മൂന്നു ഗോളിന് ജയിച്ചിട്ടും ബാഴ്സ പുറത്ത്; അത്‌ലറ്റികോ മഡ്രിഡ് കോപ ഡെൽ റേ ഫൈനലിൽ

ബാഴ്‌സലോണ: അത്‌ലറ്റികോ മഡ്രിഡ് കോപ ഡെൽ റേ ഫൈനലിൽ. രണ്ടാംപാദ സെമിയിൽ മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്ക് ജയിച്ചിട്ടും ചാമ്പ്യന്മാരായ ബാഴ്സലോണ പുറത്തായി.

ഒന്നാംപാദ സെമിയിലെ 4-0ത്തിന്‍റെ തോൽവിയാണ് ഹാൻസി ഫ്ലിക്കിനും സംഘത്തിനും തിരിച്ചടിയായത്. സ്വന്തം തട്ടകമായ ക്യാമ്പ് നൗവിൽ ഒരുവേള ഗംഭീര തിരിച്ചുവരവിന്‍റെ പ്രതീക്ഷകൾ നൽകിയെങ്കിലും നാല് ഗോളിന്‍റെ കടം വീട്ടാനായില്ല. ഇരുപാദങ്ങളിലുമായി 4-3 എന്ന സ്കോറിനാണ് അത്‌ലറ്റികോയുടെ ഫൈനൽ പ്രവേശനം. 2013നുശേഷം ആദ്യമായാണ് അത്‌ലറ്റികോ ടൂർണമെന്‍റിന്‍റെ ഫൈനലിലെത്തുന്നത്. റയൽ സോസിഡാഡ്-അത്‌ലറ്റികോ ബിൽബാവോ രണ്ടാം സെമി ജേതാക്കളെയാണ് ഫൈനലിൽ ഏറ്റുമുട്ടുക.

യുവതാരം മാർക് ബെർണൽ ഇരട്ടഗോളുമായി തിളങ്ങി. 29, 72 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകൾ. മറ്റൊരു ഗോൾ റാഫിഞ്ഞയുടെ (45+5, പെനാൽറ്റി) വകയായിരുന്നു. അത്‌ലറ്റികോയുടെ തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ 4-0ത്തിന് തോറ്റതോടെ, സ്വന്തം ആരാധകർക്കു മുമ്പിൽ ‘അസാധ്യമായത് സാധ്യമാക്കാൻ’ ലക്ഷ്യമിട്ടായിരുന്നു ബാഴ്സ ഇറങ്ങിയത്. തുടക്കം മുതലേ നയം വ്യക്തമായിരുന്നു. ആക്രമണ ഫുട്ബാളുമായി എതിരാളികളെ വരിഞ്ഞുമുറുക്കി. പന്തടക്കത്തിലും ഗോളിലേക്കുള്ള ഷോട്ടുകളുടെയും കണക്കെടുത്താൽ ഇത് വ്യക്തമാകും. മത്സരത്തിന്‍റെ 71 ശതമാനും പന്ത് കൈവശം വെച്ചത് ബാഴ്സ താരങ്ങളായിരുന്നു. 21 തവണയാണ് ഗോളിലേക്ക് ഷോട്ടുകൾ പായിച്ചത്, ഇതിൽ ഓൺ ടാർഗറ്റിൽ ഒമ്പതെണ്ണമുണ്ട്.

അത്‌ലറ്റികോ ഏഴു തവണ ഗോളിലേക്ക് ഷോട്ടുകൾ അടിച്ചപ്പോൾ, രണ്ടെണ്ണം മാത്രമാണ് ഓൺ ടാർഗറ്റിലുള്ളത്. പ്രതിരോധത്തിലേക്ക് വലിഞ്ഞ അത്‌ലറ്റികോ, കൗണ്ടർ അറ്റാക്കിങ്ങിലൂടെ പലപ്പോഴും ബാഴ്സയുടെ ഗോൾമുഖത്ത് വെല്ലുവിളി ഉയർത്തി. തുടക്കത്തിൽ തന്നെ ഫെർമിൻ ലോപസിന്‍റെ ഒരു ലോങ് റേഞ്ച് ബാറിനെ തൊട്ടുരുമ്മി പുറത്തേക്ക്. ഇതിനിടെ ജൂൾസ് കുണ്ടെ പരിക്കേറ്റ് പുറത്തായത് ബാഴ്സക്ക് തിരിച്ചടിയായി. അന്‍റോയിൻ ഗ്രീസ്മാന്‍റെ നീക്കം ഗോളിനടുത്തെത്തി വിഫലമായി. ഒടുവിൽ 29ാം മിനിറ്റിൽ ബാഴ്സ ലീഡെടുത്തു. യുവതാരം ലമീൻ യമാൽ ബോക്സിനുള്ളിൽ പ്രതിരോധ താരങ്ങളെ കബളിപ്പിച്ച് നൽകിയ ഒരു ഗംഭീര ക്രോസാണ് ഗോളിന് വഴിയൊരുക്കിയത്. ഈസമയം പോസ്റ്റിനു മുന്നിലുണ്ടായിരുന്ന ബെർണൽ പന്ത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

സ്പെയിൻ പ്രതിരോധ താരം പെഡ്രിയെ ബോക്സിനുള്ളിൽ മാർക് പുബില്ല് വീഴ്ത്തിയതിനാണ് ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ ബാഴ്സക്ക് അനുകൂലമായി പെനാൽറ്റി ലഭിക്കുന്നത്. കിക്കെടുത്ത റാഫിഞ്ഞ പന്ത് അനായാസം ലക്ഷ്യത്തിലെത്തിച്ചു. ജാവോ കാൻസലോയുടെ ഷോട്ട് അത്ലറ്റിക് ഗോൾകീപ്പർ മുസ്സോ തട്ടിയകറ്റി. 72ാം മിനിറ്റിൽ കാൻസലോ ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസ് ഒരു വോളിയിലൂടെ ബെർണൽ പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. അവസാന മിനിറ്റുകളിൽ ഒരു ഗോൾ കൂടി മടക്കാനുള്ള ബാഴ്സയുടെ നീക്കങ്ങളെല്ലാം അത്ലറ്റികോ പ്രതിരോധിച്ചു. ഒടുവിൽ ഇരുപാദങ്ങളിലുമായി 4-3 എന്ന സ്കോറിന് അത്ലറ്റികോ കലാശപ്പോരിന് ടിക്കറ്റെടുത്തു.



© Madhyamam