുരുണിയൻ ഗോൾ നേടിയ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ മുഹമ്മദൻസ് എസ്.സിയെ 2-0ത്തിന് തോൽപിച്ച് ബംഗളൂരു എഫ്.സി. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന കളിയുടെ 22ാം മിനിറ്റിൽ റയാൻ വില്യംസിലൂടെ സന്ദർശകർ ലീഡ് പിടിച്ചു. 41ാം മിനിറ്റിലായിരുന്നു ആഷിഖിന്റെ ഗോൾ. രണ്ടാം പകുതി തുടങ്ങി റോയ് മഹിതോഷിലൂടെ 51ാം മിനിറ്റിൽ മുഹമ്മദൻസിന്റെ ഗോളും പിറന്നു.
