ട്വന്റി-20 ലോകകപ്പ്: 'ആത്മവിശ്വാസം നഷ്ടപ്പെട്ടു'; അഭിഷേക് ശർമയുടെ മോശം ഫോമിൽ മുന്നറിയിപ്പുമായി അനിൽ കുംബ്ലെ



മുംബൈ: 2026 ട്വന്റി-20 ലോകകപ്പിൽ മികച്ച പ്രകടനത്തോടെ ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചെങ്കിലും, ഓപ്പണർ അഭിഷേക് ശർമയുടെ മോശം ഫോം ടീം ക്യാമ്പിൽ ആശങ്കയുണർത്തുന്നു. താരത്തിന്റെ ഫോമില്ലായ്മയെക്കുറിച്ച് തുറന്നടിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസ സ്പിന്നറും മുൻ പരിശീലകനുമായ അനിൽ കുംബ്ലെ. ഇംഗ്ലണ്ടിനെതിരായ നിർണായക സെമി പോരാട്ടത്തിന് മുൻപ് താരം ഫോമിലേക്ക് തിരിച്ചെത്തേണ്ടതിന്റെ ആവശ്യകത കുംബ്ലെ ചൂണ്ടിക്കാട്ടി.

ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായി മൂന്ന് തവണ പൂജ്യത്തിന് പുറത്തായ താരം, ദക്ഷിണാഫ്രിക്കയ്ക്കും വെസ്റ്റ് ഇൻഡീസിനുമെതിരായ സൂപ്പർ 8 മത്സരങ്ങളിലും നിരാശപ്പെടുത്തിയിരുന്നു. സിംബാബ്‌വെയ്ക്കെതിരെ മാത്രമാണ് ടൂർണമെന്റിൽ താരത്തിന് ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. വിൻഡീസിനെതിരായ അവസാന മത്സരത്തിൽ 11 പന്തിൽ നിന്ന് 10 റൺസ് മാത്രമെടുത്ത അഭിഷേകിന്, തന്റെ സ്വാഭാവികമായ ആക്രമണ ശൈലി പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല.

അഭിഷേകിന്റെ സാങ്കേതിക പിഴവുകളേക്കാൾ മാനസിക സമ്മർദ്ദമാണ് വില്ലനാകുന്നതെന്നാണ് കുംബ്ലെയുടെ വിലയിരുത്തൽ. “അവന്റെ മനസ്സിൽ ഇപ്പോൾ ചെറിയ ആശയക്കുഴപ്പങ്ങളുണ്ട്. ആത്മവിശ്വാസത്തിന്റെ കുറവും പ്രകടമാണ്. മറ്റുള്ളവർ നന്നായി കളിച്ച് ആ സമ്മർദ്ദം കുറയ്ക്കണമെന്ന് അവൻ ആഗ്രഹിക്കുന്നുണ്ടാകാം. ടീം മികച്ച രീതിയിൽ മുന്നേറുന്നതിനാൽ, ഇനി ഞാനും മികച്ച സംഭാവനകൾ നൽകേണ്ടതുണ്ടെന്ന് അവന് തോന്നിയേക്കാം”- കുംബ്ലെ ഇ.എസ്.പി.എൻ ക്രിക്ക് ഇൻഫോയോട് പറഞ്ഞു.

ആദ്യ ഓവർ മുതൽ തന്നെ ഓഫ് സ്പിന്നർമാരെ ഉപയോഗിച്ച് അഭിഷേകിനെ വീഴ്ത്തുന്ന തന്ത്രമാണ് എതിർ ടീമുകൾ പയറ്റുന്നത്. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും ഇത് ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കുംബ്ലെ മുന്നറിയിപ്പ് നൽകി. “ഇംഗ്ലണ്ട് മറ്റൊരു വെല്ലുവിളിയാകും ഉയർത്തുക. അവരുടെ പക്കൽ വിൽ ജാക്സുണ്ട്. ഇംഗ്ലണ്ട് നായകൻ ഹാരി ബ്രൂക്ക് ജാക്സിനെ പവർപ്ലേയിൽ പന്തെറിയാൻ നിയോഗിച്ചേക്കാം. അവൻ നന്നായി പന്തെറിയുന്ന താരമാണ്”- കുംബ്ലെ കൂട്ടിച്ചേർത്തു.

ഇന്ത്യ തുടർച്ചയായി വിജയിക്കുന്നതുകൊണ്ടാണ് അഭിഷേകിന് നേരെ കൂടുതൽ വിമർശനങ്ങൾ ഉയരാത്തതെന്ന് മുൻ ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡു പ്ലെസിസ് അഭിപ്രായപ്പെട്ടു.”ടീം വിജയിക്കുന്നത് അവന് വലിയ ആശ്വാസമാണ്. ജയിക്കുമ്പോൾ, ഫോമിലല്ലാത്ത ഒരു താരത്തെ ടീം ഒന്നടങ്കം സംരക്ഷിക്കും. എന്നാൽ തോറ്റാൽ എല്ലാവരും അവനെതിരെ വിരൽ ചൂണ്ടും. ഇന്ന് ഇന്ത്യ തോറ്റിരുന്നെങ്കിൽ എല്ലാവരും അവനെ കുറ്റപ്പെടുത്തിയേനെ. സെമിയിൽ അവന് ശക്തമായി തിരിച്ചുവരാൻ കഴിയുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്”- ഡു പ്ലെസിസ് വ്യക്തമാക്കി. മാർച്ച് 5 വ്യാഴാഴ്ച മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനൽ പോരാട്ടം നടക്കുന്നത്.



© Madhyamam