
ആസ്ട്രേലിയയുടെ വിക്കറ്റ് വീഴ്ച ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ
പെർത്ത്: ആസ്ട്രേലിയൻ പര്യടനത്തിലെ ഏക ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സന്ദർശകർ 198 റൺസിന് എല്ലാവരും പുറത്തായി. പകലും രാത്രിയുമായി നടക്കുന്ന പിങ്ക് ബാൾ ടെസ്റ്റിന്റെ ഉദ്ഘാടനദിനം സ്റ്റമ്പെടുക്കുമ്പോൾ ഓസീസ് ഒന്നാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റിന് 96 റൺസെന്ന നിലയിലാണ്. ലീഡ് പിടിക്കാൻ ആതിഥേയർക്ക് 103 റൺസ് കൂടി വേണം.
അർധശതകം നേടിയ ജെമീമ റോഡ്രിഗസാണ് (52) ഇന്ത്യയുടെ ടോപ് സ്കോറർ. ഓപണർ ഷഫാലി വർമ 35 റൺസെടുത്തപ്പോൾ അരങ്ങേറ്റക്കാരി കശ് വീ ഗൗതം 34 റൺസുമായി പുറത്താവാതെനിന്നു. ഓപണർ സ്മൃതി മന്ദാന (4), പ്രതിക റാവൽ (18), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (19), ദീപ്തി ശർമ (7), റിച്ച ഘോഷ് (11) എന്നിങ്ങനെയായിരുന്നു മറ്റു പ്രധാന ബാറ്റർമാരുടെ പ്രകടനം. ഓസീസ് ബൗളർമാരിൽ അന്നബെൽ സതർലൻഡ് നാലും ലൂസി ഹാമിൽട്ടൺ മൂന്നും ഡാർസീ ബ്രൗൺ രണ്ടും വിക്കറ്റ് വീഴ്ത്തി.
മറുപടിയിൽ അരങ്ങേറ്റക്കാരി പേസർ സയാലി സത്ഗാരെ തുടക്കത്തിലേ ആസ്ട്രേലിയയെ ഞെട്ടിച്ചു. രണ്ട് റൺസെടുത്ത ഓപണർ ജോർജിയ വോൾ ബൗൾഡായി. സഹ ഓപണർ ഫീബ് ലിച്ച്ഫീൽഡിനെ (9) മറ്റൊരു അരങ്ങേറ്റ ബൗളർ ക്രാന്തി ഗൗഡും പുറത്താക്കി.
ക്യാപ്റ്റൻ അലീസ ഹീലിയെയും (13) സത്ഗാരെ പറഞ്ഞുവിട്ടതോടെ മൂന്ന് വിക്കറ്റിന് 58 റൺസിലേക്ക് പരുങ്ങി ആസ്ട്രേലിയ. 43 റൺസുമായി എല്ലിസ് പെറിയും 20 റൺസെടുത്ത് സതർലൻഡുമാണ് ക്രീസിൽ.
