പ്രോട്ടീസിന്‍റെ ഫൈനൽ സ്വപ്നം തച്ചുടച്ച് ഫിൻ അലൻ (100*); കലാശപ്പോരിന് ടിക്കറ്റെടുത്ത് കിവികൾ



കൊൽക്കത്ത: ട്വന്‍റി20 ലോകകപ്പിലെ ഒന്നാം സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ന്യൂസിലൻഡ് ഫൈനലിൽ പ്രവേശിച്ചു. 170 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കിവികൾ 43 പന്തുകൾ ശേഷിക്കേ കളി തീർത്തു. ഓപണർമാരായ ടിം സീഫേർട്ടിന്‍റെയും ഫിൻ അലന്‍റെയും തകർപ്പൻ ബാറ്റിങ്ങാണ് ബ്ലാക് ക്യാപ്സിന്‍റെ ജയം എളുപ്പമാക്കിയത്. സീഫേർട്ട് (58) അർധ സെഞ്ച്വറി നേടി പുറത്തായപ്പോൾ അലൻ (100*) അപരാജിത സെഞ്ച്വറിയാണ് ഈഡൻ ഗാർഡനിൽ കുറിച്ചത്. ഒമ്പത് വിക്കറ്റിന്‍റെ ആധികാരിക വിജയമാണ് അവർ സ്വന്തമാക്കിയത്.

ഐ.സി.സി ടൂർണമെന്‍റുകളിലെ നോക്കൗട്ടിൽ പുറത്താകുന്ന പതിവ് ഇത്തവണയും ആവർത്തിച്ചാണ് പ്രോട്ടീസ് മടങ്ങുന്നത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ എട്ടിലും തോൽവിയറിയാതെ മുന്നേറിയ ടീമിന് സെമിയിൽ അടിപതറി. സ്കോർ: ദക്ഷിണാഫ്രിക്ക -20 ഓവറിൽ എട്ടിന് 169. ന്യൂസിലൻഡ് -12.5 ഓവറിൽ ഒന്നിന് 173. വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് രണ്ടാം സെമിയിലെ വിജയികളുമായി ഞായറാഴ്ചത്തെ ഫൈനലിൽ ന്യൂസിലൻഡ് ഏറ്റുമുട്ടും.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡിനായി ഓപണർമാർ മികച്ച തുടക്കമാണ് നൽകിയത്. പ്രോട്ടീസ് ബൗളർമാരെ തുടർച്ചയായി ബൗണ്ടറി കടത്തിയതോടെ പവർപ്ലേയിൽ 84 റൺസ് പിറന്നു. 4.1 ഓവറിലാണ് സ്കോർ 50 പിന്നിട്ടത്. 7.5 ഓവറിൽ ടീം സ്കോർ മൂന്നക്കം കടന്നു. സീഫേർട്ട് 25 പന്തിലും ഫിൻ അലൻ 19 പന്തിലും അർധ ശതകം പൂർത്തിയാക്കി. ഒന്നാം വിക്കറ്റിൽ ഒമ്പത് ഓവറിൽ 117 റൺസാണ് ഓപണർമാർ കൂട്ടിച്ചേർത്തത്.

33 പന്തിൽ 58 റൺസ് നേടിയ സീഫേർട്ടിനെ പുറത്താക്കി റബാദയാണ് ഈ കൂട്ടുകെട്ട് തകർത്തത്. പിന്നാലെ ക്രീസിലെത്തിയ രചിൻ രവീന്ദ്രയെ സാക്ഷിയാക്കി സെഞ്ച്വറി പൂർത്തിയാക്കിയ ഫിൻ അലൻ ടീമിനെ വിജയതീരമണക്കുകയും ചെയ്തു. 33 പന്തിൽ 10 ഫോറും എട്ട് സിക്സും ഉൾപ്പെടെ 100 റൺസുമായി അലൻ പുറത്താകാതെ നിന്നു. രചിൻ രവീന്ദ്ര 11 റൺസുമായി പുറത്താകാതെ നിന്നു.

Updating…



© Madhyamam