സെമിയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ; വാങ്കഡെയിൽ കത്തിക്കയറി സഞ്ജു സാംസൺ



മുംബൈ: ട്വന്റി 20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് അർധസെഞ്ചറിയുടെ (42 പന്തിൽ 89) മികവിൽ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 253 റൺസെന്ന പടുകൂറ്റൻ സ്കോർ പടുത്തുയർത്തി. ഫൈനൽ ടിക്കറ്റിന് ഇംഗ്ലണ്ടിന് മറികടക്കാനുള്ളത് 254 എന്ന പടുകൂറ്റൻ സ്കോർ. തുടക്കത്തിൽ തന്നെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് നൽകിയ ജീവൻദാനം പരമാവധി മുതലാക്കിയ സഞ്ജു ഇംഗ്ലീഷ് ബൗളർമാരെ കടന്നാക്രമിക്കുകയായിരുന്നു. വെറും 26 പന്തിൽ ഫിഫ്റ്റി തികച്ച താരം 42 പന്തിൽ 89 റൺസെടുത്താണ് പുറത്തായത്. അർഹിച്ച സെഞ്ചുറിക്ക് തൊട്ടരികിലാണ് സഞ്ജുവിന് വിക്കറ്റ് നഷ്ടമായത്. ഓപ്പണർ അഭിഷേക് ശർമ വീണ്ടും നിരാശപ്പെടുത്തിയെങ്കിലും സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടം ഇന്ത്യൻ ഇന്നിങ്സിന് കരുത്തായി.

സഞ്ജുവിന് പുറമെ ഇഷാൻ കിഷനും ശിവം ദുബെയും തകർത്തടിച്ചതോടെ ഇന്ത്യൻ സ്കോർബോർഡ് അതിവേഗം ചലിച്ചു. ഇഷാൻ 18 പന്തിൽ 39 റൺസ് നേടിയപ്പോൾ ദുബെ 25 പന്തിൽ 43 റൺസെടുത്തു. അവസാന ഓവറുകളിൽ ക്രീസിലുണ്ടായിരുന്ന ഹാർദിക് പാണ്ഡ്യയും തിലക് വർമയുമാണ് ടീം സ്കോർ 250 കടത്തുന്നതിൽ നിർണായക പങ്കുവഹിച്ചത്. രണ്ടാം ബാറ്റിങിനിറങ്ങുന്ന ടീമിനെ തുണയ്ക്കുന്ന വാങ്കഡേയിൽ ആദ്യ ഓവർ മുതൽ തന്നെ ആക്രമിച്ചു കളിക്കാൻ തന്നെയാവും ഇംഗ്ലണ്ട് ബാറ്റർമാർ ഇറങ്ങുന്നത്.

നേരത്തെ ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ഹാരി ബ്രൂക്ക് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാൽ, ടോസ് നഷ്ടപ്പെട്ടതിൽ ആശങ്കയില്ലെന്നും ആദ്യം ബാറ്റുചെയ്യാനാണ് ഇന്ത്യയും ആഗ്രഹിച്ചിരുന്നതെന്നും ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വ്യക്തമാക്കി. തുടർച്ചയായ മൂന്നാം തവണയാണ് ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലിൽ ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വരുന്നത്. കഴിഞ്ഞ രണ്ട് തവണയും ഈ സെമി പോരാട്ടത്തിൽ വിജയിച്ചവർ തന്നെയാണ് ലോകകപ്പ് കിരീടം ചൂടിയത് എന്നത് ഫൈനൽ പ്രതീക്ഷകളുടെ മാറ്റ് കൂട്ടുന്നു. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്നവർക്ക് ഞായറാഴ്ച നടക്കുന്ന കലാശപ്പോരിൽ ന്യൂസിലൻഡാണ് എതിരാളികൾ.



© Madhyamam