കൊച്ചിയില്‍ നടന്ന കേരള പ്രീമിയര്‍ ലീഗ് 13ാം സീസണ് പ്രഖ്യാപന ചടങ്ങില്‍ വിവിധ ക്ലബ്ബുകളുടെ ക്യാപ്റ്റന്മാര് അണിനിരന്നപ്പോള്‍
കൊച്ചി: കേരള ഫുട്ബോള്‍ അസോസിയേഷന് (കെ.എഫ്.എ) സംഘടിപ്പിക്കുന്ന കേരള പ്രീമിയര്‍ ലീഗിന്റെ (കെ.പി.എല്‍) 13ാം പതിപ്പിന് കൊടിയേറുന്നു. ഞായറാഴ്ച കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ ഗോകുലം കേരള എഫ്.സി, കാലിക്കറ്റ് എഫ്.സിയെ നേരിടും.
കേരള സൂപ്പര്‍ലീഗ് ടീമായ കാലിക്കറ്റ് എഫ്.സി, കോര്‍പറേറ്റ് എന്‍ട്രിയിലൂടെയാണ് കെ.പി.എലില്‍ അരങ്ങേറ്റം കുറിക്കുന്നത്. വൈകീട്ട് 7നാണ് കിക്കോഫ്. ഈ സീസണില്‍ സംസ്ഥാനത്തെ 14 പ്രമുഖ ക്ലബ്ബുകളാണ് കിരീടത്തിനായി മാറ്റുരക്കുന്നത്. കാലിക്കറ്റ് എഫ്.സിക്ക് പുറമേ, കെ.പി.എല്‍ രണ്ടാം ഡിവിഷനില്‍ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച ഇ.എം.ഇ.എ കോളജ്, സായ് കൊല്ലം എന്നീ ടീമുകളാണ് ലീഗിലെ മറ്റു പുതുമുഖക്കാര്‍.
കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി, ഗോള്‍ഡന്‍ ത്രെഡ്സ് എഫ്.സി, റിയല്‍ മലബാര്‍ എഫ്.സി, ഇന്റര്‍ കേരള എഫ്.സി, കെ.എസ്.ഇ.ബി, കേരള പൊലീസ്, വയനാട് യുണൈറ്റഡ് എഫ്.സി, പി.എഫ്.സി കേരള, കോവളം എഫ്സി, കേരള യുനൈറ്റഡ് എഫ്.സി എന്നിവയാണ് മറ്റു ടീമുകള്‍. കെ.പി.എല്‍ ജേതാക്കളാകുന്ന ടീമിനെ ഇന്ത്യന്‍ ഫുട്ബോള്‍ ലീഗ് മൂന്നിലേക്ക് നോമിനേറ്റ് ചെയ്യുമെന്ന് കെ.എഫ്.എ പ്രസിഡന്റ് നവാസ് മീരാന്‍, ജനറല്‍ സെക്രട്ടറി ഷാജി സി.കുര്യന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
14 ടീമുകളെ എഴ് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി (ഗ്രൂപ് എ, ബി) തിരിച്ചാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടക്കുക. ഓരോ ഗ്രൂപ്പിലെയും ആദ്യ നാല് സ്ഥാനക്കാര്‍ സൂപ്പര്‍ എട്ട് റൗണ്ടിലേക്ക് യോഗ്യത നേടും. സൂപ്പര്‍ എട്ടിലെ മികച്ച നാല് ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറും. തുടര്‍ന്ന് സെമിഫൈനല്‍, ഫൈനല്‍ പോരാട്ടങ്ങള്‍. വിവിധ ക്ലബ്ബുകള്‍ക്കായി അഞ്ഞൂറിലേറെ താരങ്ങള്‍ ബൂട്ടുകെട്ടും. ആകെ 73 മത്സരങ്ങളാണ് ഈ പതിപ്പിലുള്ളത്. കോഴിക്കോടിന് പുറമേ തൃശൂര്‍ കോര്പറേഷന് സ്റ്റേഡിയവും കെ.പി.എല്‍ മത്സരങ്ങള്‍ക്ക് വേദിയാവും. ഫള്ഡ്ലൈറ്റിന് കീഴിലായിരിക്കും ഭൂരിഭാഗം മത്സരങ്ങളും. എല്ലാ മത്സരങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യും. മുത്തൂറ്റ് എഫ്.എ ആണ് നിലവിലെ ചാമ്പ്യന്മാര്. കേരള പൊലീസ് ആണ് റണ്ണേഴ്സ് അപ്പ്. കെ.എഫ്.എ ട്രഷറര്‍ റജിനോള്‍ഡ് വര്‍ഗീസ്, എറണാകുളം ജില്ല ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി വിജു ചൂളക്കൽ എന്നിവരും പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.
