
ന്യൂഡൽഹി: ഇറാനിൽ യു.എസ്-ഇസ്രായേൽ നടത്തുന്ന സംയുക്ത ആക്രമണങ്ങളും ഇറാന്റെ പ്രത്യാക്രമണങ്ങളെയും തുടർന്ന് അന്താരാഷ്ട്ര വ്യോമപാതകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീം ഇന്ത്യയിൽ കുടുങ്ങി. ട്വന്റി-20 ലോകകപ്പിൽ നിന്നും പുറത്തായതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ദുരിതത്തിലായിരിക്കുകയാണ് ടീം അംഗങ്ങൾ. ഇതിനിടെ, നാട്ടിലെത്താനുള്ള അതിയായ ആഗ്രഹം പ്രകടിപ്പിച്ച് വെസ്റ്റ് ഇൻഡീസ് പരിശീലകൻ ഡാരൻ സാമി പങ്കുവെച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.
സൂപ്പർ എട്ടിൽ ഇന്ത്യയോട് പരാജയപ്പെട്ടാണ് വെസ്റ്റ് ഇൻഡീസ് ടൂർണമെന്റിൽ നിന്ന് പുറത്തായത്. എന്നാൽ ഗൾഫ് മേഖലയിലടക്കം വ്യോമഗതാഗതം നിർത്തിവെച്ചിരിക്കുന്നതിനാൽ ടീമിന് എന്ന് മടങ്ങാൻ കഴിയുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് ക്യാമ്പിലെ പൊതുവായ വികാരം പങ്കുവെച്ചുകൊണ്ട് സാമി എക്സിൽ പോസ്റ്റിട്ടത്. “എനിക്ക് വീട്ടിൽ പോകണം” എന്നാണ് ഡാരൻ സാമി എക്സിൽ കുറിച്ചത്. കളിക്കാരുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഐ.സി.സിയുമായും ബന്ധപ്പെട്ട സർക്കാർ അധികാരികളുമായും ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് അറിയിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉൾപ്പെടെ കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുകൾ ഉള്ളതിനാൽ ഒട്ടേറെ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.
ഐ.സി.സി പുരുഷ ടി20 ലോകകപ്പിൽ നിന്നുള്ള പുറത്താകലിന് പിന്നാലെ അന്താരാഷ്ട്ര വ്യോമപാതയിലെ നിയന്ത്രണങ്ങൾ കാരണം വെസ്റ്റ് ഇൻഡീസ് സീനിയർ പുരുഷ ടീമിന്റെ ഇന്ത്യയിൽ നിന്നുള്ള മടക്കം വൈകുകയാണെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് അറിയിക്കുന്നു – ബോർഡ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. ഗൾഫ് മേഖലയിലെ സൈനിക നടപടികൾ ഉയർത്തുന്ന സുരക്ഷാ ഭീഷണികളുടെ നേരിട്ടുള്ള ഫലമാണ് ഈ നിയന്ത്രണങ്ങൾ. ഇത് നിരവധി അന്താരാഷ്ട്ര വിമാന റൂട്ടുകളെ ബാധിക്കുകയും സുരക്ഷാ കാരണങ്ങളാൽ വിമാനക്കമ്പനികൾക്ക് അവരുടെ ഷെഡ്യൂൾ ചെയ്ത സർവീസുകൾ മാറ്റാൻ നിർബന്ധിതരാക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ ഞങ്ങളുടെ ആരാധകർ, കുടുംബങ്ങൾ, മറ്റ് പങ്കാളികൾ എന്നിവരുടെ ആശങ്ക മനസ്സിലാക്കുന്നു”- സി.ഡബ്ല്യു.ഐ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
അതേസമയം, വിൻഡീസ് താരങ്ങൾ ഇപ്പോഴും ഇന്ത്യയിൽ തുടരുകയാണെന്നും മടക്കയാത്രയുടെ കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമില്ലെന്നും ബി.സി.സി.ഐ ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു. “കാര്യങ്ങൾ ഐ.സി.സിയുടെ ശ്രദ്ധയിലാണ്. നാട്ടിലേക്ക് മടങ്ങാൻ വെസ്റ്റ് ഇൻഡീസ് താരങ്ങൾക്ക് മേൽ ഒരു തരത്തിലുള്ള സമ്മർദ്ദവുമില്ല” – അദ്ദേഹം വ്യക്തമാക്കി. വെസ്റ്റ് ഇൻഡീസിന് പുറമെ ഇതേ കാരണത്താൽ സിംബാബ്വെ ടീമും ഇന്ത്യയിൽ കുടുങ്ങിക്കിടക്കുകയാണ്.
